Kazakhstan Plane Crash: കസാഖ്സ്ഥാനിലെ വിമാനാപകടം; അപകടത്തിന് മുൻപും ശേഷവുമുള്ള ഞെട്ടിക്കുന്ന വീഡിയോകൾ പുറത്ത്
Kazakhstan Airplane Crash Before and After Video: അപകടത്തെ തുടർന്ന് അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ് വ്യാഴാഴ്ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.
അസ്താന: കസാഖ്സ്ഥാനിൽ ഉണ്ടായ വിമാനാപകടത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി. കഴിഞ്ഞ ദിവസമാണ് അക്തോയിൽ യാത്രാ വിമാനം തകർന്നു വീണത്. ബാക്കുവിൽ നിന്ന് ഗ്രോസ്‌നിയിലേക്ക് പോവുകയായിരുന്ന അസർബൈജാൻ എയർലൈൻസിന്റെ പാസഞ്ചർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 67 യാത്രക്കാരും അഞ്ച് ജീവനക്കാരും ഉൾപ്പടെ 72 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇപ്പോഴിതാ, അപകടത്തിന് മുൻപും ശേഷവുമുള്ള ഞെട്ടിക്കുന്ന വീഡിയോകൾ പുറത്തു വന്നിരിക്കുകയാണ്. യാത്രക്കാരിൽ ഒരാൾ പകർത്തിയ ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
വിമാനം കുത്തനെ താഴേക്ക് പോകുമ്പോൾ യാത്രക്കാരൻ ‘അല്ലാഹു അക്ബർ’ എന്ന പറയുന്നത് വീഡിയോയിൽ കേൾക്കാൻ സാധിക്കും. സീറ്റബെൽറ്റ് ധരിക്കുക എന്ന് വിമാനത്തിലെ ജീവനക്കാർ നിർദേശം നൽകുന്നതും വീഡിയോയിൽ വ്യക്തമാണ്. മഞ്ഞ നിറത്തിലുള്ള ഓക്സിജൻ മാസ്കുകൾ സീറ്റുകളിൽ തൂങ്ങി കിടക്കുന്നതും, യാത്രക്കാർ പരിഭ്രാന്തരായി നിലവിളിക്കുന്നതുമെല്ലാം പുറത്തുവന്ന വീഡിയോയിൽ ഉണ്ട്. ഇത് വിമാനം തകർന്നു വീഴുന്നതിനു തൊട്ടു മുൻപുള്ള വീഡിയോയിൽ നിന്നുള്ളതാണ്.
അപകടത്തിന് തൊട്ട് മുൻപുള്ള വീഡിയോ:
A surviving passenger from the Aktau plane crash manages to capture footage of inside the cabin pic.twitter.com/shIblEmV1d
— RT (@RT_com) December 25, 2024
അപകടം ഉണ്ടായതിന് ശേഷം യാത്രക്കാരിൽ ഒരാൾ എടുത്ത വീഡിയോയും പുറത്തു വന്നിട്ടുണ്ട്. അതിൽ, വിമാനത്തിന്റെ സീലിംഗ് പാനൽ തലകീഴായി കിടക്കുന്നതും, ആളുകൾ സഹായത്തിനായി നിലവിളിക്കുന്നതും വ്യക്തമാണ്. അതേസമയം, തകർന്ന് വീഴുന്നതിന് മുൻപ്, വിമാനം നിരവധി തവണ അക്തോ വിമാനത്താവളത്തിന് ചുറ്റും വട്ടമിട്ട് പറന്നതായും റിപ്പോർട്ടുകൾ ഉണ്ട്. കൂടാതെ, വിമാനം അടിയന്തര ലാൻഡിംഗ് ആവശ്യപ്പെട്ടിരുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ALSO READ: കസാഖ്സ്ഥാനിൽ യാത്രാവിമാനം തകർന്നു വീണു; 12 പേരെ രക്ഷപ്പെടുത്തി
അപകടത്തിന് ശേഷമുള്ള വീഡിയോ:
The final moments of the Azerbaijan Airlines plane before its crash in Kazakhstan were captured by a passenger onboard.
Aftermath also included in the footage. pic.twitter.com/nCRozjdoUY
— Clash Report (@clashreport) December 25, 2024
ചൊവാഴ്ച ഉച്ചയോടെയാണ് കസാഖ്സ്ഥാനിലെ അക്തോ വിമാനത്താവളത്തിന് സമീപം വിമാനം തകർന്നു വീഴുന്നത്. 67 യാത്രക്കാരും അഞ്ച് ജീവനക്കാരും ഉൾപ്പടെ വിമാനത്തിൽ ഉണ്ടായിരുന്ന 72 പേരിൽ 32 പേരെ രക്ഷപ്പെടുത്തിയതായി അസർബൈജാൻ അധികൃതർ അറിയിച്ചു. വിമാനം താഴേക്ക് പതിക്കുന്നതിന്റെയും, തുടർന്ന് തീ പടരുന്നതിന്റെയുമെല്ലാം ദൃശ്യങ്ങൾ നേരത്തെ പലരും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
അതേസമയം, ഗ്രോസ്‌നിയയിലെ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് വിമാനം വഴി തിരിച്ചു വിടുകയായിരുന്നു എന്ന് റഷ്യൻ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിനു പിന്നാലെയാണ് അപകടം നടന്നത്. രക്ഷാപ്രവത്തകർ ഉടൻ തന്നെ സംഭവ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. അപകടത്തെ തുടർന്ന് അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ് വ്യാഴാഴ്ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.