Japan Airlines: ജപ്പാൻ എയർലൈൻസിന് നേരെ സൈബർ ആക്രമണം; ടിക്കറ്റ് വില്‍പന നിര്‍ത്തിവെച്ചു, വിമാന സർവീസുകളെ ബാധിച്ചേക്കും
Japan Airlines Hit By Massive Cyberattack: വിമാനക്കമ്പനികളുടെ ബാഗേജ് ചെക്ക്-ഇൻ സംവിധാനത്തിലും പ്രശ്നം ഉള്ളതായി കണ്ടെത്തി. പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ജപ്പാൻ എയർലൈൻസ്.
ജപ്പാൻ എയർലൈൻസിന് നേരെ സൈബർ ആക്രമണം. വിമാന സർവീസുകളെ ഇത് ബാധിച്ചതായി എയർലൈൻസ് അധികൃതർ അറിയിച്ചു. ഇതേത്തുടർന്ന് ടിക്കറ്റ് വില്പന താത്കാലികമായി നിർത്തിവെച്ചു. വിമാനക്കമ്പനികളുടെ ബാഗേജ് ചെക്ക്-ഇൻ സംവിധാനത്തിലും പ്രശ്നം ഉള്ളതായി കണ്ടെത്തി. പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ജപ്പാൻ എയർലൈൻസ്.
ജപ്പാൻ എയർലൈൻസ് ആദ്യം എക്‌സിൽ പങ്കുവെച്ച കുറിപ്പ്:
【ネットワーク機器不具合に関するお知らせ】
本日、7時24分から社内外を繋ぐネットワーク機器でシステム不具合が発生しております。国内線、国際線ともに運航への影響も想定されます。状況の確認が取れ次第、次回の案内にてお知らせいたします。ご迷惑をおかけしておりますことをお詫び申し上げます。— JAL 運航情報【公式】 (@JAL_flight_info) December 26, 2024
വ്യാഴാഴ്ച രാവിലെയോടെയാണ് സംഭവം. രാവിലെ 7:24 (പ്രാദേശിക സമയം) മുതൽ ഒരു സിസ്റ്റം തകരാർ റിപ്പോർട്ട് ചെയ്തതായും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതായും ജപ്പാൻ എയർലൈൻസ് എക്‌സിലൂടെ അറിയിച്ചു. “ഇന്ന് രാവിലെ 7:24 മുതൽ കമ്പനിയെയും ഉപഭോക്താക്കളെയും ബന്ധിപ്പിക്കുന്ന നെറ്റ്‌വർക്ക് ഉപകരണങ്ങളിൽ ഒരു സിസ്റ്റം തകരാർ ഉണ്ടായിരിക്കുന്നു. ഇത് ആഭ്യന്തര, അന്തർദേശീയ ഫ്ലൈറ്റുകളെ ബാധിക്കുമെന്നാണ് കരുതുന്നത്. എന്തെങ്കിലും അസൗകര്യമുണ്ടായെങ്കിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു.” കുറിപ്പിൽ പറയുന്നു.
ALSO READ: കസാഖ്സ്ഥാനിലെ വിമാനാപകടം; അപകടത്തിന് മുൻപും ശേഷവുമുള്ള ഞെട്ടിക്കുന്ന വീഡിയോകൾ പുറത്ത്
തുടർന്ന്, ഏകദേശം അരമണിക്കൂറിനുശേഷം ജപ്പാൻ എയർലൈൻസ് വീണ്ടും ഒരു അപ്ഡേറ്റ് പോസ്റ്റ് ചെയ്തു. പ്രശ്നത്തിന്റെ കാരണം തിരിച്ചറിഞ്ഞ് നടപടി എടുത്തെന്നും, സിസ്റ്റത്തിന്റെ തകരാറിന് കാരണമായ റൂട്ടർ താൽക്കാലികമായി അടച്ചുപൂട്ടിയതായും എയർലൈൻസ് അറിയിച്ചു. കൂടാതെ, ഇന്ന് പുറപ്പെടുന്ന ആഭ്യന്തര, അന്തർദ്ദേശീയ വിമാനങ്ങളുടെ ടിക്കറ്റ് വിൽപ്പന നിർത്തിവച്ചതായും എയർലൈൻസ് വ്യക്തമാക്കി.
“രാവിലെ 8:56 ന് ഞങ്ങൾ പ്രശ്‌നത്തിൻ്റെ കാരണം കണ്ടെത്തി നടപടിയെടുത്തു. ഞങ്ങൾ നിലവിൽ സിസ്റ്റം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്. കൂടാതെ, ഇന്ന് പുറപ്പെടുന്ന ആഭ്യന്തര, അന്തർദേശീയ ഫ്ലൈറ്റുകളുടെ വിൽപ്പന താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. എന്തെങ്കിലും അസൗകര്യമുണ്ടായതിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു.” എയർലൈൻസ് പുതിയ ട്വീറ്റിൽ വ്യക്തമാക്കി.
ജപ്പാൻ എയർലൈൻസ് രണ്ടാമത് പങ്കുവെച്ച കുറിപ്പ്;
【ネットワーク機器不具合に関するお知らせ 10:00現在】
8:56に障害の原因となっている要因を特定し、対処いたしました。現在システムの復旧状況を確認中です。また本日出発する国内線、国際線ともに販売を停止しております。ご迷惑をおかけしておりますことをお詫び申し上げます。— JAL 運航情報【公式】 (@JAL_flight_info) December 26, 2024
അതേസമയം, ജപ്പാൻ എയർലൈൻസ് സ്ഥാപിതമായത് 1951 ഓഗസ്റ്റ് 1-നാണ്. ആദ്യം ഒരു സ്വകാര്യ കമ്പനിയായാണ് പ്രവർത്തനം ആരംഭിച്ചതെങ്കിലും പിന്നീട് ഒരു സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായി ജപ്പാൻ എയർലൈൻസ് മാറി. എന്നാൽ, 1987-ൽ ഇത് വീണ്ടും പൂർണമായും സ്വകാര്യവൽക്കരിക്കപ്പെട്ടു. ടോക്കിയോയിലെ നരിറ്റ, ഹനേഡ വിമാനത്താവളങ്ങളിലും ഒസാക്കയിലെ കൻസായി, ഇറ്റാമി വിമാനത്താവളങ്ങളിലുമാണ് ജപ്പാൻ എയർലൈൻസിന്റെ പ്രധാന കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത്.
ഓൾ നിപ്പോൺ എയർവേയ്‌സിന് (ANA) ശേഷം രാജ്യത്തെ രണ്ടാമത്തെ വലിയ എയർലൈൻസ് ആണ് ജപ്പാൻ എയർലൈൻസ്. ഇതാദ്യമായല്ല ജപ്പാനിൽ സൈബർ ആക്രമണം ഉണ്ടാകുന്നത്. ഇതിന് മുൻപും ജപ്പാൻ സൈബർ ആക്രമണം നേരിട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണിൽ ജപ്പാനിലെ പ്രശസ്തമായ വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ നിക്കോണിക്കോയ്ക്ക് നേരെ സൈബർ ആക്രമണം ഉണ്ടായി. ആക്രമണത്തെത്തുടർന്ന് പ്ലാറ്റഫോം സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്‌ക്കേണ്ടി വന്നിരുന്നു. കൂടാതെ, 2022 ൽ ടൊയോട്ട കമ്പനിക്ക് നേരെയും ഒരു സൈബർ ആക്രമണം നടന്നിരുന്നു.