Israeli–Palestinian conflict: സ്റ്റാര്‍ബക്ക്‌സ് ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഗസയിലെ വംശഹത്യ കാണാം; പ്രതിഷേധം കനക്കുന്നു
Starbucks QR Code Protest in New York Over Gaza: പലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ബോയ്‌ക്കോട്ട് നേരിടുന്ന ബ്രാന്‍ഡുകളാണ് സ്റ്റാര്‍ബക്ക്‌സും മക്ഡൊണാള്‍ഡുമൊക്കെ. ഇത് വംശഹത്യ അവസാനിപ്പിക്കാനുള്ള സീസണ്‍ എന്ന അടിക്കുറിപ്പോടെ ന്യൂജേഴ്‌സി പലസ്തീന്‍ ആക്ഷന്‍ ചാനല്‍ എന്ന ഇന്‍സ്റ്റഗ്രാം പേജ് വഴിയാണ് പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിരിക്കുന്നത്.
ന്യൂയോര്‍ക്ക്: ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷങ്ങളില്‍ മുഴുകിയിരിക്കുന്ന വേളയിലും ഗസയിലെ ജനങ്ങള്‍ക്കായി പോരാട്ടം തുടര്‍ന്ന് ന്യൂയോര്‍ക്കിലെ പ്രതിഷേധക്കാര്‍. വേറിട്ടൊരു പ്രതിഷേധമാണ് അവിടെ സംഘടിപ്പിക്കപ്പെട്ടത്. ന്യൂയോര്‍ക്കിന്റെ വിവിധ മേഖലകളിലുള്ള പ്രമുഖ ബ്രാന്‍ഡുകളായ സ്റ്റാര്‍ബക്ക്‌സ്, മക്ഡൊണാള്‍ഡ് എന്നിവയുടെ പേരിലുള്ള ക്യൂ ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ ഗസയിലെ വംശഹത്യയുടെ ചിത്രങ്ങള്‍ കാണിച്ചുകൊണ്ടാണ് പ്രതിഷേധിച്ചത്. ബോയ്‌ക്കോട്ട് ഡൈവെസ്റ്റ്‌മെന്റ് ആന്‍ഡ് സാങ്ഷന്‍സ് എന്ന സംഘടനയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്.
ഈ കമ്പനികളിലെ ഓഫറുകള്‍ ലഭിക്കണമെങ്കില്‍ ഈ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യൂവെന്നാണ് വിവിധ മേഖലകളില്‍ പതിച്ചിരിക്കുന്ന പോസ്റ്ററുകളില്‍ പ്രതിഷേധക്കാര്‍ എഴുതിയിരിക്കുന്നത്. ഈ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നവരുടെ മുന്നിലേക്കെത്തുന്നത് ഗസയില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതിന്റെ ദൃശ്യങ്ങളാണ്.
പലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ബോയ്‌ക്കോട്ട് നേരിടുന്ന ബ്രാന്‍ഡുകളാണ് സ്റ്റാര്‍ബക്ക്‌സും മക്ഡൊണാള്‍ഡുമൊക്കെ. ഇത് വംശഹത്യ അവസാനിപ്പിക്കാനുള്ള സീസണ്‍ എന്ന അടിക്കുറിപ്പോടെ ന്യൂജേഴ്‌സി പലസ്തീന്‍ ആക്ഷന്‍ ചാനല്‍ എന്ന ഇന്‍സ്റ്റഗ്രാം പേജ് വഴിയാണ് പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിരിക്കുന്നത്.
വിവിധയിടങ്ങളില്‍ പതിച്ചിട്ടുള്ള പോസ്റ്ററുകള്‍ക്ക് വലിയ രീതിയിലുള്ള ജനപ്രീതി ലഭിച്ചതോടെ അവ സ്പാനിഷിലേക്കും വിവര്‍ത്തനം ചെയ്തിരിക്കുകയാണ്. മാത്രമല്ല, ജര്‍മന്‍, ഫ്രഞ്ച് തുടങ്ങി നിരവധി ഭാഷകളിലേക്കും പോസ്റ്റര്‍ വിവര്‍ത്തനം ചെയ്യുന്നതിനായി ആളുകളില്‍ നിന്ന് സംഭാവനകള്‍ ലഭിച്ചതായാണ് സംഘാടകര്‍ പറയുന്നത്.
Also Read: Kazakhstan Plane Crash: കസാഖ്സ്ഥാനിൽ യാത്രാവിമാനം തകർന്നു വീണു; 12 പേരെ രക്ഷപ്പെടുത്തി
ന്യൂയോര്‍ക്കിനെ കൂടാതെ സ്‌പെയിന്‍, ഫ്രാന്‍സ്, ജര്‍മനി, കാനഡ, ന്യൂസിലാന്‍ഡ് തുടങ്ങി രാജ്യങ്ങളിലും യുഎസില്‍ തന്നെ കാലിഫോര്‍ണിയ, പെന്‍സില്‍വാനിയ, ഇല്ലിനോയിസ്, ഫ്‌ളോറിഡ തുടങ്ങിയ സംസ്ഥാനങ്ങളിലും പോസ്റ്റര്‍ പതിപ്പിച്ചിട്ടുണ്ടെന്ന് ബായ്‌ക്കോട്ട് ഡൈവെസ്റ്റ്‌മെന്റ് ആന്‍ഡ് സാങ്ഷന്‍സ് സംഘടനാ പ്രതിനിധികള്‍ പ്രതികരിച്ചു.
ഇസ്രായേലിന്റെ അധിനിവേശവും ആക്രമണവും അഹിംസയിലൂടെ അവസാനിപ്പിക്കുന്നതായും സ്വാതന്ത്ര്യത്തിനും നീതിക്കും സമത്വത്തിനും വേണ്ടിയും പ്രവര്‍ത്തിക്കുന്ന സംഘടനാണ് ബി ഡി എസ് അഥവാ ബോയ്‌ക്കോട്ട് ഡൈവെസ്റ്റ്‌മെന്റ് ആന്‍ഡ് സാങ്ഷന്‍സ്.
ഗസയില്‍ ആക്രമണം നടത്തുന്നതിന് ഇസ്രായേലിനെ സഹായിക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് ഒരു വര്‍ഷത്തോളമായി സ്റ്റാര്‍ബക്ക്‌സ്, മക്ഡൊണാള്‍ഡ് എന്നീ കമ്പനികള്‍ ബോയ്‌ക്കോട് നേരിടുന്നുണ്ട്. ഈ രണ്ട് കമ്പനികളെ കൂടാതെ സാറയ്‌ക്കെതിരെയും ബോയ്‌ക്കോട്ട് ഉണ്ട്. കൈകാലുകള്‍ നഷ്ടപ്പെട്ട മാനെക്വിനുകളും വെളുത്ത ആവരണത്തില്‍ പൊതിഞ്ഞ പ്രതിമകളും പരസ്യത്തില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് സാറയ്‌ക്കെതിരെ ബോയ്‌ക്കോട്ട് നിലനില്‍ക്കുന്നത്.