Iran Ballistic Missile Attack: ഇസ്രായേലിന് നേരെ മിസൈല്‍ തൊടുത്ത് ഇറാന്‍; 250ലധികം മിസൈലുകള്‍ വര്‍ഷിച്ചതായി റിപ്പോര്‍ട്ട്
Iran Attacks Israel: തങ്ങളുടെ ജനങ്ങളെ ബോംബ് ഷെല്‍ട്ടറുകളിലേക്ക് മാറ്റിയതായി എക്‌സ് പോസ്റ്റിലൂടെ ഐഡിഎഫ് അറിയിച്ചു.മുന്നറിയിപ്പിന്റെ ഭാഗമായി ഇസ്രായേലില്‍ സൈറണുകള്‍ മുഴങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ടെല്‍ അവീവ്: ഇസ്രായേലിലേക്ക് മിസൈല്‍ തൊടുത്ത് ഇറാന്‍ (Iran Ballistic Missile Attack). ഇസ്രായേലിലേക്ക് ഇറാന്റെ മിസൈല്‍ ആക്രമണം ഉണ്ടായതായി ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് സ്ഥിരീകരിച്ചു. തങ്ങളുടെ ജനങ്ങളെ ബോംബ് ഷെല്‍ട്ടറുകളിലേക്ക് മാറ്റിയതായി എക്‌സ് പോസ്റ്റിലൂടെ ഐഡിഎഫ് അറിയിച്ചു. മുന്നറിയിപ്പിന്റെ ഭാഗമായി ഇസ്രായേലില്‍ സൈറണുകള്‍ മുഴങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഇറാന്‍ ഇസ്രായേലിലേക്ക് മിസൈലുകള്‍ വിക്ഷേപിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഐഡിഎഫ് അറിയിച്ചു. ഹോം ഫ്രണ്ട് കമാന്‍ഡര്‍മാര്‍ ചില പ്രദേശങ്ങളിലുള്ള ആളുകളുടെ മൊബൈല്‍ ഫോണിലേക്ക് നിര്‍ദേശങ്ങള്‍ അയച്ചിരുന്നു. സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറേണ്ടതിനെ കുറിച്ചാണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തൊട്ടടുത്തായുള്ള ഏറ്റവും സുരക്ഷിതമായ ഇടത്തേക്ക് എല്ലാവരും മാറണം. സൈറണ്‍ കേള്‍ക്കുമ്പോള്‍ സുരക്ഷിതമായ ഇടത്തേക്ക് എത്തി മറ്റ് നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കണമെന്നും ഐഡിഎഫ് പറയുന്നു.
രാജ്യത്തെ എയര്‍ ഡിഫന്‍സ് സിസ്റ്റം പൂര്‍ണമായും പ്രവര്‍ത്തന ക്ഷമമാണ്. സുരക്ഷ ഭീഷണിയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി പരിഹാരം കാണുന്നു. എന്നിരുന്നാലും ഹോം ഫ്രണ്ട് കമാന്‍ഡിന്റെ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടത് വളരെ അനിവാര്യമാണ്. പലയിടങ്ങളിലും നിന്നും സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടേക്കാം.
All Israeli civilians are in bomb shelters as rockets from Iran are fired at Israel. pic.twitter.com/bKXPdqMsBr
— Israel Defense Forces (@IDF) October 1, 2024
പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ കാരണം സൈറണുകളുടെ പ്രവര്‍ത്തനം നിലച്ചേക്കാം. എന്നാലും ഹോം ഫ്രണ്ട് കമാന്‍ഡിന്റെയും ഐഡിഎഫ് വക്താക്കളുടെയും ഔദ്യോഗിക പേജുകള്‍ വഴി നിങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ ലഭിക്കുന്നതാണ്. ആരും പരിഭ്രാന്തരാകരുത്. സംയമനത്തോടെ കാര്യങ്ങളെ നേരിടുക. എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും നിങ്ങള്‍ക്ക് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ നമ്മള്‍ ശക്തരാണ്.
The footage shows Iran’s missile attack against hostile enemy, sky of Tabriz pic.twitter.com/vYlco3QKQf
— IRNA News Agency (@IrnaEnglish) October 1, 2024
ഇസ്രായേലികളെ സംരക്ഷിക്കാന്‍ ആവശ്യമായതെല്ലാം ഐഡിഎഫ് ചെയ്യുന്നുണ്ട്. ഏതുതരത്തിലുള്ള ആക്രമണത്തെയും പ്രതിരോധിക്കാന്‍ ഐഡിഎഫ് പൂര്‍ണസജ്ജമാണെന്ന് ഐഡിഎഫ് വക്താവ് രാജ്യത്തെ ജനങ്ങളോടായി പറഞ്ഞു.
അതേസമയം, ഇസ്രായേലിലെ ഒരു കോടിയോളം വരുന്ന ജനങ്ങളെ ലക്ഷ്യമിട്ടാണ് ഇറാന്‍ ആക്രമണം നടത്തുന്നതെന്നാണ് ഐഡിഎഫ് പറയുന്നത്. ഇതിനോടകം 400ലധികം മിസൈലുകള്‍ ഇറാന്‍ ഇസ്രായേലിലേക്ക് അയച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഈ മിസൈലുകള്‍ എവിടെയങ്കിലും പതിച്ചോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
അതേസമയം, ഇസ്രായേലിനെതിരെ ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിക്കുമെന്ന് അമേരിക്ക നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കടുത്ത പ്രത്യാഘാതങ്ങളായിരിക്കും ഇത് സൃഷ്ടിക്കുകയെന്നും അമേരിക്ക വ്യക്തമാക്കി. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ലെബനനില്‍ കരയാക്രമണം തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ തിരിച്ചടി. ഇറാന്റെ ആക്രമണത്തെ പ്രതിരോധിക്കാന്‍ ഇസ്രായേലിന് അമേരിക്ക പിന്തുണ നല്‍കുമെന്നാണ് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, ഇസ്രായേലിലുള്ള ഇന്ത്യക്കാരോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ എംബസി നിര്‍ദേശിച്ചിട്ടുണ്ട്. അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണമെന്നും എംബിസി മുന്നറിയിപ്പ് നല്‍കുന്നു.