5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Germany Chritmas Market Attack : ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റിയുണ്ടായ അപകടം; പരിക്കേറ്റവരിൽ ഇന്ത്യക്കാരും

Germany Christmas Market Attack Seven Indians Injured : ജർമ്മനിയിലെ ക്രിസ്മസ് മാർക്കറ്റ് ആക്രമണത്തിൽ പരിക്കേറ്റവരിൽ ഏഴ് ഇന്ത്യക്കാരും. ഇവരെ ബന്ധപ്പെട്ട് ആവശ്യമായ സഹായം ചെയ്യാനാണ് ശ്രമം എന്ന് വിദേശകാര്യ മന്ത്രാലയം വാർത്താകുറിപ്പിലൂടെ അറിയിച്ചു.

Germany Chritmas Market Attack : ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റിയുണ്ടായ അപകടം; പരിക്കേറ്റവരിൽ ഇന്ത്യക്കാരും
ജർമ്മനി ക്രിസ്മസ് മാർക്കറ്റ് ആക്രമണം
abdul-basith
Abdul Basith | Published: 22 Dec 2024 06:41 AM

ജർമനിയിൽ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റിയുണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ ഇന്ത്യക്കാരും. ഏഴ് ഇന്ത്യക്കാർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെ മൂന്ന് പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. ഇവർക്ക് ബെർലിനിലെ മാഗ്ഡെബർഗിലുള്ള ഇന്ത്യൻ എംബസി എല്ലാവിധ സഹായങ്ങളും ഒരുക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തെ ഇന്ത്യ അപലപിക്കുന്നു എന്ന് വാർത്താകുറിപ്പിലൂടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ‘മാഗ്ഡെബർഗിലെ ക്രിസ്മസ് മാർക്കറ്റിൽ നിന്ന് അത്യന്തം ഭീകരവും അവിവേകവുമായ ആക്രമണമാണ്. നിരവധി ജീവനുകൾ നഷ്ടപ്പെടുകയും ഒരുപാട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇരകൾക്കായി പ്രാർത്ഥിക്കുന്നു. പരിക്കേറ്റ ഇന്ത്യക്കാരെയും കുടുംബത്തിനെയും ബന്ധപ്പെട്ട് അവർക്ക് വേണ്ട സഹായം ചെയ്യാനാണ് ശ്രമം.’- വിദേശകാര്യ മന്ത്രാലയം വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

ഈ മാസം 20നാണ് അപകടമുണ്ടായത്. ജർമ്മനിയിലെ കിഴക്കൻ നഗരമായ മാഗ്ഡെബർഗിലെ തിരക്കേറിയ ക്രിസ്മസ് മാർക്കറ്റിലേക്കാണ് ഒരാൾ കാറിടിച്ചുകയറ്റിയത്. സംഭവത്തിൽ ഒരു കുട്ടി ഉൾപ്പെടെ രണ്ട് പേർ മരിക്കുകയും ഇരുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ 41 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

Also Read : Germany Christmas Market Attack: ജർമനിയിൽ മാർക്കറ്റിലേക്ക് കാർ പാഞ്ഞുകയറി; രണ്ട് മരണം നിരവധി പേർക്ക് പരിക്ക്‌

വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം ഏഴ് മണിയോടെയായിരുന്നു അപകടം. ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയ കാർ ആളുകളെ ഇടിച്ചുതെറിപ്പിച്ച് 400 മീറ്ററോളം സഞ്ചരിച്ചു. കാർ ഓടിച്ചിരുന്ന 50 വയസുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാൾ അപകടസമയത്ത് ലഹരി ഉപയോഗിച്ചിരുന്നു എന്ന് പോലീസ് അറിയിച്ചിരുന്നു. 2006 മുതൽ ജർമ്മനിയിൽ താമസിക്കുന്ന ഇയാൾ ഡോക്ടറാണെന്നും അധികൃതർ വ്യക്തമാക്കി. ജർമ്മൻ മാധ്യമങ്ങളുടെ റിപ്പോർട്ടനുസരിച്ച് താലിബ് എന്നാണ് ഇയാളുടെ പേര്. സൗദി പൗരനാണെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇത് രണ്ടും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. അപകടത്തിന് പിന്നാലെ ജർമൻ ചാൻസലർ ഒലാഫ് ഷോൾസും ആഭ്യന്തര മന്ത്രി നാൻസി ഫെസറും ശനിയാഴ്ച മാഗ്ഡെബർഗ് സഞ്ചരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

ആസൂത്രിതമായ ആക്രമണം ആവാമെന്നും കാറിൽ സ്ഫോടകവസ്തുക്കൾ ഉണ്ടാവാമെന്നുമുള്ള കണക്കുകൂട്ടലാണ് നേരത്തെ ഉണ്ടായിരുന്നത്. അതിനാൽ, പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ച ശേഷം കാറിൽ പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ, സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. എങ്കിലും, ഇപ്പോഴും ആസൂത്രിത ആക്രമണ സാധ്യത പോലീസ് തള്ളിക്കളഞ്ഞിട്ടില്ല. പ്രതി താമസിക്കുന്ന ബേണ്‍ബര്‍ഗ് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നാണ് ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇയാൾ കടുത്ത ഇസ്ലാം വിരോധിയാണെന്നും ജർമ്മനിയുടെ കുടിയേറ്റ നയങ്ങളെ എതിർക്കുന്നയാളാണ് എന്നും വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തിരുന്നു. പ്രതി ഇസ്ലാം വിരുദ്ധനാണെന്ന് മന്ത്രി നാൻസി ഫ്രേസറും വ്യക്തമാക്കി. സൗദിയിൽ നിന്ന് നാടുകടക്കാൻ സ്ത്രീകളെ സഹായിക്കുമായിരുന്ന ഇയാൾ സൗദി നിരീശ്വരവാദിയായാണ് സ്വയം പരിചയപ്പെടുത്തിയിരുന്നത്. ഇസ്ലാമിനെ അതിരൂക്ഷമായി വിമർശിച്ചിരുന്ന ഇയാൾ മറ്റ് മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരോടുള്ള ജർമ്മനിയുടെ നയത്തിനെയും വിമർശിച്ചിരുന്നു. ഇതാവാം ആക്രമണകാരണമെന്ന സംശയമുണ്ടെന്നും നാൻസി ഫ്രേസർ പറഞ്ഞിരുന്നു.

Latest News