Pager Attack: വർഷങ്ങൾക്ക് മുമ്പേ നടത്തിയ ആസൂത്രണം, പേജർ സ്ഫോടനത്തിന്റെ കൂടുതൽ വെളിപ്പെടുത്തലുമായി മൊസാദ് ചാരന്മാർ
Retired Mossad agents reveal details of Lebanon pager attacks: സ്ഫോടകവസ്തു നിറയ്ക്കാൻ മാത്രമുള്ള പേജറുകൾ നിർമ്മിക്കുകയായിരുന്നു അടുത്ത വെല്ലുവിളി. 2022 മുതൽ ഇതിന്റെ പ്രാരംഭ നടപടികൾ മൊസാദ് ആരംഭിച്ചു. ഗോൾഡ് അപ്പോളോ പേജറുകൾ മിനുസമാർന്നതും തിളക്കമുള്ളതും പോക്കറ്റിൽ ഒതുങ്ങുന്നവയും ആയിരുന്നു.
വാഷിംഗ്ടൺ: ഹിസ്ബുള്ള അംഗങ്ങളെ ലക്ഷ്യം വച്ചുള്ള ഇസ്രായേലിന്റെ പേജർ (pager) ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂന്ന് മാസം മുമ്പാണ് ലെബനനിലെയും സിറിയയിലെയും ഹിസ്ബുള്ള അംഗങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ പേജർ, വോക്കിടോക്കി ആക്രമണങ്ങൾ നടത്തിയത്. ആക്രമണത്തിൽ നൂറുകണക്കിന് ഹിസ്ബുള്ള അംഗങ്ങൾ കൊല്ലപ്പെടുകയും മൂവായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിൽ നിന്ന് അടുത്തിടെ വിരമിച്ച മൈക്കൽ, ഗബ്രിയേൽ എന്നീ ഉദ്യോഗസ്ഥരാണ് സി.ബി.എസ്. ചാനലിനോട് പേജർ ആക്രമണത്തിന്റെ വിശദവിവരങ്ങൾ വെളിപ്പെടുത്തിയത്. സെപ്തംബർ 17, 18 തീയതികളിലാണ് ഹിസ്ബുള്ളക്ക് നേരെയുള്ള പേജർ ആക്രമണം നടന്നത്. ഹിസ്ബുള്ളയുടെ പേജറുകളിൽ ഇസ്രായേലിൻ്റെ മൊസാദ് രഹസ്യാന്വേഷണ ഏജൻസി മാസങ്ങൾക്ക് മുമ്പേ സ്ഫോടക വസ്തുകൾ നിറയ്ക്കുകയായിരുന്നെന്ന് മുൻ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പേജർ ആക്രമണത്തിന് അനുമതി നൽകിയിരുന്നു. പേജറുകളിലും വോക്കിടോക്കികളിലും സ്ഫോടക വസ്തുവെക്കുന്നതിനുള്ള ആസൂത്രണം ഇസ്രായേൽ 10 വർഷം മുമ്പേ ആരംഭിച്ചിരുന്നു. ഹിസ്ബുള്ള തയ്‌വാൻ ആസ്ഥാനമായുള്ള ഗോൾഡ് അപ്പോളോയിൽ കമ്പനിയിൽ നിന്നാണ് പേജറുകൾ വാങ്ങുന്നതെന്ന് ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് കണ്ടെത്തി.
തായ്വാൻ കമ്പനിയായ ഗോൾഡ് അപ്പോളോയിൽ ( Gold Apollo pagers) നിന്ന് ഹിസ്ബുള്ള ഉപയോഗിക്കുന്ന പേജറുകൾക്ക് സമാനമായി ഉള്ളത് വികസിപ്പിച്ചെടുക്കാനായി ഹംഗറി ആസ്ഥാനമായ നിഴൽ കമ്പനിയുണ്ടാക്കുകയാണ് ആദ്യം ചെയ്തത്. മെസാദിൽ നിന്നാണ് പേജറുകൾ വാങ്ങിയതെന്ന് തിരിച്ചറിയാതിരിക്കാനുള്ള വ്യാജ ലോകവും തന്നെ സൃഷ്ടിച്ചു. ബിസിനസുകാരൻ, മാർക്കറ്റിംഗ്, എൻജിനീയർമാർ, ഷോറൂം എന്നിവരുൾപ്പെടെ എല്ലാവരും മൊസാദിന്റെ നിയന്ത്രണത്തിലായിരുന്നു.
സ്ഫോടകവസ്തു നിറയ്ക്കാൻ മാത്രമുള്ള പേജറുകൾ നിർമ്മിക്കുകയായിരുന്നു അടുത്ത വെല്ലുവിളി. 2022 മുതൽ ഇതിന്റെ പ്രാരംഭ നടപടികൾ മൊസാദ് ആരംഭിച്ചു. ഗോൾഡ് അപ്പോളോ പേജറുകൾ മിനുസമാർന്നതും തിളക്കമുള്ളതും പോക്കറ്റിൽ ഒതുങ്ങുന്നവയും ആയിരുന്നു. ഈ പേജറുകളിൽ പല അളവിൽ സ്ഫോടകവസ്തുകൾ വച്ച് പലതവണ പരീക്ഷിച്ചു. പേജറുകളിൽ ഒരാളെ കൊല്ലുന്ന അളവിലാണ് സ്ഫോടക വസ്തുകൾ നിറച്ചിരുന്നുത്. വാക്കി ടോക്കികളിലും പേജറുകളിലും പല റിംഗ്ടോണുകൾ പരീക്ഷിച്ചു. എമർജൻസി എന്ന് തോന്നുന്ന റിംഗ്ടോൺ ആണ് പിന്നീട് തിരഞ്ഞെടുത്തത്.
ഹിസ്ബുള്ളയെ പുതിയ പേജറുകൾ വാങ്ങാൻ പ്രേരിപ്പിക്കാൻ പരസ്യംചെയ്തു. യുട്യൂബിലൂടെയായിരുന്നു രണ്ടാഴ്ചയോളം നീണ്ടുനിന്ന പരസ്യം ചെയ്യൽ. പൊടിയും വെള്ളവും കയറാത്ത ദീർഘനാൾ നിലനിൽക്കുന്ന ബാറ്ററിയുള്ള പേജർ എന്നുപറഞ്ഞായിരുന്നു പരസ്യം. ഇത്തരത്തിൽ 2024 സെപ്തംബർ ആയപ്പോഴേക്കും ഹിസ്ബുള്ളയുടെ പക്കൽ ഇത്തരത്തിലുള്ള 5,000 പേജറുകൾ ഉണ്ടായിരുന്നെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
എന്താണ് പേജർ ആക്രമണം
ശബ്ദ സന്ദേശങ്ങൾ സ്വീകരിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്ത വയർലെെസ് ആശയവിനിമയ ഉപകരണമാണ് പേജർ. ബീപ്പർ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. 1980 കളിലാണ് ലോകം പേജറുകളിലേക്ക് തിരിഞ്ഞതെങ്കിലും ഇന്നും ചില മെഡിക്കൽ സംഘങ്ങൾ പേജറുകൾ ഉപയോഗിക്കുന്നുണ്ട്. സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താതിരിക്കാൻ ഹിസ്ബുള്ള ആശയവിനിമയത്തിനായി പേജറുകൾ ഉപയോഗിക്കുന്നുണ്ട്.