Elon Musk: ട്രംപിന്റേയല്ല ഇത് മസ്‌കിന്റെ വിജയം; ആസ്തിയില്‍ വന്‍ കുതിപ്പ്
Elon Musk's Net Worth: ട്രംപ് പ്രസിഡന്റാകുന്നതോടെ ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ ലാഭം കൊയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ട്രംപിന് നല്‍കിയ പിന്തുണ കാരണമാണ് ഇങ്ങനെയൊരു വളര്‍ച്ച കൈവരിക്കാന്‍ മസ്‌കിന് സാധിച്ചത്. കൂടാതെ ഇലക്ട്രിക് വാഹനങ്ങളുടെ വരവ് മന്ദഗതിയിലാക്കാനുള്ള തന്റെ തീരുമാനം പുനഃപരിശോധിക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നു.
വാഷിങ്ടണ്‍: എല്ലാ പ്രവചനങ്ങളെയും പ്രതീക്ഷകളെയും അട്ടിമറിച്ചുകൊണ്ടാണ് അമേരിക്കയുടെ 47ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ആ വിജയം ട്രംപിന്റേത് മാത്രമായിരുന്നില്ല. ട്രംപിനൊപ്പം ജയിച്ചത് ശതകോടീശ്വരനായ ഇലോണ്‍ മസ്‌കാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നാള്‍ മുതല്‍ ട്രംപിനായി കൈമെയ് മറന്ന് പണിയെടുത്തവരില്‍ ഒരാള്‍ തന്നെയാണ് മസ്‌ക്. ഇപ്പോഴിതാ ട്രംപിന്റെ വിജയത്തിന് പിന്നാലെ മസ്‌കിന്റെ ആസ്തിയില്‍ വന്‍ കുതിച്ചുച്ചാട്ടമുണ്ടാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇലോണ്‍ മസ്‌കിന്റെ ആസ്തി 300 ബില്യണ്‍ ഡോളര്‍ കവിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയാണ് മൂല്യം വര്‍ധിപ്പിക്കുന്നതിന് ഏറ്റവും കൂടുതല്‍ സഹായിച്ചത്. ഫോര്‍ബ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം മസ്‌കിന്റെ ആകെ ആസ്തി 300 ബില്യണ്‍ ഡോളറെത്തിയെന്നാണ് സൂചിപ്പിക്കുന്നത്.
ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് 300 ബില്യണ്‍ ഡോളറിലധികം സമ്പത്തുള്ള ഏകവ്യക്തിയാണ് മസ്‌ക്. അവസാനമായി മസ്‌കിന്റെ ആസ്തി 300 ബില്യണ്‍ ഡോളര്‍ കവിഞ്ഞത് 2022 ജനുവരിയിലാണ്. 2021ല്‍ ആകെ ആസ്തി 340.4 ബില്യണ്‍ ഡോളറായിരുന്നു ആകെ ആസ്തി.
ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അനുസരിച്ചത് ടെസ്ലയുടെ ഓഹരികള്‍ 8.2 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. ഇതോടെ കമ്പനിയുടെ ആസ്തി 321.22 ഡോളറിലേക്ക് വളര്‍ന്നു. രണ്ട് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ടെസ്ലയുടെ മൂല്യം ഒരു ട്രില്യണ്‍ ഡോളറിന് മുകളിലേക്ക് വളരുന്നത്. കൂടാതെ കമ്പനിയുടെ സ്റ്റോക്ക് 29 ശതമാനം നേട്ടമുണ്ടാക്കിയതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ട്രംപ് പ്രസിഡന്റാകുന്നതോടെ ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ ലാഭം കൊയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ട്രംപിന് നല്‍കിയ പിന്തുണ കാരണമാണ് ഇങ്ങനെയൊരു വളര്‍ച്ച കൈവരിക്കാന്‍ മസ്‌കിന് സാധിച്ചത്. കൂടാതെ ഇലക്ട്രിക് വാഹനങ്ങളുടെ വരവ് മന്ദഗതിയിലാക്കാനുള്ള തന്റെ തീരുമാനം പുനഃപരിശോധിക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നു. ഇത് മസ്‌കിന് ഗുണം ചെയ്യും. മാത്രമല്ല, മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ ചൊവ്വ ദൗത്യത്തിനും ട്രംപ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, വീണ്ടും തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ മസ്‌കിനെ തീര്‍ച്ചയായും കാബിനറ്റ് അല്ലെങ്കില്‍ ഉപദേശക റോളിലേക്ക് ഉയര്‍ത്തുമെന്ന് ട്രംപ് തന്നെ വ്യക്തമാക്കിയിരുന്നു. ഫെഡറല്‍ ഗവണ്‍മെന്റിന്റെ ഭാഗമാകുന്നതോടെ മസ്‌കിന് വലിയ തോതിലുള്ള നികുതിയിളവ് ലഭിക്കാനും സാധ്യതയുണ്ട്. കൂടാതെ ട്രംപിന്റെ വിജയം, സ്പേസ് എക്സിന് കൂടുതല്‍ കരാറുകള്‍, സ്റ്റാര്‍ലിങ്കിന് കൂടുതല്‍ ഫെഡറല്‍ കരാറുകള്‍, ടെസ്ലയ്ക്ക് അവസരം, എക്സ് പ്ലാറ്റ്ഫോമിന് സെക്ഷന്‍ 230ന്റെ സംരക്ഷണം എന്നിവ ലഭിക്കാന്‍ മസ്‌കിനെ സഹായിക്കും.