66 ദിർഹമിന് ദുബായ് - അബുദാബി ടാക്സി; സർക്കാരിൻ്റെ പുതിയ സംവിധാനം സൂപ്പർ ഹിറ്റ് | Dubai To Abu Dhabi Share Taxi Service Costing 66 Dirhams Started On November Four Malayalam news - Malayalam Tv9

Dubai – Abu Dhabi Taxi : 66 ദിർഹമിന് ദുബായ് – അബുദാബി ടാക്സി; സർക്കാരിൻ്റെ പുതിയ സംവിധാനം സൂപ്പർ ഹിറ്റ്

Dubai To Abu Dhabi Share Taxi Service : ദുബായ് മുതൽ അബുദാബി വരെയുള്ള ഷെയർ ടാക്സി സംവിധാനവുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. 66 ദിർഹമിനുള്ള ടാക്സി യാത്രയാണ് ആർടിഎ ഒരുക്കിയിരിക്കുന്നത്. നവംബർ നാല് മുതലാണ് സേവനം ആരംഭിച്ചത്.

Dubai - Abu Dhabi Taxi : 66 ദിർഹമിന് ദുബായ് - അബുദാബി ടാക്സി; സർക്കാരിൻ്റെ പുതിയ സംവിധാനം സൂപ്പർ ഹിറ്റ്

ദുബായ് ടാക്സി (Image Courtesy - Social Media)

Published: 

05 Nov 2024 21:00 PM

66 ദിർഹമിന് ദുബായ് – അബുദാബി ഷെയർ ടാക്സി സൗകര്യമൊരുക്കി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ഈ റൂട്ടിലെ ബസ് സർവീസുകളെ ആശ്രയിച്ചിരുന്ന പലരും ഇപ്പോൾ ഷെയർ ടാക്സി സൗകര്യം ഉപയോഗപ്പെടുത്തുകയാണ്. ബസ് കിട്ടാനുള്ള കാത്തിരിപ്പ് സമയം ഉൾപ്പെടെ ലാഭിക്കാൻ പുതിയ ടാക്സി സർവീസ് കൊണ്ട് സാധിക്കുന്നുണ്ടെന്ന് പലരും പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

അബുദാബിയിൽ ജോലി ചെയ്യുന്ന, ദുബായിൽ താമസിക്കുന്ന പലരുടെയും പ്രതിസന്ധിയാണ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഷെയർ ടാക്സി സംവിധാനത്തിലൂടെ പരിഹരിക്കപ്പെട്ടത്. രാവിലെ ജോലിക്ക് പോകേണ്ട സമയത്ത് ദുബായിൽ നിന്ന് അബുദാബിയിലേക്ക് ബസ് കിട്ടാൻ ഒരു മണിക്കൂറോളം കാത്തിരിക്കേണ്ടിവന്നിരുന്നു. ഇത് ആളുകളുടെ സമയം അപഹരിച്ചിരുന്നു. എന്നാൽ, പുതിയ ഷെയർ ടാക്സി സംവിധാനം വന്നതോടെ ആളുകൾക്ക് ഇതിലൊക്കെ പരിഹാരം ലഭിച്ചു.

Also Read : Trackless Trams : ട്രാക്ക് വേണ്ടാത്ത ട്രാമുമായി ദുബായ്; ആദ്യ ഘട്ടത്തിൽ എട്ടിടങ്ങളിൽ

നാല് പേർ ചേർന്നുള്ള ഷെയർ ടാക്സിയിൽ ഒരാൾ 66 ദിർഹം നൽകിയാൽ അബുദാബി വരെ സഞ്ചരിക്കാനാവും. ഇങ്ങനെ ടാക്സി ചാർജിൽ 75 ശതമാനത്തോളം ലാഭിക്കാൻ ആളുകൾക്ക് കഴിയും. തിങ്കളാഴ്ച പരീക്ഷണാടിസ്ഥാനത്തിലാണ് ഈ സേവനം ആരംഭിച്ചത്. ദുബായിലെ ഇബ്ൻ ബത്തൂത്ത സെൻ്റർ മുതൽ അബുദാബിയിലെ അൽ വഹ്ദ സെൻ്റർ വരെയാണ് സർവീസ്. നാല് പേർ ചേർന്നുള്ള ഷെയർ ടാക്സി ആണെങ്കിൽ ഒരാൾക്ക് 66 ദിർഹവും മൂന്ന് പേർ ചേർന്നുള്ള ഷെയർ ടാക്സി ആണെങ്കിൽ ഒരാൾക്ക് 88 ദിർഹവുമാണ് നൽകേണ്ടത്.

പുതിയ സേവനം ആറ് മാസം പരീക്ഷിക്കുമെന്നാണ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചത്. ആളുകളുടെ പ്രതികരണം അനുസരിച്ച് സേവനം വ്യാപിപ്പിക്കാനാണ് തീരുമാനം. രാവിലെ ഏഴ് മുതൽ എട്ട് മണി വരെയുള്ള സമയത്താണ് തിരക്ക് ഏറുന്നത്. 9 മണിയോടെ ഓഫീസിൽ എത്തേണ്ടതിനാൽ ഈ സമയത്ത് തന്നെ ദുബായിൽ ബസ് കയറാൻ തിരക്ക് തുടങ്ങും. ഇബ്ൻ ബത്തൂത്ത സെൻ്ററിൽ നിന്ന് അൽ വഹ്ദ സെൻ്റർ വരെ സ്റ്റോപ്പുകളില്ലെങ്കിൽ ഏതാണ്ട് ഒരു മണിക്കൂർ യാത്രയുണ്ട്. ബസിന് രണ്ട് സ്റ്റോപ്പുകളുണ്ട്. വേഗതയും കുറവാണ്. അതുകൊണ്ട് തന്നെ ഈ സമയത്ത് ടാക്സിയ്ക്കുള്ള ആവശ്യക്കാർ ഏറെയായിരുന്നു.

നേരത്തെ, ഇത്തരം ടാക്സി ഷെയറിങ് സംവിധാനം ഉണ്ടായിരുന്നെങ്കിലും അത് നിയമാനുസൃതമായിരുന്നില്ല. എന്നാൽ, സർക്കാർ തന്നെ ഇത്തരത്തിൽ ഒരു സേവനം കൊണ്ടുവന്നത് ഒരുപാട് പേർക്ക് ആശ്വാസമാണ്. നേരത്തെ, സുഹൃത്തുക്കളാണെന്ന വ്യാജേന ഇത്തരം ഷെയർ ടാക്സികളിൽ യാത്ര ചെയ്യുന്നവരുണ്ടായിരുന്നു. ഇവർക്കെല്ലാം സർക്കാരിൻ്റെ പുതിയ നീക്കം സഹായകമാവും.

കമലാ ഹാരിസിനെ പിന്തുണയ്ക്കുന്ന പ്രമുഖർ നിരവധി
ലേലത്തിൽ ആർസിബി ശ്രമിക്കാൻ സാധ്യതയുള്ള ചില താരങ്ങൾ
ദിവസവും വാള്‍നട്ട് കുതിര്‍ത്ത് കഴിക്കാം; ഗുണങ്ങളേറേ
മാളവികയ്ക്കും തേജസിനും കുഞ്ഞ് പിറന്നു