5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Dubai Single Use Plastic Ban : ദുബായിൽ സിംഗിൾ യൂസ് പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നു; വില വർധിപ്പിക്കാനൊരുങ്ങി റെസ്റ്റോറൻ്റുകൾ

Dubai Single Use Plastic Ban Began : ദുബായിൽ ഈ മാസം ഒന്ന് മുതൽ സിംഗിൾ യൂസ് പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ റെസ്റ്റോറൻ്റുകളിലെ ഭക്ഷണത്തിൻ്റെ വില വർധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Dubai Single Use Plastic Ban : ദുബായിൽ സിംഗിൾ യൂസ് പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നു; വില വർധിപ്പിക്കാനൊരുങ്ങി റെസ്റ്റോറൻ്റുകൾ
റെസ്റ്റോറൻ്റ്Image Credit source: miodrag ignjatovic/Getty Images
abdul-basith
Abdul Basith | Updated On: 03 Jan 2025 20:37 PM

ദുബായിൽ സിംഗിൾ യൂസ് പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നു. ഈ വർഷം ജനുവരി ഒന്ന് മുതലാണ് വിലവർധന നിലവിൽ വന്നത്. ഇതോടെ ദുബായിലെ റെസ്റ്റോറൻ്റുകൾ വില വർധിപ്പിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ജൂൺ ഒന്നോടെ ദുബായിൽ സിംഗിൾ യൂസ് പ്ലാസ്റ്റിക് നിരോധനം പൂർണമായി നിലവിൽ വരും. ഖലീജ് ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ദുബായിലെ വിവിധ റെസ്റ്റോറൻ്റുകൾ ഇതിനകം വില വർധനയ്ക്കുള്ള തീരുമാനം എടുത്തുകഴിഞ്ഞു. ഇക്കാര്യത്തിൽ മുനിസിപ്പാലിറ്റി എന്താണ് പറയുക എന്നതറിയാനാണ് തങ്ങൾ കാത്തിരിക്കുന്നതെന്ന് സംസം മന്തി ഗ്രൂപ്പ് ഓഫ് റെസ്റ്റോറൻ്റ്സ് ഉടമ ഷൈജിൽ ഹുസൈൻ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. മറ്റ് കാര്യങ്ങളൊക്കെ തങ്ങൾ തീരുമാനിച്ചുകൊണ്ടിരിക്കുകയാണ്. റെസ്റ്റോറൻ്റിലെ മേശയിലിടുന്ന പ്ലാസ്റ്റിക് കവറുകൾക്ക് പകരമായി പേപ്പർ കവറുകൾ വാങ്ങിയിട്ടുണ്ട്. റെസ്റ്റോറൻ്റിലെ ഇരിപ്പിടത്തിൽ ഇത് സാധിക്കില്ല. അടിയിൽ കാർപെറ്റുകൾ ഉള്ളതുകൊണ്ട് ഇത് ബുദ്ധിമുട്ടാവും. അതിന് പകരം എന്ത് ചെയ്യാനാവുമെന്ന് പരിശോധിക്കുകയാണ്. പ്ലാസ്റ്റിക് കവറുകൾക്ക് പകരം വാങ്ങിയ പേപ്പർ കവറുകൾക്ക് ഒരട്ടി വിലയാകും. അതുകൊണ്ട് തന്നെ ചിലവ് കൂടും. അതിനാൽ ഭക്ഷണത്തിന് വില വർധിപ്പിക്കേണ്ടിവരുമെന്നും ഷൈജിൽ ഹുസൈൻ പറഞ്ഞതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

Also Read : UAE weather: യുഎഇ കാലാവസ്ഥ: ശൈത്യത്തിനിടയിലും ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നേരിയ മഴ

ദുബായിലെ പ്ലാസ്റ്റിക് കവർ നിരോധനത്തിൻ്റെ രണ്ടാം ഘട്ടമാണിത്. സ്റ്റൈറോഫോം ഫൂഡ് കണ്ടെയ്നറുകൾ, പ്ലാസ്റ്റിക് സ്ട്രോ, പ്ലാസ്റ്റിക് ടേബിൾ കവർ തുടങ്ങി വിവിധ വസ്തുക്കളിൽ ഈ നിരോധനം ബാധകമാണ്. മുള കൊണ്ടുള്ള ടേബിൾ കവറുകളും ഗ്ലാസ് സ്ട്രോയും ഉൾപ്പെടെയുള്ള വസ്തുക്കൾ പകരം ഉപയോഗിക്കാമെന്നാണ് ദുബായ് മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റിൽ ഉള്ളത്. ഇതിന് ചില ഇളവുകളുണ്ട്. ഡ്രിങ്ക് പാക്കേജുകൾക്കൊപ്പം വരുന്ന പ്ലാസ്റ്റിക് സ്ട്രോകൾക്കും പാക്കേജ്ഡ് ഇറച്ചി ഉത്പന്നങ്ങൾ വരുന്ന സ്റ്റൈറൊഫോം ട്രേകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കും ഈ നിരോധനം ബാധകമല്ല.

പാക്കേജിങ് നിർമാതാക്കളായ ഹോട്ട്പാക്ക് ഗ്ലോബൽ പറയുന്നതിനനുസരിച്ച് 96 ശതമാനം വസ്തുക്കളും മുനിസിപ്പാലിറ്റിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് മാറ്റിയിട്ടുണ്ട്. റീസൈക്കിൾ ചെയ്യാൻ കഴിയുന്നതും മണ്ണിൽ ലയിക്കുന്നതുമായ വസ്തുക്കളാണ് ഇവർ പുതുതായി നിർമ്മിക്കുന്ന വസ്തുക്കൾ. പേപ്പർ, ബോർഡ്, പ്ലാൻ്റ് തുടങ്ങി വിവിധ തരത്തിലുള്ള പകരം വസ്തുക്കളാണ് ഇപ്പോൽ കമ്പനി നിർമിക്കുന്നത്. ഹോട്ട്പാക്ക് ഗ്ലോബൽ ഗ്ലോബൽ ബിസിനസ് ഡയറക്ടർ ഡോ. മൈക്ക് ചീതം ആണ് ഇക്കാര്യം അറിയിച്ചത്.

സിംഗിൾ യൂസ് പ്ലാസ്റ്റിക് നിരോധനം ശക്തമാക്കാനാണ് ദുബായ് മുനിസിപ്പാലിറ്റിയുടെ തീരുമാനം. 2026 ജനുവരി ഒന്നിന് സിംഗിൾ യൂസ് പ്ലാസ്റ്റിക് കപ്പുകളും ലിഡുകളും കണ്ടെയ്നറുകളുമൊക്കെ നിരോധിക്കാനാണ് തീരുമാനം. എന്നാൽ ഈ നീക്കം സാധാരണക്കാർക്ക് തിരിച്ചടിയാവുമെന്ന വിലയിരുത്തലുകളുണ്ട്. ഹോട്ടൽ ഭക്ഷണത്തിന് വിലവർധിക്കുന്നത് കച്ചവടത്തെയും മോശമായി ബാധിച്ചേക്കും. 2026ൽ കൂടുതൽ നിരോധനങ്ങൾ ഏർപ്പെടുത്തുന്നതോടെ വില വീണ്ടും സാരമായി ഉയരും. ഇത് ആളുകളെ റെസ്റ്റോറൻ്റുകളിൽ നിന്ന് അകറ്റുമെന്നും അതുവഴി കച്ചവടത്തിന് തിരിച്ചടിയുണ്ടാവുമെന്നും വിലയിരുത്തലുണ്ട്.