5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

China’s Hydropower Dam: ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ചങ്കില്‍ തീ പടര്‍ത്തി ചൈന; സാങ്‌പോ നദിയിലെ ഡാം രാജ്യത്തിന് ഭീഷണിയാകുമോ?

How Will China's Hydropower Dam Threat to India: ഹിമാലയന്‍ മേഖലയിലെ ഒരു വലിയ മലയിടുക്കിലാണ് അണക്കെട്ട് നിര്‍മ്മിക്കാന്‍ ചൈന പദ്ധതിയിട്ടിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 5,000 മീറ്റര്‍ ഉയരത്തിലാണ് ഈ നദിയുടെ ഉത്ഭവസ്ഥാനം. ഈ നദി പിന്നീട് 2,700 മീറ്റര്‍ ഉയരത്തില്‍ നിന്ന് യാര്‍ലുങ് ഗ്രാന്‍ഡ് കാന്യോണ്‍ എന്നറിയപ്പെടുന്ന സ്ഥലത്ത് നിന്നും താഴേക്ക് പതിക്കുന്നു.

China’s Hydropower Dam: ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ചങ്കില്‍ തീ പടര്‍ത്തി ചൈന; സാങ്‌പോ നദിയിലെ ഡാം രാജ്യത്തിന് ഭീഷണിയാകുമോ?
Image Credit source: News9
shiji-mk
SHIJI M K | Published: 27 Dec 2024 18:35 PM

സാങ്‌പോ നദിയില്‍ ലോകത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി നിര്‍മ്മിക്കാനൊരുങ്ങുകയാണൈന്ന് കഴിഞ്ഞ ദിവസമാണ് ചൈന പ്രഖ്യാപിച്ചത്. ടിബറ്റന്‍ പീഠഭൂമിയുടെ കഴിക്കന്‍ അരികിലാണ് ചൈന ഡാം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ചൈന നിര്‍മ്മിക്കാന്‍ പോകുന്ന ഈ ഡാം ഇന്ത്യയിലെയും ബംഗ്ലാദേശിലെയും നിരവധി ആളുകളെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇരുരാജ്യങ്ങളും വിഷയത്തില്‍ ആശങ്കകള്‍ പങ്കുവെച്ചിട്ടുമുണ്ട്. യാര്‍ലുങ് സാങ്‌പോ നദി ടിബറ്റില്‍ നിന്ന് തെക്കോട്ട് ഇന്ത്യയുടെ അരുണാചല്‍ പ്രദേശിലേക്ക് എത്തുമ്പോള്‍ സിയാങ് നദിയായി മാറുന്നു. അസമിലേക്ക് എത്തുന്ന സമയത്ത് ബ്രഹ്‌മപുത്രയായും മാറുന്നുണ്ട്. ടിബറ്റിന്റെ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ഒഴുകുന്ന യാര്‍ലുങ് സാങ്‌പോയുടെ മുകള്‍ ഭാഗത്ത് നേരത്തെ ചൈന ജലവൈദ്യുത ഉത്പാദനം ആരംഭിച്ചിരുന്നു.

എവിടെയാണ് അണക്കെട്ട് നിര്‍മ്മിക്കുന്നത്?

ഹിമാലയന്‍ മേഖലയിലെ ഒരു വലിയ മലയിടുക്കിലാണ് അണക്കെട്ട് നിര്‍മ്മിക്കാന്‍ ചൈന പദ്ധതിയിട്ടിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 5,000 മീറ്റര്‍ ഉയരത്തിലാണ് ഈ നദിയുടെ ഉത്ഭവസ്ഥാനം. ഈ നദി പിന്നീട് 2,700 മീറ്റര്‍ ഉയരത്തില്‍ നിന്ന് യാര്‍ലുങ് ഗ്രാന്‍ഡ് കാന്യോണ്‍ എന്നറിയപ്പെടുന്ന സ്ഥലത്ത് നിന്നും താഴേക്ക് പതിക്കുന്നു. ഇങ്ങനെ ഉയരത്തില്‍ നിന്നുള്ള താഴേക്ക് പതിക്കുന്നതാണ് സാങ്‌ബോയെ ജലവൈദ്യുത പദ്ധതിക്ക് അനുയോജ്യമാക്കുന്നത്. അരുണാചല്‍ പ്രദേശില്‍ പ്രവേശിച്ച് ബംഗ്ലാദേശിലേക്ക് സാങ്‌പോ നദി ഒഴുകുന്നതിന് മുമ്പ് ബ്രഹ്‌മപുത്രയാകുന്ന സ്ഥലം കൂടിയാണിത്.

ചൈനയുടെ നീക്കം

യാര്‍ലുങ് സാങ്‌പോ നദിയിലാണ് ചൈന അണക്കെട്ട് നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. സാങ്‌പോയുടെ ഒരു ഭാഗം 50 കിലോമീറ്റര്‍ പരിധിയില്‍ 2,700 മീറ്റര്‍ താഴേക്ക് പതിക്കുന്നതിനാല്‍ തന്നെ ഇവിടെ ജലവൈദ്യുത പദ്ധതിക്ക് വലിയ സാധ്യതകളാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ അതിന്റെ നിര്‍മ്മാണം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കാനും സാധ്യതയുണ്ട്.

അണക്കെട്ട് നിര്‍മ്മിക്കുന്നതിനായി ഏകദേശം 254.2 ബില്യണ്‍ യുവാന്‍ അതായത് 34 ബില്യണ്‍ ഡോളര്‍ ചെലവ് വരുമെന്നാണ് പ്രതീക്ഷ. ഈ മേഖലയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട 1.4 ദശലക്ഷം ആളുകളെ പുനരധിവസിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ചെലവാണ് ഇത്.

നേരത്തെ 57 ബില്യണ്‍ യുവാനില്‍ അണക്കെട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ എത്രത്തോളം ആളുകളെ മേഖലയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുമെന്നോ പരിസ്ഥിതിയെ അണക്കെട്ടിന്റെ നിര്‍മാണം എങ്ങനെ ബാധിക്കുമെന്നോ തുടങ്ങിയ കാര്യങ്ങളില്‍ അധികൃതര്‍ വ്യക്തത വരുത്തിയിട്ടില്ല. പദ്ധതി പരിസ്ഥിതിയെ വലിയ തോതില്‍ ബാധിക്കില്ലെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.

ഈ അണക്കെട്ടിന് പ്രതിവര്‍ഷം മണിക്കൂറില്‍ 300 ബില്യണ്‍ കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കും. നിലവില്‍ ലോകത്തെ തന്നെ ഏറ്റവും വലിയ പദ്ധതിയായ ത്രീ ഗോര്‍ജസ് അണക്കെട്ടിന്റെ ആകെ ശേഷിയുടെ മൂന്നിരട്ടിയിലധികം വരും ഈ അണക്കെട്ടിന്റെ കരുത്ത്. ചൈനയുടെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക, കാര്‍ബണ്‍ ന്യൂട്രാലിറ്റി ലക്ഷ്യങ്ങള്‍ കൈവരിക്കക, എന്‍ജിനീയറിങ് അനുബന്ധ വ്യവസായങ്ങളെ ഉത്തേജിപ്പിക്കുക, ടിബറ്റില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് ഈ പദ്ധതി പങ്കുവഹിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

Also Read: US Deported Indians: ഓരോ ആറ് മണിക്കൂറിലും നാടുകടത്തല്‍; ആശങ്കയിലാഴ്ത്തി അമേരിക്കയില്‍ നിന്നുള്ള കണക്കുകള്‍

അണക്കെട്ട് എങ്ങനെ ഇന്ത്യയെ ബാധിക്കും?

ഹിമാനി പര്‍വ്വത നിരകളില്‍ നിന്നും ഉത്ഭവിക്കുന്ന സാങ്‌പോ നദിയില്‍ നിന്നുമുള്ള ശുദ്ധജലം ചൈന, ഇന്ത്യ, ഭൂട്ടാന്‍ എന്നിങ്ങനെയുള്ള രാജ്യങ്ങളിലെ 1.8 ബില്യണ്‍ ആളുകള്‍ക്കാണ് കുടിവെള്ളം നല്‍കുന്നത്. അണക്കെട്ട് നിര്‍മ്മിക്കുന്നത് ശുദ്ധജല ലഭ്യതയെ ഇല്ലാതാക്കും. ഇന്ത്യയും ചൈനയും തമ്മില്‍ ഈ നദിയുടെ പേരില്‍ ഏറെക്കാലമായി തര്‍ക്കത്തിലുമാണ്. ചൈനയില്‍ നിന്ന് ആരംഭിക്കുന്ന സാങ്‌പോ നദി ഇന്ത്യന്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, അസം എന്നിവയിലൂടെ ബംഗ്ലാദേശിലേക്ക് ഒഴുകുന്നു.

സിയാങ്, ബ്രഹ്‌മപുത്ര എന്നീ പേരുകളിലാണ് ഇന്ത്യയില്‍ ഈ നദി അറിയപ്പെടുന്നത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് അണക്കെട്ട് നിര്‍മ്മിക്കുന്നത്. ചൈന ഈ അണക്കെട്ടിനെ രാഷ്ട്രീയമായി കൂടി ഉപയോഗിക്കുകയാണെങ്കില്‍ അത് ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാക്കും.

രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് പുറമേ അണക്കെട്ട് നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായും ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. ഭൂകമ്പങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ടെക്‌റ്റോണിക് പ്ലേറ്റ് അതിര്‍ത്തിയിലാണ് അണക്കെട്ട് നിര്‍മ്മിക്കാന്‍ ചൈന തീരുമാനിച്ചിരിക്കുന്നത്. ടിബറ്റന്‍ പീഠഭൂമി ടെക്‌റ്റോണിക് പ്ലേറ്റുകള്‍ക്ക് മുകളില്‍ സ്ഥിതി ചെയ്യുന്നതിനായി അടിക്കടി ഭൂകമ്പങ്ങള്‍ അനുഭവപ്പെടാറുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.

ബ്രഹ്‌മപുത്ര നദി ടിബറ്റന്‍ പീഠഭൂമിക്ക് കുറുകെയാണ് ഒഴുകുന്നത്. അണക്കെട്ട് നിര്‍മ്മിക്കുന്നത് ചൈനയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശത്ത് ആയതിനാല്‍ തന്നെ സമീപ പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയും ഇന്ത്യ വിലയിരുത്തുന്നു.

Latest News