California Wildfire: മനുഷ്യനിർമ്മിത കാട്ടുതീ…; നിയന്ത്രണവിധേയമാക്കാനാകാതെ കാലിഫോർണിയ, കത്തിനശിച്ചത് 3,50,000 ഏക്കർ
California Massive Blaze: നിരവധി കൗണ്ടികളിലുള്ളവരോട് മാറിത്താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. തീപിടിത്തത്തിൽ 134 കെട്ടിടങ്ങൾ കത്തിനശിച്ചതായി അധികൃതർ പറയുന്നു. ഈ വർഷം അമേരിക്കയിലുണ്ടായ ഏറ്റവും വലിയ കാട്ടുതീയാണിത്.
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ കാട്ടുതീ (California wildfire) അനിയന്ത്രിതമായി പടരുന്നതായി റിപ്പോർട്ട്. 2500 അഗ്നിശമന സേനാംഗങ്ങൾ ശ്രമിച്ചിട്ടും തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ലെന്നാണ് വിവരം. 3,50,000 ഏക്കർ സ്ഥലമാണ് നിലവിൽ കത്തിനശിച്ചത്. മനുഷ്യ നിർമ്മിത കാട്ടുതീയാണ് ഇതെന്നും തീയിട്ടെന്ന് സംശയിക്കുന്ന 42കാരൻ പിടിയിലായെന്നും അധികൃതർ അറിയിച്ചു. ഈ വർഷം അമേരിക്കയിലുണ്ടായ ഏറ്റവും വലിയ കാട്ടുതീയാണിത്. കാലിഫോർണിയയിലെ ചിക്കോയിൽ നിന്നുള്ള റോണി ഡീൻ സ്റ്റൗട്ട് (ronnie stout) എന്നയാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
നിരവധി കൗണ്ടികളിലുള്ളവരോട് മാറിത്താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. തീപിടിത്തത്തിൽ 134 കെട്ടിടങ്ങൾ കത്തിനശിച്ചതായി അധികൃതർ പറയുന്നു. പ്രദേശത്തെ തണുത്ത താപനിലയും ഈർപ്പമുള്ള വായുവും തീ പടരുന്നത് മന്ദഗതിയിലാക്കുമെന്നാണ് പ്രതീക്ഷയെന്ന് കാലിഫോർണിയ ഡിപ്പാർട്ട്‌മെൻറ് ഓഫ് ഫോറസ്ട്രി ആൻഡ് ഫയർ പ്രൊട്ടക്ഷൻ വിഭാഗം വ്യക്തമാക്കി. തീ അണയ്ക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ പ്രസിഡൻറ് ജോ ബൈഡൻ നിർദേശം നൽകിയതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
തീപിടിച്ച കാർ ഒരാൾ മലയിടുക്കിലേക്ക് തള്ളിയിട്ടതോടെയാണ് ബുധനാഴ്ച ഉച്ചയയോടെ കാട്ടുതീ പടരാൻ തുടങ്ങിയത്. തീയണയ്ക്കുന്നതിനിടെ ഒരു അഗ്നിശമന സേനാംഗം മരിച്ചുവെന്ന് യുഎസ് ഫോറസ്റ്റ് സർവീസ് പറഞ്ഞു. സിംഗിൾ എഞ്ചിൻ ടാങ്കർ തകർന്നാണ് അപകടം സംഭവിച്ചത്.