Kazakhstan Plane Crash: കസാഖ്സ്ഥാനിൽ യാത്രാവിമാനം തകർന്നു വീണു; 12 പേരെ രക്ഷപ്പെടുത്തി
Azerbaijan Airlines Plane Crash in Kazakhstan: അപകടം ഉണ്ടാകുന്നതിന് മുൻപ് വിമാനം അടിയന്തര ലാൻഡിംഗ് ആവശ്യപ്പെട്ടിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അസ്താന: കസാഖ്സ്ഥാനിലെ അക്തോയിൽ യാത്രാ വിമാനം തകർന്നു വീണു. ബാക്കുവിൽ നിന്ന് ഗ്രോസ്‌നിയിലേക്ക് പോവുകയായിരുന്ന അസർബൈജാൻ എയർലൈൻസിന്റെ പാസഞ്ചർ വിമാനമാണ് തകർന്നു വീണത്. ചൊവാഴ്ച ഉച്ചയോടെ കസാഖ്സ്ഥാനിലെ അക്തോ വിമാനത്താവളത്തിന് സമീപമാണ് സംഭവം. റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട് അനുസരിച്ച്, 62 യാത്രക്കാരും അഞ്ച് ജീവനക്കാരും ഉൾപ്പടെ 67 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 12 യാത്രക്കാരെ രക്ഷപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അപകടം ഉണ്ടാകുന്നതിന് മുൻപ് വിമാനം അടിയന്തര ലാൻഡിംഗ് ആവശ്യപ്പെട്ടിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്ന് റഷ്യയിലെ ചെച്നിയയിലെ ഗ്രോസ്‌നിയയിലേക്ക് പോവുകയായിരുന്ന വിമാനം ആണ് തകർന്നു വീണതെന്ന് കസാഖ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തകർന്ന് വീഴുന്നതിന് മുമ്പ്, വിമാനം നിരവധി തവണ അക്തോ വിമാനത്താവളത്തിന് ചുറ്റും വട്ടമിട്ട് പറന്നതായും റിപ്പോർട്ടുകൾ ഉണ്ട്.
Azerbaijan Airlines passenger plane on way to Russia crashes near Kazakhstan’s Aktau pic.twitter.com/WxUSy2l9CL
— Mahalingam Ponnusamy (@mahajournalist) December 25, 2024
സംഭവത്തിന്റെ വീഡിയോ പലരും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. വിമാനം താഴേക്ക് പതിക്കുന്നതും തുടർന്ന് തീ പടരുന്നതും ദൃശ്യങ്ങളിൽ കാണാം. സമൂഹ മാധ്യമങ്ങളിലൂടെ അസർബൈജാൻ അയർലൈൻസ് സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. “62 യാത്രക്കാരും 5 ജീവനക്കാരുമടക്കം 67 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരിൽ കുട്ടികൾ ഇല്ല. പരിക്കേറ്റവരെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ അറിയിക്കും. രക്ഷപ്പെട്ടവർക്ക് പ്രാഥമിക വൈദ്യസഹായം നൽകുന്നുണ്ട്. കസാഖ് അധികാരികളുമായി ബന്ധപ്പെട്ടിരുന്നു. കസാക്കിസ്ഥാൻ്റെ എമർജൻസി റെസ്ക്യൂ ഏജൻസികൾ സംഭവസ്ഥലത്ത് ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ട്.” അസർബൈജാൻ അയർലൈൻസ് എക്‌സിൽ കുറിച്ചു.
Göyərtədə 62 sərnişin, 5 ekipaj üzvü olmaqla, ümumilikdə 67 nəfər olub. Sərnişinlər arasında uşaqlar olmayıb, zərərçəkənlər barədə məlumat tezliklə təqdim ediləcək. Məlumata görə sağ qalanlar var, onlara ilkin tibbi yardım göstərilir.
Qazaxıstan tərəfi ilə təmaslar həyata… pic.twitter.com/NRMT1ZNeAd
— AZAL – Azerbaijan Airlines (@azalofficial) December 25, 2024
അതേസമയം, ഗ്രോസ്‌നിയയിലെ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് വിമാനം വഴി തിരിച്ചു വിടുകയായിരുന്നു എന്ന് റഷ്യൻ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. രക്ഷാപ്രവത്തകർ സംഭവ സ്ഥലത്ത് എത്തിയതായി കസാഖ്സ്ഥാൻ സർക്കാർ അറിയിച്ചു. ആളപായം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ല. സംഭവത്തിൽ കസാഖ് അധികൃതർ അന്വേഷണം ആരംഭിച്ചു.