Social media : കുട്ടികൾക്ക് ഇനി ഫേസ്ബുക്കും ഇൻസ്റ്റയും വേണ്ട… പുതിയ നീക്കത്തിനൊരുങ്ങി ഓസ്ട്രേലിയ
Strict Social Media Age Limit: ഓസ്ട്രേലിയ നിർദേശിക്കുന്ന പ്രായപരിധിയെ മാനിക്കുന്നുവെന്നാണ് ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും ഉടമകളായ മെറ്റയുടെ സുരക്ഷാവിഭാഗം മേധാവി ആന്റിഗണി ഡേവിസ് ഈ വിഷയത്തിൽ പ്രതികരിച്ചത്.
മെൽബൺ: ചെറിയ കുട്ടികൾ പോലും ഇന്ന് സോഷ്യൽ മീഡിയയിൽ കയറുന്നത് സർവ്വ സാധാരണമാണ്. അവരുടെ മാനസിക ശാരീരിക വളർച്ച മുരടിപ്പിക്കുന്നതിൽ സോഷ്യൽ മീഡിയയ്ക്ക് വലിയൊരു പങ്കുണ്ടെന്നാണ് വിലയിരുത്തൽ. ഇത്തരം പ്രശ്നങ്ങൾ മുന്നിൽക്കണ്ട് പുതിയ ഒരു നിയമം കൊണ്ടുവരാൻ ഒരുങ്ങുകയാണ് ഓസ്ട്രേലിയൻ സർക്കാർ.
കുട്ടികൾക്ക് സാമൂഹികമാധ്യമ ഉപയോഗം തുടങ്ങാനുള്ള പ്രായപരിധി 16 വയസ്സാക്കാനാണ് സർക്കാരിന്റെ പുതിയ നീക്കം. ലോകത്തിനു മാതൃകയാകുന്ന നിയമം എന്ന പ്രഖ്യാപനത്തോടെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസാണ് ഇക്കാര്യം പുറത്തുവിട്ടത്. നവംബർ 18-ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഇത് സംബന്ധിച്ചുള്ള ബിൽ അവതരിപ്പിക്കുമെന്നാണ് വിവരം.
ബിൽ പാസായി 12 മാസത്തിനുള്ളിൽ നിയമം നടപ്പിൽ വരുമെന്നും ആൽബനീസ് വ്യക്തമാക്കി. 16 വയസ്സിൽത്താഴെയുള്ള ഓസ്ട്രേലിയൻ കുട്ടികളെ സാമൂഹികമാധ്യമ ഉപയോഗത്തിൽനിന്ന് എങ്ങനെ ഒഴിവാക്കാമെന്നതിന് എക്സും ടിക്‌ടോക്കും ഇൻസ്റ്റഗ്രാമും ഫെയ്സ്ബുക്കും പ്രായോഗിക വഴി കണ്ടെത്തണമെന്നാണ് ഓസ്ട്രേലിയൻ സർക്കാരിന്റെ നിലവിലെ ആവശ്യം.
ALSO READ – അക്രമകാരികളായ പലസ്തീനികളുടെ കുടുംബാംഗങ്ങളെ നാട് കടത്തും; പുതിയ നിയമം പാസാക്കി ഇസ്രായേല്
ആയിരക്കണക്കിന് രക്ഷിതാക്കളോട് സംസാരിച്ചെന്നും കുട്ടികളുടെ സോഷ്യൽ മീഡിയാ ഉപയോഗം അവരേയും ആശങ്കപ്പെടുത്തുന്നുണ്ടെന്നും അവരുടെ സുരക്ഷയെക്കുറിച്ച് അവരും ആധിയിലാണെന്നും ആൽബനീസ് പറഞ്ഞു.
ഓസ്ട്രേലിയ നിർദേശിക്കുന്ന പ്രായപരിധിയെ മാനിക്കുന്നുവെന്നാണ് ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും ഉടമകളായ മെറ്റയുടെ സുരക്ഷാവിഭാഗം മേധാവി ആന്റിഗണി ഡേവിസ് ഈ വിഷയത്തിൽ പ്രതികരിച്ചത്. ആപ്പ് സ്റ്റോറുകളിൽ കൂടുതൽ ശക്തമായ ടൂളുകൾ കൊണ്ടുവരുകയും കുട്ടികൾ ഉപയോഗിക്കുന്ന ആപ്പുകൾ നിയന്ത്രിക്കാൻ രക്ഷിതാക്കൾക്ക് സൗകര്യമേർപ്പെടുത്തുകയുമാണ് ലളിതമായ പരിഹാരമെന്നും അവർ കൂട്ടിച്ചേർത്തു.
ഈ വിഷയത്തിൽ ‘എക്സ്’ പ്രതികരിച്ചില്ല. കുട്ടികളുടെ സാമൂഹികമാധ്യമ ഉപയോഗം നിയന്ത്രിക്കാൻ പല രാജ്യങ്ങളും കഷ്ടപ്പെടുമ്പോഴാണ് ഓസ്ട്രേലിയയിൽ പുതിയ നീക്കം നടക്കുന്നത്. ഇതിനു മുമ്പ് കുട്ടികളുടെ മൊബൈൽ, കംപ്യൂട്ടർ, ടി.വി. ഉപയോഗം നിയന്ത്രിക്കുന്നതിന് സെപ്റ്റംബറിൽ സ്വീഡൻ ചില നിർദേശങ്ങളിറക്കിയിരുന്നു.