5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Andes plane crash: ജീവന്‍ നിലനിര്‍ത്താന്‍ കഴിച്ചത് ഉറ്റവരുടെ മൃതദേഹങ്ങള്‍; ആന്‍ഡീസ് വിമാനാപകടം എന്ന കറുത്ത അധ്യായം

തെരച്ചില്‍ അവസാനിപ്പിക്കുമ്പോള്‍ പറഞ്ഞിരുന്നത് മഞ്ഞ് ഉരുകിയതിന് ശേഷം ഡിസംബറില്‍ വീണ്ടും തെരച്ചില്‍ തുടരാമെന്നായിരുന്നു. 33 പേരായിരുന്നു അപകടത്തില്‍ അവശേഷിച്ചിരുന്നെങ്കിലും അതില്‍ അഞ്ചുപേര്‍ സംഭവ ദിവസം രാത്രി തന്നെ മരിച്ചു. അപകടം നടന്ന് നാലരദിവസത്തിന് ശേഷമാണ് ഗുരുതരമായി പരിക്കേറ്റ നാന്‍ഡോ പറാഡോയ്ക്ക് ബോധം തിരിച്ചുകിട്ടിയത്.

Andes plane crash: ജീവന്‍ നിലനിര്‍ത്താന്‍ കഴിച്ചത് ഉറ്റവരുടെ മൃതദേഹങ്ങള്‍; ആന്‍ഡീസ് വിമാനാപകടം എന്ന കറുത്ത അധ്യായം
Image: CGTN America
shiji-mk
SHIJI M K | Published: 28 May 2024 10:03 AM

1972ലെ ഒരു ഒക്ടോബര്‍ മാസക്കാലം, യുറഗ്വായ് റഗ്ബി ടീമായ ഓള്‍ഡ് ക്രിസ്റ്റിയന്‍ ക്ലബിലെ അംഗങ്ങളുമായി ഒരു വിമാനം പറന്നു പൊങ്ങി. ടീമംഗങ്ങള്‍ക്ക് ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിലെ ഒരു ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായിരുന്നു ആ യാത്ര. അങ്ങനെ ആ മത്സരത്തിന് പോകാന്‍ ക്ലബ് പ്രസിഡന്റ് ജുവാന്‍ ഫെയര്‍ചൈല്‍ഡ് വളരെ ചെലവ് കുറഞ്ഞ എഫ്എച്ച് 227 ഡി എന്നൊരു വിമാനമായിരുന്നു ചാര്‍ട്ട് ചെയ്തിരുന്നത്.

ആ കാലത്തെ സംബന്ധിച്ച് ഏകദേശം 792 മണിക്കൂര്‍ സഞ്ചരിച്ച യുറഗ്വായ് എയര്‍ഫോഴ്സിന്റെ ഇരട്ട എഞ്ചിന്‍ വിമാനമായിരുന്നു അത്. മാത്രമല്ല അതിന് നാല് വര്‍ഷത്തെ പഴക്കവുമുണ്ടായിരുന്നു. ഈ വിമാനത്തില്‍ ഒരേസമയം 52 പേര്‍ക്കായിരുന്നു യാത്ര ചെയ്യാന്‍ സാധിച്ചിരുന്നത്. എന്നാല്‍ വിമാനത്തിന്റെ കപ്പാസിറ്റി 56 ആയി ഉയര്‍ത്തി എന്നുമാത്രമല്ല കോക്ക്പിറ്റിനും പാസഞ്ചര്‍ ക്യാബിനുമിടയില്‍ ചരക്കുകള്‍ക്ക് കൂടുതല്‍ സ്ഥലവും ഒരുക്കി.

5117 മണിക്കൂര്‍ വിമാനം പറത്തി പ്രവൃത്തി പരിചയമുള്ള എയര്‍ഫോഴ്സ് പൈലറ്റ് കേണല്‍ ജൂലിയോ സീസര്‍ ഫെറാദസായിരുന്നു വിമാനത്തിന്റെ വളയം പിടിച്ചത്. സഹപൈലറ്റായി ലെഫ്റ്റനെന്റ് കേണല്‍ ഡാന്‍ഡെ ഹെക്റ്റര്‍ ലഗുറാരയുമുണ്ട്. അങ്ങനെ 1972 ഒക്ടോബര്‍ 12ന് വിമാനം യാത്ര തിരിച്ചു. യാത്ര ആരംഭിച്ചത് യുറഗ്വായുടെ തലസ്ഥാനമായ മോണ്ടെവിഡിയോയില്‍ നിന്നാണ്. 19 ടീമംഗങ്ങളും അവരുടെ ബന്ധുക്കളും സംഘാടകരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും ചേര്‍ത്ത് അങ്ങനെ 45 പേരും അഞ്ച് ക്രൂവും.

Old Christian Club Team Members

ദക്ഷിണ ആന്‍ഡീസ് കടന്നുവേണം ഇവര്‍ക്ക് യാത്ര ചെയ്യാന്‍ ആന്‍ഡീസ് സ്ഥിതി ചെയ്യുന്നതോ അര്‍ജന്റീനയിലും ചിലിയിലുമായിട്ടാണ്. ഭൗമോപരിതലത്തില്‍ സ്ഥിതി ചെയ്യുന്നതില്‍ വെച്ച് ഏറ്റവും നീളം കൂടിയ പര്‍വ്വതനിര കൂടിയാണ് ആന്‍ഡീസ്. അതുകൊണ്ട് തന്നെ ഇവിടെ എപ്പോഴും കനത്ത മഞ്ഞും അതിശക്തിയായ തണുപ്പുമായിരിക്കും.

ടീമംഗങ്ങള്‍ യാത്ര തിരിച്ചത് ഏറെ വെല്ലുവിളികള്‍ നേരിടുന്ന സമയത്തായിരുന്നു. കാരണം ഈ സമയത്ത് ആന്‍ഡീസില്‍ കനത്ത മഞ്ഞുവീഴ്ചയാണ്. ഇതുമാത്രമല്ല, കൊടുങ്കാറ്റും ആഞ്ഞുവീശുന്നുണ്ട്. അതുകൊണ്ട് തന്നെ അര്‍ജന്റീനയിലെ മെന്റോസയെന്ന സ്ഥലത്ത് ഇവര്‍ക്ക് ഒരു ദിവസം തങ്ങേണ്ടി വന്നു. വിമാനത്തിന്റെ ക്യാപ്റ്റനായ ഫെറാദസിന് 29 തവണ ആന്‍ഡീസ് പര്‍വ്വത നിരയ്ക്ക് മുകളിലൂടെ വിമാനം പറത്തിയ പരിചയസമ്പത്തുണ്ട്.

അങ്ങനെ വീണ്ടും കാലാവസ്ഥ മെച്ചപ്പെടുമെന്ന പ്രതീക്ഷയില്‍ അവര്‍ യാത്ര ആരംഭിച്ചു. അതൊരു വെള്ളിയാഴ്ചയായിരുന്നു. ആ സമയം വിമാനം നിയന്ത്രിച്ചിരുന്നത് സഹപൈലറ്റായ ലഗുറാരയാണ്. ഉച്ചകഴിഞ്ഞ 3.21 ഓടെ 8251 അടി ഉയരമുള്ള പ്ലാന്‍ചോണ്‍ ചുരം കടക്കുമെന്ന പ്രതീക്ഷയില്‍ ലഗുറാര, മലര്‍ഗു എയര്‍പോട്ടിലേക്ക് സന്ദേശമയച്ചു. ഈ സന്ദേശമയക്കുന്ന സമയത്ത് മഞ്ഞുകൊണ്ട് പൂര്‍ണമായും ദൃശ്യങ്ങള്‍ മങ്ങിയ അവസ്ഥയിലായിരുന്നു ലഗുറാര ഉണ്ടായിരുന്നത്.

Image: Screengrab/ ABC News

അതുകൊണ്ട് ചുറ്റുമുള്ള കാര്യങ്ങള്‍ നിരീക്ഷിച്ച് വിമാനം പറത്താന്‍ പൈലറ്റിനെ സഹായിക്കുന്ന ഇന്‍സ്ട്രമെന്റല്‍ മെട്രോളജിക്കല്‍ കണ്ടീഷനിലായിരുന്നു വിമാനമുണ്ടായിരുന്നത്. നാവിഗേഷന്‍ സംവിധാനങ്ങളുടെ സഹായത്തോടെ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വിമാനം ചുരം കടക്കുമെന്ന് അദ്ദേഹം എയര്‍പോര്‍ട്ടിലേക്ക് സന്ദേശമയച്ചു. എന്നാല്‍ ഈ സമയത്ത് ചുരമെത്താന്‍ ഇനിയും 70 കിലോമീറ്റര്‍ ബാക്കിയായിരുന്നു എന്നതായിരുന്നു യാഥാര്‍ഥ്യം. നാവിഗേഷന്‍ സംവിധാനം പരാജയപ്പെട്ട വിവരം ലഗുറാര അറിഞ്ഞിട്ടുണ്ടായിരുന്നില്ല.

ചുരത്തിലെത്താന്‍ ഇനിയും 11 മിനിറ്റ് ബാക്കിയുണ്ടെന്നറിയാതെ സഹപൈലറ്റ് ലാന്‍ഡിങിനുള്ള അനുമതി തേടി. എയര്‍ട്രാഫിക് കണ്‍ട്രോളര്‍ അനുമതി നല്‍കുകയും ചെയ്തു. അനുമതി നല്‍കിയ ഉദ്യോഗസ്ഥരും അറിഞ്ഞിട്ടുണ്ടായിരുന്നില്ല വിമാനം ഇപ്പോഴും പര്‍വ്വതത്തിന് മുകളിലൂടെ പറക്കുകയാണെന്ന്. വിമാനം ലാന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. ഈ സമയം യാത്രക്കാരെല്ലാം സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. പെട്ടെന്ന് ഒരു വലിയ കുലുക്കമുണ്ടായി, വിമാനം ഏതോ വലിയ താഴ്ചയിലേക്ക് പതിക്കുന്നതുപോലെയുള്ള അനുഭവം. എന്നാല്‍ ആരും അത് കാര്യമാക്കിയില്ല, അവര്‍ സംസാരം തുടര്‍ന്നു. എന്നാല്‍ വിമാനം പര്‍വ്വതങ്ങള്‍ക്കിടയിലൂടെയാണ് പറക്കുന്നത് എന്ന് മനസിലാക്കിയതോടെ കളിചിരികള്‍ കൂട്ടകരച്ചിലുകളായി മാറി.

കണക്കുകൂട്ടലുകളെല്ലാം പിഴച്ചെന്ന് തിരിച്ചറിഞ്ഞതോടെ വിമാനം വീണ്ടും പറത്താന്‍ ലഗുറാര ശ്രമിച്ചു. വിമാനത്തിന്റെ മുന്‍വശം പര്‍വ്വതത്തിന് മുകളിലേക്ക് എത്തിക്കാന്‍ സാധിച്ചെങ്കിലും വലത് ചിറക് മുറിഞ്ഞുവീണു. വിമാനത്തിന്റെ വാല്‍ഭാഗവും അറ്റുപോയി. എന്നിട്ടും വിമാനം നിന്നില്ല. വിമാനം മറ്റൊരു മലയിലേക്ക് എത്തുകയും രണ്ട് കിലോമീറ്റര്‍ ദൂരം അതിവേഗം മലയിലൂടെ താഴേയ്ക്ക് പായുകയും മഞ്ഞ് കൂനയില്‍ ഇടിച്ച് നില്‍ക്കുകയും ചെയ്തു. വിമാനത്തിന്റെ പിന്‍ ഭാഗം മുറിഞ്ഞ് പോയപ്പോള്‍ രണ്ട് സീറ്റുകളും മൂന്ന് യാത്രക്കാരും ഫ്ളൈറ്റ് ക്രൂ അംഗങ്ങളും ബാഗേജ് ഹോള്‍ഡറുമടക്കം താഴേക്ക് പതിച്ചിരുന്നു.

Cannibalism: Survivor of the 1972 Andes plane crash describes the  'terrible' decision he had to make to stay alive | The Independent | The  Independent

Image: The Independent

വിമാനം മഞ്ഞുമലയില്‍ ഇടിച്ചതോടെ പൈലറ്റുമാരുടെ ശരീരത്തില്‍ കോക്ക്പിറ്റിലെ ഉപകരണങ്ങള്‍ തുളച്ചുകയറി. സംഭവ സമയം തന്നെ ഫെറാദസ് കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ലഗുറാര കോക്ക്പിറ്റില്‍ കുടുങ്ങി. തന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചെന്നും തന്നെ വെടിവെച്ച് കൊല്ലണമെന്നും അദ്ദേഹം യാത്രക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍ യാത്രക്കാര്‍ ആരും അതിന് തയാറായില്ല. പിറ്റേ ദിവസം ലഗുറാര മരണപ്പെട്ടു.

വിമാനത്തിന്റെ വാല്‍ഭാഗത്ത് ഉണ്ടായിരുന്ന അഞ്ച് യാത്രക്കാരും രണ്ട് ജീവനക്കാരും കൊല്ലപ്പെട്ടു. വിമാനം മഞ്ഞുമലയിലിടിച്ച് രണ്ടായി പിളര്‍ന്നിരുന്നു. യാത്രക്കാരായ 45 പേരില്‍ 33 പേര്‍ അപകടത്തിന് ശേഷം ജീവനോടെ അവശേഷിച്ചു. എന്നാല്‍ പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. റഗ്ബി ടീം അംഗങ്ങളായ റോബോര്‍ട്ടോ കനീസയും ഗുസ്താവോയും സെര്‍ബിനോയും മെഡിക്കല്‍ വിദ്യാര്‍ഥികളായിരുന്നു അവര്‍ പരിക്കേറ്റവരെ പരിശോധിച്ചു.

വിമാനം അപകടത്തില്‍പ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചിലിയന്‍ എയര്‍ സെര്‍ച്ച് ആന്റ് റെസ്‌ക്യൂ സര്‍വീസ് അന്വേഷണം ആരംഭിച്ചിരുന്നു. വിപുലമായ വിവരങ്ങള്‍ ഒന്നും ലഭിക്കാതായതോടെ ആന്‍ഡീസ് പര്‍വ്വതനിരയില്‍ ആളുകള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത ഒരിടത്ത് വിമാനം തകര്‍ന്നുവീണു എന്ന് പറഞ്ഞ് അന്വേഷണ സംഘം പാതിവഴിയില്‍ നിന്നു. എന്നാല്‍ ചിലിയന്‍ എയര്‍ സെര്‍ച്ച് ആന്റ് റെസ്‌ക്യൂ സര്‍വീസും ആന്‍ഡീസ് റെസ്‌ക്യൂ ഗ്രൂപ്പും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ വിമാനം ചിലി കടക്കും മുമ്പ് തകര്‍ന്ന് വീണിരിക്കാം എന്ന അനുമാനത്തിലെത്തിയിരുന്നു.

Nothing is impossible: Andes plane crash survivor Nando Parrado shares his  miraculous story | IESE Insight

Image: IESE Business School

രണ്ടാം ദിവസം അര്‍ജന്റീന, ചിലി, യുറഗ്വായ് എന്നിവിടങ്ങളില്‍ നിന്നുള്ള 11 വിമാനങ്ങള്‍ തെരച്ചിലിന്റെ ഭാഗമായെത്തി. ഇതിനിടയില്‍ തെരച്ചില്‍ നടത്തിയ സംഘം അപകടം നടന്ന സ്ഥലത്തിന് മുകളിലൂടെ പലതവണ പറന്നിരുന്നു. തങ്ങളെ അന്വേഷിച്ച് വരുന്ന വിമാനം കണ്ട് താഴെ നിന്ന് അപകടത്തില്‍പെട്ടവര്‍ കൂട്ടത്തോടെ ബഹളം വെക്കുകയും കൈവീശി കാണിക്കുകയും അലമുറയിടുകയും ചെയ്തിരുന്നുവെങ്കിലും ഫലമുണ്ടായില്ല. രക്ഷാപ്രവര്‍ത്തകരുടെ ശ്രദ്ധ പിടിച്ചുപറ്റാനായി അവര്‍ കൈവശമുണ്ടായിരുന്ന ലിപ്സ്റ്റിക്ക് ഉപേയാഗിച്ച് തകര്‍ന്നു കിടന്ന വിമാനത്തിന്റെ മുകളില്‍ ഒരു സന്ദേശമെഴുതാന്‍ ശ്രമിച്ചു. എന്നാല്‍ എഴുതാനാവശ്യമായ ലിപ്സ്റ്റിക്ക് അവരുടെ കൈവശമുണ്ടായിരുന്നില്ല എന്നതുകൊണ്ട് തന്നെ ആ ശ്രമവും പരാജയപ്പെട്ടു. ലഗേജ് ഉപയോഗിച്ച് ഒരു കുരിശുരൂപം ഉണ്ടാക്കി രക്ഷാപ്രവര്‍ത്തകരുടെ ശ്രദ്ധക്ഷണിക്കാന്‍ ശ്രമിച്ചെങ്കിലും അതും പരാജയപ്പെടുകയായിരുന്നു കനത്ത മഞ്ഞുവീഴ്ചയുണ്ടായതു കൊണ്ട് അപകടം നടന്ന സ്ഥലത്ത് അവശേഷിച്ച ആളുകളെയോ അപകടത്തില്‍ പെട്ട വിമാനമോ കാണ്ടെത്താന്‍ തെരച്ചില്‍ നടത്തിയവര്‍ക്കായില്ല. അപകടത്തിന്റെ സ്വഭാവവും കടുത്ത മഞ്ഞും ഒന്നിക്കുമ്പോള്‍ ആരും ജീവനോടെ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന വിലയിരുത്തലില്‍ അപകടം നടന്ന് എട്ടാം ദിവസം ഒക്ടോബര്‍ 21ന് തെരച്ചില്‍ അവസാനിപ്പിച്ചു.

തെരച്ചില്‍ അവസാനിപ്പിക്കുമ്പോള്‍ പറഞ്ഞിരുന്നത് മഞ്ഞ് ഉരുകിയതിന് ശേഷം ഡിസംബറില്‍ വീണ്ടും തെരച്ചില്‍ തുടരാമെന്നായിരുന്നു. 33 പേരായിരുന്നു അപകടത്തില്‍ അവശേഷിച്ചിരുന്നെങ്കിലും അതില്‍ അഞ്ചുപേര്‍ സംഭവ ദിവസം രാത്രി തന്നെ മരിച്ചു. അപകടം നടന്ന് നാലരദിവസത്തിന് ശേഷമാണ് ഗുരുതരമായി പരിക്കേറ്റ നാന്‍ഡോ പറാഡോയ്ക്ക് ബോധം തിരിച്ചുകിട്ടിയത്. നാന്‍ഡോയുടെ ജീവന്‍ നിലനിര്‍ത്തിയത് കടുത്ത തണുപ്പ് തന്നെയായിരുന്നു. ബോധം തിരിച്ചുകിട്ടിയപ്പോള്‍ വിമാനം തകര്‍ന്നുവീണ വിവരം സുഹൃത്തുക്കള്‍ നാന്‍ഡോയെ അറിയിച്ചു. മത്സരം നടക്കുമ്പോള്‍ തനിക്ക് പ്രോത്സാഹനം നല്‍കാന്‍ കൂടെ കൂട്ടിയ അമ്മയും സഹോദരിയും മരിച്ചെന്ന വിവരം നാന്‍ഡോയെ വല്ലാതെ തളര്‍ത്തി.

28 പേരുടെ വിശപ്പടക്കാന്‍ വേണ്ടതൊന്നും അവരുടെ കൈവശം ഉണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്നത് എട്ട് ചോക്ലേറ്റ് ബാറുകളും മൂന്ന് ചെറിയ ജാം ജാറുകളും കുറച്ചു മിഠായിയും ഒരു ടിന്‍ ബദാമും കുറച്ച് ഈന്തപ്പഴങ്ങളും മാത്രമായിരുന്നു. അത് എല്ലാം കൂടി അവരുടെ ഒരുനേരത്തെ വിശപ്പടക്കാന്‍ തികയുമായിരുന്നില്ല. ആദ്യമായാണ് അവര്‍ മലകളും മഞ്ഞും കാണുന്നത് അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു ഭൂപ്രദേശത്ത് എങ്ങനെ അതിജീവിക്കണമെന്ന് ഒരു ധാരണയും അവര്‍ക്ക് ഉണ്ടായിരുന്നില്ല. നാന്‍ഡോ പറാഡോ തനിക്ക് ലഭിച്ച ചോക്ലേറ്റില്‍ പൊതിഞ്ഞ ഒരു കടല കഴിച്ചത് മൂന്നു ദിവസങ്ങള്‍ കൊണ്ടായിരുന്നുവെന്നതാണ് ശ്രദ്ധേയം.

രക്ഷപ്പെടുത്താന്‍ ആരെങ്കിലും വരുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ബാക്കിയുള്ളവര്‍. അങ്ങനെ ഇരിക്കുമ്പോള്‍ അവര്‍ക്ക് വിമാനത്തിനുള്ളില്‍ നിന്ന് ഒരു റേഡിയോ ലഭിച്ചു. അത് പ്രവര്‍ത്തിപ്പിച്ചപ്പോള്‍ അവര്‍ ആദ്യമായി കേട്ട വാര്‍ത്ത അവര്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിച്ചു എന്നതായിരുന്നു. ഇതുകേട്ട് അവര്‍ അലറി കരഞ്ഞു, ആരും വരില്ലെന്ന് ഒടുക്കം തിരിച്ചറിഞ്ഞു.

അപകടത്തില്‍പ്പെട്ടവര്‍

ഭക്ഷണം തീര്‍ന്നപ്പോള്‍ വിശപ്പ് സഹിക്കാന്‍ കഴിയാതെ അവര്‍ വിമാനത്തിന്റെ ഇരിപ്പിടങ്ങളിലെ പഞ്ഞിയും ഷൂവിലേയും ബല്‍റ്റിലേയും ലെതറും ഭക്ഷണമാക്കി. ഇത് അവരെ രോഗികളും അവശരുമാക്കിത്തീര്‍ത്തു. ദാഹം കൊണ്ട് തൊണ്ട വരണ്ടപ്പോള്‍ അവര്‍ മഞ്ഞുകട്ടകള്‍ വായിലിട്ട് അലിയിച്ച് കഴിക്കാന്‍ തുടങ്ങി. തുടര്‍ച്ചയായി മഞ്ഞ് കഴിച്ചത് കാരണം അവരുടെ വായില്‍ വലിയ മുറിവുകളുണ്ടായി.

അങ്ങനെ നാന്‍ഡോ, കലിത്തോസിനോട് പറഞ്ഞു താന്‍ പൈലറ്റിനെ തിന്നാന്‍ പോകുകയാണെന്ന്. ഇതുകേട്ട് കലിത്തോസ് അമ്പരന്നെങ്കിലും അതിജീവിക്കാന്‍ ഇതല്ലാതെ വെറെ വഴിയില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. അങ്ങനെ അവര്‍ കൂടെ ഉണ്ടായിരുന്നവരുടെ ജഡം ഭക്ഷിക്കാന്‍ ആരംഭിച്ചു. രണ്ടുപേര്‍ ഒഴികെയാണ് ഇതിന് തയാറായത്. നുമ്മ തുര്‍ക്കാട്ടിയും പിന്നെ സംഘത്തില്‍ അവശേഷിച്ചിരുന്ന ഒരേയൊരു വനിതയായിരുന്ന ലിലിയാനയുമായിരുന്നു അത്. എന്നാല്‍ അവസാനം വേറെ വഴിയില്ലാതെ ലിലിയാനയും മൃതദേഹം ഭക്ഷിക്കാന്‍ തുടങ്ങി.

അവിടെ നില്‍ക്കുന്ന ഓരോ ദിവസവും അവര്‍ക്ക് പലതരത്തിലുള്ള വെല്ലുവിളികളെ അതിജീവിക്കേണ്ടി വന്നിരുന്നു. ഇനി ഇവിടെ നില്‍ക്കുന്ന ഒരോനിമിഷവും കാര്യങ്ങള്‍ കൂടുതല്‍ അപകടത്തിലാകുമെന്നും അതുകൊണ്ട് മഞ്ഞുമല താണ്ടണമെന്നും നാന്‍ഡോ കൂടെയുള്ളവരെ ബോധ്യപ്പെടുത്തി. പക്ഷേ, നാന്‍ഡോയെ പിന്തുണയ്ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ഇനിയും തുടര്‍ന്നാല്‍ അമ്മയുടെയും സഹോദരിയുടെയും മൃതശരീരം ഭക്ഷിക്കേണ്ടി വരുമെന്ന് ഭയന്നിട്ടാണ് നാന്‍ഡോ ഇങ്ങനെ പറയുന്നതെന്ന് ബാക്കിയുള്ളവര്‍ പരിഹസിച്ചു.

യാത്രയില്‍ തനിക്കൊപ്പം വരാന്‍ നാന്‍ഡോ പറാഡോ സുഹൃത്തുക്കളെ നിര്‍ബന്ധിച്ചു. എന്നാല്‍ ആരും വരാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് പറാഡോ യാ്രതയ്ക്കിറങ്ങി. പറാഡോ മുന്നോട്ട് നടന്നു തുടങ്ങിയപ്പോള്‍ കനീസ കൂടെയെത്തി. ഇരുവര്‍ക്കുമൊപ്പം വിന്‍സന്റും ഇറങ്ങി. യാത്രാമധ്യേ കഴിക്കാനായി സോക്‌സില്‍ പൊതിഞ്ഞ് അവര്‍ കുറച്ച് മനുഷ്യമാംസം എടുത്തിരുന്നു.

Old Christian Club Team Members

എന്നാല്‍ കാലിന് ഗുരുതരമായ മുറിവ് ഉണ്ടായതിനാല്‍ വിന്‍സന്റിന് യാത്ര പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. അയാള്‍ തിരിച്ച് വിമാനഷെഡ്ഡിലേക്ക് മടങ്ങി. കനീസയും പറാഡോയും തങ്ങളുടെ യാത്ര തുടര്‍ന്നു. വിചാരിച്ചതില്‍ നിന്ന് എത്രയോ ബുദ്ധിമുട്ടേറിയതാണ് ആ യാത്രയെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടുതുടങ്ങി. നടക്കുന്തോറും കനീസയ്ക്കും പറാഡോയ്ക്കും മുന്നില്‍ മഞ്ഞുമൂടിയ മലകള്‍ കൂടുതല്‍ ദൃശ്യമായി തുടങ്ങി. തലേദിവസം മഞ്ഞുമലയുടെ മുകളില്‍ നിന്ന് നോക്കിയപ്പോള്‍ കണ്ട താഴ്വാരം ലക്ഷ്യമാക്കി അവര്‍ നടന്നു. ക്രമേണ അവര്‍ക്കു മുമ്പില്‍ മനുഷ്യജീവിതത്തിന്റെ അടയാളങ്ങള്‍ ഒരോന്നായി തെളിഞ്ഞുതുടങ്ങി.

ഒടുവില്‍ ഒമ്പതാം ദിവസം അവര്‍ കുറച്ചു പശുക്കളെക്കണ്ടു. ഈ സമയത്ത് മുന്നോട്ട് നടക്കാന്‍ കഴിയാത്തതരത്തില്‍ കനീസ തളര്‍ന്നു കഴിഞ്ഞിരുന്നു. ഇപ്പോള്‍ അവര്‍ ഉള്ളത് ഒരു നദിക്കരയിലാണ്. നദിയുടെ മറുകരയില്‍ കുതിരപ്പുറത്ത് ഒരാളുണ്ട്. കനീസയാണ് അയാളെ ആദ്യം കണ്ടത്. പത്തു ദിവസമെടുത്ത് 70 കിലോമീറ്റര്‍ നടന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് അവര്‍ മനുഷ്യവാസമുള്ളൊരിടത്ത് എത്തിച്ചേര്‍ന്നിരിക്കുന്നത്.

മറുകരയിലുള്ള ആളോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും നദി ഒഴുകുന്നതിന്റെ യിലെ ശബ്ദം കാരണം ആശയവിനിമയം നല്ല രീതിയില്‍ നടന്നില്ല. മറുകരയിലുണ്ടായിരുന്നയാള്‍ തന്റെ കയ്യിലുണ്ടായിരുന്ന പെന്‍സിലും പേപ്പറും ഒരു കല്ലില്‍ കെട്ടി പറാഡോയ്ക്കും കനീസയ്ക്കും എറിഞ്ഞു കൊടുത്തു. അവര്‍ കാര്യമെഴുതി അയാളെ അറിയിച്ചു. അയാള്‍ അവര്‍ക്ക് കഴിക്കാന്‍ ഭക്ഷണവും കുളിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യവും നല്‍കി. കനീസയും പറാഡോയും പുറംലോകത്ത് എത്തിയതോടെ അപകടത്തില്‍ പെട്ടവര്‍ ജീവനോടെ ബാക്കിയുണ്ടെന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. അത് ലോകത്തെ മുഴുവന്‍ ഞെട്ടിച്ചു. ചിലിയന്‍ എയര്‍ഫോഴ്‌സിന്റെ മൂന്ന് ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി അപകടം നടന്ന സ്ഥലത്തേക്ക് തിരിച്ചു.

1972 ഡിസംബര്‍ 22 ന് ഉച്ചകഴിഞ്ഞ് രണ്ട് ഹെലികോപ്റ്ററുകളാണ് അപകടസ്ഥലത്ത് എത്തിയത്. ഉയരവും ഭാരവും നോക്കി പരിക്കേറ്റവരെ രക്ഷപ്പെടുത്തി. ആദ്യദിനം പുറംലോകത്ത് എത്താന്‍ സാധിച്ചത് കുറച്ചുപേര്‍ക്ക് മാത്രമാണ്. ബാക്കിയുള്ളവര്‍ക്ക് ഒരു രാത്രി കൂടി അവിടെ കഴിയേണ്ടി വന്നു. രണ്ടാമത്തെ ഹെലികോപ്റ്റര്‍ പിറ്റേ ദിവസമെത്തി അവശേഷിച്ചിരുന്നവരെക്കൂടി രക്ഷപ്പെടുത്തി.

Survivor Roberto Canessa relives 1972 plane crash in the Andes | CGTN  America

Image: CGTN America

ജീവിതം അവസാനിച്ചെന്ന് കരുതിയിടത്ത് നിന്ന് തിരിച്ചു വന്ന സന്തോഷത്തില്‍ തങ്ങളുടെ അതിജീവന കഥ പറയാന്‍ ഡിസംബര്‍ 26 ന് രക്ഷപെട്ട 16 പേര്‍ ചേര്‍ന്ന് ഒരു പത്രസമ്മേളനം നടത്തി. പത്രസമ്മേളനത്തിനിടയ്ക്ക് ശക്തമായ ചോദ്യങ്ങള്‍ അവര്‍ക്കു നേരിടേണ്ടി വന്നു. അതില്‍ ഒന്ന് കഴിഞ്ഞ 72 ദിവസം നിങ്ങള്‍ എന്ത് കഴിച്ചു എന്നതായിരുന്നു. ഞങ്ങള്‍ അതിന് ഉത്തരം പറയാന്‍ പോകുന്നില്ലെന്നായിരുന്നു നാന്‍ഡോ മറുപടി നല്‍കിയത്.

അതിജീവിക്കാനായി അവര്‍ സുഹൃത്തുക്കളെ കൊന്നുതിന്നുവെന്ന് ചില മാധ്യമങ്ങള്‍ ഇതിന് പിന്നാലെ വാര്‍ത്ത നല്‍കി. അതോടെ അതിജീവനത്തിന് തങ്ങള്‍ക്ക് കൂടെയുണ്ടായിരുന്നവരെ ഭക്ഷിക്കേണ്ടിവന്നുവെന്ന് അവര്‍ക്ക് വെളിപ്പെടുത്തേണ്ടി വന്നു. മരിച്ചവരുടെ ശരീരാവശിഷ്ടങ്ങള്‍ വിമാനം തകര്‍ന്നയിടത്ത് ഒരു പൊതുശവക്കുഴിയില്‍ അടക്കം ചെയ്യാന്‍ സര്‍ക്കാരും ബന്ധുക്കളും തീരുമാനിച്ചു. 15 പേരുടെ അവശിഷ്ടങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 13 പേരുടെ മൃതദേഹങ്ങള്‍ പൂര്‍ണരൂപത്തില്‍ ഉണ്ടായിരുന്നു.

2009ല്‍ യുറഗ്വായിലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇവരുടെ അനുഭവം സൊസൈറ്റി ഓഫ് ദി സ്‌നോ എന്ന പേരില്‍ പുസ്തകമാക്കി. പിന്നീട് 2023ല്‍ ഇതേ പേരില്‍ ഇവരുടെ കഥ സിനിമയായി. ഇന്നായിരുന്നു ഈ അപകടം സംഭവിച്ചിരുന്നതെങ്കില്‍ എല്ലാവരെയും ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിച്ചിരുന്നേനെ. അതിജീവന കഥകളുടെ കൂട്ടത്തില്‍ ഈ 16 പേരുടെ കഥയ്ക്ക് മറ്റെന്തിനേക്കാളും പ്രാധാന്യമുണ്ട്.

Latest News