Abu Dhabi Parking Fee: അബുദാബിയില്‍ മൂന്നിടങ്ങളില്‍ കൂടി പാര്‍ക്കിങ് ഫീസ് വരുന്നു
Abu Dhabi News: പണം നല്‍കി പാര്‍ക്ക് ചെയ്യേണ്ട ഇടങ്ങളില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അനധികൃത പാര്‍ക്കിങ്ങുകള്‍ നിയന്ത്രിക്കാനും റോഡ് സുരക്ഷ ഉറപ്പാക്കാനുമാണ് പെയ്ഡ് പാര്‍ക്കിങ് കൊണ്ടുവന്നിരിക്കുന്നതെന്നും അബുദാബി മൊബിലിറ്റി അറിയിച്ചു.
മൂന്ന് ഇടങ്ങളില്‍ കൂടി പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തി അബുദാബി. ഖലീഫ കൊമേഴ്ഷ്യല്‍ ഡിസ്ട്രിക്ടിലും ഖലീഫ സിറ്റി, ഇത്തിഹാദ് പ്ലാസ എന്നിവിടങ്ങളിലാണ് പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എസ്ഡബ്‌ള്യു 2, എസ്ഡബ്‌ള്യു 45, എസ്ഡബ്‌ള്യു 48 എന്നിവയാണ് പുതുതായി പാര്‍ക്കിങ് ഏര്‍പ്പെടുത്തിയ സ്ഥലങ്ങള്‍. അല്‍ മിരീഫ് സ്ട്രീറ്റില്‍ ഇത്തിഹാദ് എയര്‍വേഴ്‌സിന്റെ ആസ്ഥാനമന്ദിരത്തോട് ചേര്‍ന്നുള്ളതാണ് എസ്ഡബ്‌ള്യു 48. ഇവിടെ 694 വാഹനങ്ങള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാനാകും.
ഇത്തിഹാദ് പ്ലാസയ്ക്ക് സമീപമുള്ള എസ്ഡബ്‌ള്യു 45ല്‍ 1283 വാഹനങ്ങളാണ് പാര്‍ക്ക് ചെയ്യാന്‍ സാധിക്കുക. ഇതില്‍ 17 എണ്ണം ഭിന്നശേഷിക്കാര്‍ക്കായി നല്‍കിയിട്ടുണ്ട്. അല്‍ മര്‍മൂഖ് സ്ട്രീറ്റിനും അല്‍ ഖലായിദ് സ്ട്രീറ്റിനും ഇടയിലാണ് എസ്ഡബ്‌ള്യു 2 ഇവിടെ 523 വാഹനങ്ങളാണ് ഒരേസമയം പാര്‍ക്ക് ചെയ്യാനാകുക. ഇതില്‍ 17 എണ്ണം ഭിന്നശേഷിക്കാര്‍ക്കുള്ളതാണ്.
പ്രീമിയം, സ്റ്റാന്‍ഡേര്‍ഡ് എന്നീ പാര്‍ക്കിങ്ങുകളാണുള്ളത്. വെള്ളയും നീലയും നിറത്തോടുകൂടിയത് പ്രീമിയം പാര്‍ക്കിങ്ങും കറുപ്പും നീലയും നിറത്തോടുകൂടിയത് സ്റ്റാന്‍ഡേര്‍ഡ് പാര്‍ക്കിങ്ങുമാണ്.
പ്രീമിയം പാര്‍ക്കിങ്ങില്‍ മണിക്കൂറിന് 3 ദിര്‍ഹമാണ് ചാര്‍ജ് ഈടാക്കുന്നത്. രാവിലെ 8 മുതല്‍ രാത്രി 12 വരെയാണ് സമയം, പരമാവധി നാല് മണിക്കൂറാണ് ഒരാള്‍ക്ക് ഇവിടെ വാഹനം പാര്‍ക്ക് ചെയ്യാനാകുക. സ്റ്റാന്റേര്‍ഡ് പാര്‍ക്കിങ്ങില്‍ മണിക്കൂറിന് 2 ദിര്‍ഹമാണ് ചാര്‍ജ്. 24 മണിക്കൂറിന് 15 ദിര്‍ഹം നല്‍കണം.
പണം നല്‍കി പാര്‍ക്ക് ചെയ്യേണ്ട ഇടങ്ങളില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അനധികൃത പാര്‍ക്കിങ്ങുകള്‍ നിയന്ത്രിക്കാനും റോഡ് സുരക്ഷ ഉറപ്പാക്കാനുമാണ് പെയ്ഡ് പാര്‍ക്കിങ് കൊണ്ടുവന്നിരിക്കുന്നതെന്നും അബുദാബി മൊബിലിറ്റി അറിയിച്ചു.