നമ്മളിൽ പലരും ഒരിക്കലെങ്കിലും നേരിട്ടിട്ടുള്ള പ്രശ്നമാണ്, കടം കൊടുത്ത പണം തിരികെ ലഭിക്കാതിരിക്കുന്നത്. ഓരോരുത്തരും അവരുടെ അവസ്ഥകളും സാഹചര്യങ്ങളും പറഞ്ഞു നമ്മളിൽ നിന്ന് പണം വാങ്ങുമെങ്കിലും, തിരികെ നൽകാൻ പലരും മടിക്കാറുണ്ട്.
Image Courtesy: Getty Images/PTI
ഒരുപക്ഷെ നമ്മുടെ അടുത്ത ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ആയിരിക്കാം കടം കൊടുത്തത്. അതിനാൽ, ചോദിക്കുന്നതിൽ നമുക്ക് പരിമിതിയും ഉണ്ട്. എന്നാൽ, ബന്ധം വഷളാകാതെ തന്നെ എങ്ങനെ കടം കൊടുത്ത പണം തിരികെ വാങ്ങാം എന്ന് നോക്കാം.
കടം കൊടുത്ത ആളും, വാങ്ങിയ ആളും തമ്മിൽ വ്യക്തമായ ആശയവിനിമയം ഉണ്ടായിരിക്കണം. ചിലർ പണം തിരികെ നൽകാതിരുന്നതിനുള്ള കാരണം മറവി ആയിരിക്കാം. അതിനാൽ കൃത്യമായ ഇടവേളകളിൽ അവരെ ഓർമ്മിപ്പിക്കുക.
കടം കൊടുക്കുന്നതിന് മുൻപ് തന്നെ പണം എന്ന് തിരികെ ലഭിക്കും എന്ന കാര്യത്തിൽ രണ്ടു കൂട്ടരും ഒരു ധാരണയിൽ എത്തണം. രണ്ടു പേർക്കും അനുസൃതമായ രീതിയിൽ ഒരു സമയപരിധി നിശ്ചയിക്കാം.
വലിയ തുക കടം കൊടുക്കുമ്പോൾ, ഒരുമിച്ച് മടക്കി തരാൻ ആവശ്യപ്പെടുന്നതിന് പകരം ഗഡുക്കളായി തിരികെ വാങ്ങാം. എത്ര ഗഡുകൾ, എപ്പോൾ ലഭിക്കും തുടങ്ങിയ കാര്യങ്ങളിൽ ഒരു ധാരണ വേണം.
കടം കൊടുക്കുമ്പോൾ തന്നെ ആ വിവരങ്ങൾ എവിടെയെങ്കിലും കുറിച്ച് വയ്ക്കുക. പിന്നീട് ഒരു സംശയത്തിനോ, അഭിപ്രായ വ്യത്യാസത്തിനോ ഇടയുണ്ടാക്കാതിരിക്കാൻ ഇത് സഹായിക്കും.
വലിയ തുക കടം കൊടുക്കുന്ന സമയത്ത് രേഘാമൂലം നൽകാൻ ശ്രമിക്കുക. ബാങ്ക് വഴി ഇടപാടുകൾ നടത്തുമ്പോൾ കടം കൊടുത്തതിനുള്ള തെളിവ് നമ്മുടെ കൈവശം ഉണ്ടാകും.
ഒരുപാട് വട്ടം ശ്രമിച്ചിട്ടും പണം ലഭിക്കുന്നില്ലെങ്കിൽ, വിശ്വാസമുള്ള ഒരാളുടെ മധ്യസ്ഥത തേടാം. കാര്യങ്ങൾ കൂടുതൽ എളുപ്പത്തിൽ മുന്നോട്ട് നീങ്ങാൻ ഇത് സഹായിച്ചേക്കും.