21 July 2024
Abdul basith
സംസ്ഥാനത്ത് നിപ്പ രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. മലപ്പുറത്താണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൻ്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് ചില നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
നിപ സ്ഥിരീകരിച്ച കുട്ടിയുടെ വീട് ഉൾപ്പെടുന്ന പാണ്ടിക്കാട് പഞ്ചായത്തിലും സ്കൂൾ ഉൾപ്പെടുന്ന ആനക്കയം പഞ്ചായത്തിലും കടകൾ രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെയേ പ്രവർത്തിക്കാവൂ.
ഈ പഞ്ചായത്തുകളിലെ മദ്രസ, ട്യൂഷൻ സെൻ്ററുകൾ തുടങ്ങിയവകൾക്ക് പ്രവർത്തിക്കാൻ അനുവാദമില്ല. പഞ്ചായത്തുകളിൽ ആൾക്കൂട്ടം പാടില്ലെന്നും നിയന്ത്രണങ്ങളുണ്ട്.
രണ്ട് പഞ്ചായത്തുകളിലും പൊതുജനങ്ങൾക്ക് പുറത്തിറങ്ങുമ്പോൾ മാസ്ക് നിർബന്ധമാക്കി. രോഗബാധ തടയാൻ മാസ്ക് നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.
രണ്ട് പഞ്ചായത്തുകളിലെയും തീയറ്ററുകൾ അടച്ചിടും. അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് പറയുന്നു.
കുട്ടിയുമായി സമ്പര്‍ക്കമുണ്ടായവര്‍ ഉടന്‍ ആരോഗ്യവകുപ്പിനെ വിവരമറിയിക്കണമെന്നാണ് നിർദ്ദേശം. കുട്ടിയുടെ റൂട്ട് മാപ്പും പുറത്തുവിട്ടു.
ബ്രൈറ്റ് ട്യൂഷൻ സെന്റർ പാണ്ടിക്കാട്, ഡോ. വിജയൻസ് ക്ലിനിക് തുടങ്ങി വിവിധയിടങ്ങളിൽ ജൂലൈ 11 മുതൽ 15 വരെയുളള ദിവസങ്ങളിൽ കുട്ടി സന്ദർശിച്ചിട്ടുണ്ട്.