രക്തത്തിൽ ആവശ്യമായ അളവിൽ ഇരുമ്പ് ഉണ്ടാവേണ്ടത് വളരെ അത്യാവശ്യമാണ്. രക്തത്തിലെ ഹീമോഗ്ലോബിൻ്റെ ഉത്പാദനത്തിൽ നിർണായക പങ്കാണ് ഇരുമ്പ് വഹിക്കുന്നത്.
രക്തത്തിൽ ആവശ്യത്തിന് ഇരുമ്പില്ലെങ്കിൽ വിളർച്ചയുണ്ടാവും. നമ്മുടെ രാജ്യത്ത് വളരെ സാധാരണയായി കുട്ടികളിൽ കാണപ്പെടുന്ന അസുഖമാണ് വിളർച്ച. ഇരുമ്പ് കുറയുന്നത് മറ്റ് പല ബുദ്ധിമുട്ടുകളുമുണ്ടാക്കും. ഇതാ, രക്തത്തിൽ ഇരുമ്പ് കുറവാണെന്നതിനുള്ള അഞ്ച് ലക്ഷണങ്ങൾ
രക്തത്തിൽ ഇരുമ്പിൻ്റെ അളവ് കുറയുന്നവർക്ക് എപ്പോഴും തളർച്ചയും ഉന്മേഷക്കുറവുമായിരിക്കും. ഇരുമ്പ് കുറവായതിനാൽ ഹീമോഗ്ലോബിൻ ഉത്പാദനം കുറയുകയും അതുവഴി ഓക്സിജൻ വിതരണം കുറയുകയും ചെയ്യുന്നതാണ് കാരണം.
ചർമ്മത്തിൻ്റെ നിറം കുറയുന്നതും ഇരുമ്പിൻ്റെ അളവ് കുറയുന്നതിൻ്റെ ലക്ഷണമാണ്. മുഖം, നഖം എന്നിവിടങ്ങളിലെ ചർമ്മങ്ങളിലാണ് ഇത് കൂടുതൽ അറിയാനാവുക.
രക്തത്തിൽ ഇരുമ്പിൻ്റെ അളവ് കുറഞ്ഞാൽ ശ്വസിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടും. പ്രത്യേകിച്ചും കായികാധ്വാനമുള്ള ജോലികൾ ചെയ്യുമ്പോൾ.
ഇടയ്ക്കിടെയുള്ള അണുബാധയും ഇതിൻ്റെ ലക്ഷണമാണ്. ഇരുമ്പിൻ്റെ അളവ് കുറഞ്ഞാൽ ഇടയ്ക്കിടെ ജലദോഷം, തുമ്മൽ എന്നിവയൊക്കെ ഉണ്ടാവാനിടയുണ്ട്.
ഐസ്, പേപ്പർ, ചളി തുടങ്ങിയവ കഴിക്കാനുള്ള കൊതിയും ഇരുമ്പിൻ്റെ അളവ് കുറയുന്നത് മൂലം ഉണ്ടാവാം.