നമ്മുടെ ഭക്ഷണശീലങ്ങളിൽ ഒഴിവാക്കാനാവാത്ത പച്ചക്കറിയാണ് സവാള. ഏത് കറിയ്ക്കും സവാള വേണം. സവാളയില്ലാത്ത സാലഡ് ചിന്തിക്കാനാവുമോ. മുറിയ്ക്കുമ്പോൾ കണ്ണെരിയുമെങ്കിലും സവാള നമുക്ക് ഏറെ പ്രിയപ്പെട്ടതാണ്.
സവാള പാചകം ചെയ്താണ് നമ്മൾ കഴിക്കാറ്. പാചകം ചെയ്ത് കഴിച്ചാൽ ഗുണം കൂടുന്ന പച്ചക്കറികൾക്കിടയിൽ വ്യത്യസ്തനാണ് സവാള. സവാള പച്ചയ്ക്ക് കഴിച്ചാൽ മറ്റ് ചില ഗുണങ്ങളുണ്ട്.
പാചകം ചെയ്യാതെ പച്ചയ്ക്ക് സവാള കഴിച്ചാൽ രോഗപ്രതിരോധ ശേഷി വർധിക്കുമെന്ന കണ്ടെത്തലുണ്ട്. വൈറ്റമിൻ സി ധാരാളമുള്ള സവാള വെളുത്ത രക്താണുക്കളുണ്ടാവാൻ സഹായിക്കും. ഈ രക്താണുക്കൾ രോഗപ്രതിരോധ ശേഷി വർധിപ്പിക്കും.
പാചകം ചെയ്യാത്ത സവാളയിലെ നാരുകൾ ദഹനത്തെ സഹായിക്കും. ഉദരസംബന്ധിയായ പല പ്രശ്നങ്ങളും ഇത് കുറയ്ക്കുകയും ചെയ്യും.
ക്വെർസെറ്റിൻ പോലുള്ള ആൻ്റിഓക്സിഡൻ്റുകൾ ധാരാളമുണ്ട്, സവാളയിൽ. ഇത് ശരീരത്തിലെ മോശം കൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം വർധിപ്പിക്കും.
സവാളയിലെ ആൻ്റിഓക്സിഡൻ്റ്സും വൈറ്റമിൻ സിയും ചർമ്മാരോഗ്യത്തിന് ഫലപ്രദമാണ്. പാടുകൾ, കുരുക്കൾ തുടങ്ങി തൊലിപ്പുറത്തെ പല പ്രശ്നങ്ങൾക്കും പരിഹാരമാണിത്.
തലച്ചോറിലെ ന്യൂറോട്രാൻസ്മിറ്ററുകളുടെ പ്രവർത്തനങ്ങളെ സഹായിക്കുന്ന സൾഫർ ഘടകങ്ങൾ പാചകം ചെയ്യാത്ത സവാളയിലുണ്ട്. ഇത് തലച്ചോറിൻ്റെ പ്രവർത്തനം കാര്യക്ഷമമാക്കും.