Electric Salt Spoon | ഉപ്പ് തൊട്ട് നോക്കണ്ട, ഈ സ്പൂൺ മാത്രം മതി; ജാപ്പനീസ് ടെക്നോളജി, എല്ലായിടത്തേക്കും
Electric Salt Spoon Using: ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഈ സ്പൂൺ ആണ് ഭക്ഷണത്തിന് ഉപ്പ് രുചി നൽകുന്നത്. ആരോഗ്യകരമായ ഭക്ഷണശീലം വളർത്തിയെടുക്കുകയാണ് ഇതിന് പിന്നിലെ ഉദ്ദേശം
ചോറിന്, കറിക്ക്, പലഹാരങ്ങൾക്ക് എന്തിന് വെറും നാരങ്ങ വെള്ളത്തിന് പോലും ഉപ്പ് നോക്കുന്നത് ശീലമാണ് ആളുകൾക്ക്. ഇത്തരക്കാർക്ക് ഉപ്പ് നോക്കാൻ പ്രത്യേക തരം ഇലക്ട്രിക് സ്പൂൺ അവതരിപ്പിച്ചിരിക്കുകയാണ് ജാപ്പനീസ് കമ്പനി. ഭക്ഷണത്തിൽ ഉപ്പിന്റെ ഉപയോഗം കുറയ്ക്കുകയാണ് ലക്ഷ്യം.
ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഈ സ്പൂൺ ആണ് ഭക്ഷണത്തിന് ഉപ്പ് രുചി നൽകുന്നത്. ആരോഗ്യകരമായ ഭക്ഷണശീലം വളർത്തിയെടുക്കുകയാണ് ഇതിന് പിന്നിലെ ഉദ്ദേശമെന്ന് സ്പൂണിൻ്റെ നിർമ്മാതാക്കൾ പറയുന്നു. സ്പൂണിൻ്റെ അഗ്രഭാഗത്ത് വളരെ ചെറിയ തോതിലൂടെ വൈദ്യുതി കടത്തിവിട്ട് നാവിൽ സോഡിയം അയൺ തന്മാത്രകളെ കേന്ദ്രീകരിപ്പിച്ചാണ് ഇലക്ട്രിക് സോൾട്ട് സ്പൂൺ പ്രവർത്തിക്കുന്നത്.
പ്ലാസ്റ്റിക്കിലും ഇരുമ്പിലും പ്രവർത്തിക്കുന്ന ഇത് ഭക്ഷണത്തിലെ ലവണാംശം ഒന്നര മടങ്ങ് വർദ്ധിപ്പിക്കും. ഉപഭോക്താക്കൾക്ക് ഇതിൻ്റെ തീവ്രത നാല് വ്യത്യസ്ത ലെവലുകളിലായി നിയന്ത്രിക്കാം എന്നതാണ് പ്രത്യേകത. നേരത്തെ ഇത്തരത്തിൽ ഒരു ഇലക്ട്രിക് ചോപ്‌സ്റ്റിക് കമ്പനി അവതരിപ്പിച്ചിരുന്നു. 60 ഗ്രാം ഭാരമുള്ള സ്പൂണാണിത്. ഇത് പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്നത് ലിഥിയം ബാറ്ററിയാണ്.
ആദ്യ ഘട്ടത്തിൽ 200 സ്പൂണുകൾ ഓൺലൈനിലൂടെ വിൽക്കാനാണ് കമ്പനിയുടെ തീരുമാനം. ഇന്ത്യൻ രൂപ 10,508 ആണ് ഇതിൻ്റെ വില.അടുത്ത വർഷം മുതലായിരിക്കും ജപ്പാന് പുറത്ത് കമ്പനി വിൽപ്പന ആരംഭിക്കുന്നത്.
ആഗോള തലത്തിൽ 10 ലക്ഷം ഉപഭോക്താക്കളെ എങ്കിലും കണ്ടെത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. ജപ്പാനിൽ മുതിർന്നവർ ദിവസവും ശരാശരി 10 ഗ്രാം ഉപ്പ് കഴിക്കുന്നെന്നാണ് കണക്ക്. പലപ്പോഴും ഉപ്പ് അമിതമാകുന്നത് രക്തസമ്മർദ്ദം ഉയരാനും സ്ട്രോക്ക് അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.