Instagram: ഇൻസ്റ്റാഗ്രാം മടുത്തു തുടങ്ങിയോ? കണ്ട റീല്‍സുകള്‍ വീണ്ടും ഫീഡില്‍ വരാറുണ്ടോ? പരിഹാരം ഇതാ
Reset Instagram Algorithm: മിക്കപ്പോഴും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കണ്ടതോ തിരഞ്ഞതോ ആയ വീഡിയോ പിന്നീട് ഇൻസ്റ്റാഗ്രാമിന്റെ ഫീഡിൽ വരാറുണ്ട്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കൂടുതലായും ഇന്ന് ഇൻസ്റ്റാഗ്രാമാണ് ഉപയോഗിക്കുന്നത്. എന്നാൽ ചില സമയങ്ങളിൽ ഇൻസ്റ്റാഗ്രാം മടുക്കാറുണ്ട്. പുതുതായി ഒന്നും ചില സമയങ്ങളിൽ പ്ലാറ്റ്‌ഫോം റെക്കമന്റ് ചെയ്യാറില്ല. കണ്ട് മടുത്ത റീല്‍സുകള്‍ തന്നെ വീണ്ടും വീണ്ടും ഇൻസ്റ്റഗ്രാം ഫീഡില്‍ വരാറുണ്ട്. മിക്കപ്പോഴും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കണ്ടതോ തിരഞ്ഞതോ ആയ വീഡിയോ പിന്നീട് ഇൻസ്റ്റാഗ്രാമിന്റെ ഫീഡിൽ വരാറുണ്ട്. ആ വിഷയം കണ്ടും കേട്ടും നമുക്ക് മടുത്താലും ഇന്‍സ്റ്റഗ്രാമിന് മടുക്കില്ല. വീണ്ടും അതുതന്നെ വന്നുകൊണ്ടേയിരിക്കും.
എന്നാൽ ഇതിനു ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഇൻസ്റ്റാഗ്രാം. വൈകിയാണെങ്കിലും ഈ ആൽഗൊരിത പ്രശ്‌നത്തെ പരിഹരിക്കാനായി നടപടിയുമായെത്തിയിരിക്കുകയാണ് മെറ്റ. ആൽഗൊരിതം റീസെറ്റ് ചെയ്യാനുള്ള ഓപ്ഷനാണ് പുതുതായി അവതരിച്ചിരിക്കുന്നത്. തങ്ങളുടെ ബ്ലോഗിലൂടെയാണ് പുതിയ ഫീച്ചർ കമ്പനി പരിചയപ്പെടുത്തിയിയത്. ഒരു ‘ഫ്രഷ് സ്റ്റാർട്ടി’നുള്ള അവസരം എന്നാണ് ഫീച്ചറിനെ ഇൻസ്റ്റാഗ്രാം തലവൻ ആഡം മൊസേരി വിശേഷിപ്പിച്ചത്. പുതിയ ആൽഗൊരിതം റീസെറ്റ് ചെയ്യുന്നതോടെ ഇന്‍സ്റ്റ ഉപഭോക്താക്കള്‍ സെര്‍ച്ച് ചെയ്ത ചില വിഷയങ്ങളിൽ മാത്രം റീല്‍സും വിഡിയോസും കണ്ടന്‍റുകളും ഒതുങ്ങിപ്പോകാതെ, പുതിയ വിഷയങ്ങൾ ഫീഡില്‍ വരാൻ ഇതോടെ സാധിക്കും.
എങ്ങനെ ഉപയോഗിക്കാം
ഈ ഫീച്ചർ ഉപയോഗിക്കാനായി ഇൻസ്റ്റാഗ്രം പ്രൊഫൈലിലൂടെ സെറ്റിങ്‌സിൽ കയറുക. അവിടെ റീസെറ്റ് പ്രഫറൻസസ് എന്ന ഓപ്ഷൻ കാണാം. അതിൽ ക്ലിക്ക് ചെയ്യുകയാണ് വേണ്ടത്. അപ്പോഴേക്കും ഇത് ഇത് റീസെറ്റാവും. പിന്നീട് വിവിധ കണ്ടൻറുകളുടെ റെക്കമന്റേഷനുകൾ വരുന്നത് ആദ്യമായി ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നതിന് സമാനമായിട്ടാവും. പഴയ പ്രഫറൻസുകളിലേക്ക് പിന്നീട് മടങ്ങാനാവില്ലെന്നതാണ് പ്രത്യേകത. വളരെ സെൻസിറ്റീവായ വിഷയങ്ങളുമായി ബന്ധപ്പെട്ട കണ്ടൻറുകൾ തുടർച്ചയായി ഫീഡിൽ വരുന്നത് തടയാനും ഇതുപകരിക്കും.