Google : ഗൂഗിളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാട്; സൈബര്‍ സുരക്ഷാ സോഫ്റ്റ് വെയർ ഏറ്റെടുക്കാൻ മുടക്കുന്നത് 2 ലക്ഷം കോടി
Biggest deal in Google's history: ക്ലൗഡ് കംപ്യൂട്ടിങ് സംവിധാനങ്ങൾക്ക് വേണ്ടിയുള്ള സൈബർ സുരക്ഷാ സോഫ്റ്റ് വെയറുകൾ വികസിപ്പിക്കുന്ന വിസ് എന്ന സ്റ്റാർട്ടപ്പിനെയാണ് ഗൂഗിൾ ഏറ്റെടുക്കാൻ ഒരുങ്ങുന്നത്. 2300 കോടി ഡോളർ അതായത് 1,92,154 കോടി രൂപയാണ് ഇതിനായി ചിലവാക്കുന്നത് എന്നാണ് വിവരം.
ന്യൂഡൽഹി: ഗൂഗിളിന്റെ പല ഏറ്റെടുക്കലുകളും വൻ ചർച്ചകൾക്ക് വഴി വെച്ചിട്ടുണ്ട്. അത്തരത്തിലൊന്ന് അല്ലെങ്കിൽ ഗൂഗിൾ ചരിത്രത്തിൽ ഏറ്റവും വലുതെന്നു വിശേഷിപ്പിക്കാവുന്ന ഒരു ഇടപാടാണ് നടക്കാനിരിക്കുന്നത്. ഒരു സൈബർസുരക്ഷാ സ്റ്റാർട്ടപ്പിനെ വലിയ തുക വാങ്ങാനൊരുങ്ങുകയാണ് ഗൂഗിൾ. ക്ലൗഡ് കംപ്യൂട്ടിങ് സംവിധാനങ്ങൾക്ക് വേണ്ടിയുള്ള സൈബർ സുരക്ഷാ സോഫ്റ്റ് വെയറുകൾ വികസിപ്പിക്കുന്ന വിസ് എന്ന സ്റ്റാർട്ടപ്പിനെയാണ് ഗൂഗിൾ ഏറ്റെടുക്കാൻ ഒരുങ്ങുന്നത്. 2300 കോടി ഡോളർ അതായത് 1,92,154 കോടി രൂപയാണ് ഇതിനായി ചിലവാക്കുന്നത് എന്നാണ് വിവരം.
ഇതുവരെയുള്ള ഗൂഗിളിന്റെ ചരിത്രം എടുത്തുനോക്കിയാൽ ഏറ്റവും വലിയ ഇടപാടായിരിക്കും ഇതെന്നാണ് വിലയിരുത്തൽ. ഈ വർഷം ആദ്യം വിസ് മറ്റൊരു കമ്പനിയിൽ നിന്ന് നിക്ഷേപം സ്വീകരിച്ചിരുന്നു. പിന്നാലെയാണ് ഗൂഗിളുമായുള്ള ചർച്ചകൾ ആരംഭിച്ചതെന്നും വിവരമുണ്ട്. അഭ്യൂഹങ്ങൾ പലതും ഉണ്ടെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ലെന്നും ചിലപ്പോൾ ഏറ്റെടുക്കൽ ഉണ്ടാകില്ലെന്നും വിവരങ്ങളുണ്ട്. വാൾസ്ട്രീറ്റ് ജേണലാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ആദ്യം പുറത്തുവിട്ടത്. ഇരു കമ്പനികളും ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
ALSO READ : ജിയോയ്ക്കും എയർടെല്ലിനും പുതിയ വെല്ലുവിളി..!: ബിഎസ്എൻഎല്ലുമായി സഹകരിക്കാനൊരുങ്ങി ടാറ്റ
ക്ലൗഡ് അധിഷ്ഠിത സേവനങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്ന സാഹചര്യത്തിലാണ് ഗൂഗിളിന്റെ പുതിയ നടപടി. എ ഐ ആപ്ലിക്കേഷനുകൾ ഉൾപ്പടെ ഉള്ളവ എത്തുകയും മറ്റ് ആവശ്യങ്ങൾ കൂടുകയും ചെയ്തതോടെ ക്ലൗഡ് സ്റ്റോറേജുകൾ ആവശ്യമായി വരുന്നുണ്ട്. അസാഫ് റാപ്പപോർട്ട്, അമി ലുട്ട്വാക്ക്, യിനോൺ കോസ്റ്റിക്ക, റോയ് റെസ്നിക് എന്നിവർ ചേർന്ന് 2020 മാർച്ചിൽ ആരംഭിച്ച സ്റ്റാർട്ടപ്പാണ് വിസ്.
കോവിഡ് കാലത്ത് പല കമ്പനികളും തഴച്ചു വളർന്നതുപോലെയാണ് വിസും ലാഭമുണ്ടാക്കിയത്. ഇപ്പോൾ ഫോർച്യൂണിന്റെ മികച്ച 100 കമ്പനികളുടെ പട്ടികയിൽ വിസിന്റെ 40 ശതമാനം ഉപഭോക്താക്കളും വരുന്നു. ബി എം ഡബ്ല്യൂ, സ്ലാക്ക്, സേൽസ്‌ഫോഴ്‌സ് എന്നിവർ അതിൽ ചിലർ മാത്രം. കൂടാതെ ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ എന്നിവരുമായും വിസ് സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.