Dragon Spacecraft: ആശ്വാസം… മടക്കയാത്രയ്ക്ക് ഒരുങ്ങി സുനിത വില്യംസ്; ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി
Dragon Spacecraft In ISS: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ അഞ്ച് മാസം നീണ്ട പരീക്ഷണങ്ങൾക്കായാണ് സ്പേസ് എക്‌സിൻറെ ക്രൂ-9 ദൗത്യം എത്തിയത്. 2024 സെപ്റ്റംബർ 29നാണ് നിക്ക് ഹഗ്യൂവും അലക്സാണ്ടർ ഗോർബുനോവും ഫ്ലോറിഡയിലെ എസ്എൽസി-40 ലോഞ്ച് പാഡിൽ നിന്ന് കുതിച്ചുയർന്നത്.
ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ ഇന്ത്യൻ വംശജ സുനിത വില്യംസിന് ഭൂമിയിലേക്ക് തിരികെവരാനുള്ള സ്പേസ് എക്‌സിൻറെ ക്രൂ-9 ഡ്രാഗൺ (Dragon Spacecraft) പേടകം (ഫ്രീഡം) ഐഎസ്എസിലെത്തിയതായി അധികൃതർ. നിക്ക് ഹഗ്യൂ, അലക്സാണ്ടർ ഗോർബുനോവ് എന്നിവരെയും വഹിച്ചാണ് ഡ്രാഗൺ ഫ്രീഡം പേടകം ബഹിരാകാശ നിലയത്തിൽ വിജയകരമായി എത്തിയത്. 2025 ഫെബ്രുവരിയിലെ മടക്കയാത്രയിൽ ഈ ഡ്രാഗൺ പേടകം ഇരുവർക്കും പുറമെ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ഭൂമിയിൽ തിരിച്ചെത്തിക്കുമെന്നാണ് വിവരം.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ അഞ്ച് മാസം നീണ്ട പരീക്ഷണങ്ങൾക്കായാണ് സ്പേസ് എക്‌സിൻറെ ക്രൂ-9 ദൗത്യം എത്തിയത്. 2024 സെപ്റ്റംബർ 29നാണ് നിക്ക് ഹഗ്യൂവും അലക്സാണ്ടർ ഗോർബുനോവും ഫ്ലോറിഡയിലെ എസ്എൽസി-40 ലോഞ്ച് പാഡിൽ നിന്ന് കുതിച്ചുയർന്നത്. ക്രൂ-9ൻറെ കമാൻഡർ നിക്കായിരുന്നു. മുൻനിശ്ചയിച്ച പ്രകാരം ഡ്രാഗൺ ഫ്രീഡം ബഹിരാകാശ പേടകം വിജയകരമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക് ചെയ്തിട്ടുണ്ട്. സുനിത വില്യംസിൻറെ നേതൃത്വത്തിൽ ഐഎസ്എസിലുള്ള നിലവിലെ സഞ്ചാരികൾ ക്രൂ-9ൽ എത്തിയ ഇരുവരെയും ബഹിരാകാശത്തേക്ക് സ്വാഗതം ചെയ്തു.
ALSO READ: ഇങ്ങനാണേൽ ഡ്രൈവർമാരുടെ പണി ഉടൻ പോകും….; ഡ്രൈവറില്ലാതെ ഓടുന്ന ടാക്‌സികളുമായി ഉബർ
ഡ്രാഗൺ ഫ്രീഡം ഡോക് ചെയ്യുന്നതും നിക്കും ഗോർബുനോവും നിലയത്തിലെ മറ്റ് സഞ്ചാരികൾക്കൊപ്പം ചേരുന്നതും നാസയും സ്പേസ് എക്‌സും വീഡിയോ സഹിതം ട്വീറ്റ് ചെയ്തിട്ടുണ്ട്. 2025 ഫെബ്രുവരിയിലാവും സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും വഹിച്ചുകൊണ്ട് ഡ്രാഗൺ ഫ്രീഡം പേടകം ഭൂമിയിലേക്ക് മടങ്ങിവരുക. ഇരുവർക്കുമുള്ള ഇരിപിടം ഒഴിച്ചിട്ടാണ് ഡ്രാഗൺ പേടകത്തെ നാസയും സ്പേസ് എക്സും ചേർന്ന് ഫാൽക്കൺ-9 റോക്കറ്റിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയച്ചത്.
2024 ജൂൺ ആറിനാണ് ബോയിംഗിൻറെ സ്റ്റാർലൈനർ പേടകത്തിൽ സുനിതയും ബുച്ചും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിച്ചേർന്നത്. വെറും എട്ട് ദിവസത്തെ ദൗത്യത്തിനായി ഐഎസ്എസിൽ എത്തിയ ഇരുവർക്കും സ്റ്റാർലൈനർ പേടകത്തിൻറെ സാങ്കേതിക തകരാറുകളെ തുടർന്നാണ് നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് മടങ്ങാൻ കഴിയാതെ വന്നത്. ഹീലിയം ചോർച്ചയും ത്രസ്റ്ററുകൾക്ക് തകരാറുമുണ്ടായിരുന്ന സ്റ്റാർലൈനർ പേടകത്തിൽ യാത്ര സുരക്ഷിതമല്ല എന്ന് മനസിലാക്കി 2025 ഫെബ്രുവരിയിൽ ഡ്രാഗൺ പേടകത്തിൽ ഇരുവരെയും തിരികെയെത്തിക്കാമെന്നായിരുന്നു നാസയുടം തീരുമാനം.