Asteroid: വലിയ കെട്ടിടത്തിന് സമാനം…. കൂറ്റൻ ഛിന്നഗ്രഹം ഭൂമിക്കരികിലേക്ക്; മുന്നറിയിപ്പുമായി നാസ
Asteroid Moving Towards Earth: 580 അടി വലിപ്പമുള്ള ഈ ഛിന്നഗ്രഹം ഒരു വലിയ കെട്ടിടത്തിന് സമാനമാണെന്നും നാസ പറയുന്നു. മണിക്കൂറിൽ 17542 കിലോമീറ്റർ വേഗത്തിലാണ് ഇത് സഞ്ചരിക്കുന്നത്. വലിപ്പവും സാമിപ്യവും കാരണം അപകടസാധ്യതയുള്ള ഛിന്നഗ്രഹമായാണ് 363305 (2002 എൻ.വി 16) നെ വിലയിരുത്തുന്നത്.
ഭൂമിക്ക് അരികിലൂടെ കടന്നുപോകാനിരിക്കുന്ന കൂറ്റൻ ഛിന്നഗ്രഹത്തെ (Asteroid) കുറിച്ച് മുന്നറിയിപ്പുമായി നൽകി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ (NASA). ഒക്ടോബർ 24-ന് ഇന്ത്യൻ സമയം രാത്രി 9.17-നാണ് 363305 (2002 എൻ.വി 16) എന്ന ഛിന്നഗ്രഹം ഭൂമിക്കരികിലൂടെ കടന്നുപോവുന്നതെന്നാണ് വിവരം. 580 അടി വലിപ്പമുള്ള ഈ ഛിന്നഗ്രഹം ഒരു വലിയ കെട്ടിടത്തിന് സമാനമാണെന്നും നാസ പറയുന്നു. മണിക്കൂറിൽ 17542 കിലോമീറ്റർ വേഗത്തിലാണ് ഇത് സഞ്ചരിക്കുന്നത്.
ഭൂമിയിൽ നിന്ന് 4520000 കിലോമീറ്റർ അകലെയാണ് ഇതിന്റെ ഏറ്റവും അടുത്ത സ്ഥാനം വരുന്നത്. ഇത് വളരെ ദൂരയാണെന്ന് തോന്നുമെങ്കിലും ബഹിരാകാശത്തിന്റെ വിശാലതയിൽ നോക്കിയാൽ താരതമ്യേന അടുത്തതായി കണക്കാക്കപ്പെടുന്നു. വലിപ്പവും സാമിപ്യവും കാരണം അപകടസാധ്യതയുള്ള ഛിന്നഗ്രഹമായാണ് 363305 (2002 എൻ.വി 16) നെ വിലയിരുത്തുന്നത്. എന്നാൽ ഈ ഛിന്നഗ്രഹം ഭൂമികരികിലൂടെ സുരക്ഷിതമായി കടന്നുപോകുമെന്നാണ് നാസയുടെ സ്ഥിരീകരണം.
നാസ ഉൾപ്പടെയുള്ള ബഹിരാകാശ ഏജൻസികൾ ന്യൂതന ദൂരദർശിനികളും ട്രാക്കിങ് സംവിധാനങ്ങളും ഉപയോഗിച്ച്
ഇത്തരം ഛിന്നഗ്രഹങ്ങളെ നിരന്തരം നിരീക്ഷിച്ച് വരികയാണ്. അതിനാൽ എന്തെങ്കിലും അപകടസാധ്യതയുണ്ടെങ്കിൽ ഉടൻ തിരിച്ചറിയാനാകുമെന്നാണ് അധികൃതർ പറയുന്നത്. ഭാവിയിൽ ഭൂമിക്ക് ഭീഷണിയാണെങ്കിൽ ഒരു ഛിന്നഗ്രഹത്തിന്റെ പാത മാറ്റാനോ തടയാനോ ഉള്ള തന്ത്രങ്ങൾ വരെ നാസ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
അതേസമയം സോളാർ മാക്സിമം എന്ന ഘട്ടത്തിലേക്ക് സൂര്യൻ പ്രവേശിച്ചതായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷനും സ്ഥിരീകരിച്ചിരുന്നു. ഈ ഘട്ടത്തിൽ അതിശക്തമായ സൗരജ്വാലകൾ സൂര്യൻ പുറംതള്ളുന്നു. ശരാശരി 11 വർഷത്തിനിടെയാണ് ഈ പ്രതിഭാസം സംഭവിക്കുമെന്നും ഇപ്പോഴത്തെ സോളാർ സൈക്കിൾ 2025 വരെ തുടരുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. അതിനാൽ സൈക്കിൾ 25 എന്നാണ് ഈ സോളാർ ഘട്ടം അറിയപ്പെടുന്നത്. ഇതിൻറെ ഭാഗമായി ഒക്ടോബർ മാസം മാത്രം അതിശക്തമായ സൗരജ്വാലകളാണ് സൃഷ്ടിക്കപ്പെട്ടത്.
അതിക്തമായ സൗരജ്വാലകൾ ജിയോ മാഗ്നറ്റിക് കൊടുങ്കാറ്റുകൾക്ക് കാരണമാകുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ഇത് ഭൂമിയിൽ അതിമനോഹരമായ ധ്രുവദീപ്തി സൃഷ്ടിക്കുന്നു. സൗരക്കാറ്റിൽ നിന്ന് വരുന്ന ചാർജിത കണങ്ങൾ ഭൂമിയുടെ കാന്തികവലയത്തിൻറെ സ്വാധീനത്താൽ ആകർഷിക്കപ്പെടുമെന്നും ഈ കണങ്ങൾ ഭൗമാന്തരീക്ഷത്തിലെ വാതക തൻമാത്രകളുമായി കൂട്ടിയിടിച്ചാണ് ധ്രുവദീപ്തി അഥവാ നോർത്തേൺ ലൈറ്റ്സ് ഉണ്ടാകുന്നതെന്നും വൃത്തങ്ങൾ പറയുന്നു. ഈ പ്രതിഭാസത്തെ അറോറ എന്നും വിളിക്കാറുണ്ട്.