Samsung Galaxy M15: വിലയോ തുച്ഛം ഗുണമോ മെച്ചം; കിടിലൻ ഫീച്ചറുകളുമായി സാംസങ് ഗ്യാലക്സി എം15 5ജി പ്രൈം എഡിഷൻ എത്തി
Samsung launches Galaxy M15 5G Prime Edition in India : മൂന്ന് കളർ ഓപ്ഷനുകളുള്ള ബഡ്ജറ്റ് സ്മാർട്ട്ഫോണാണ് സാംസങ് പുറത്തിറക്കിയത്. സാംസങ് ഗ്യാലക്സി എം15 5ജി പ്രൈം എഡിഷന്റെ തൂക്കം വെറും 217 ഗ്രാമാണ്.
ഈ കാലഘട്ടത്തിൽ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാത്ത ആളുകൾ വളരെ ചുരുക്കമാണ്. അതുകൊണ്ട് തന്നെ വിപണിയിൽ സ്മാർട്ട് ഫോണുകൾക്ക് ഡിമാൻഡും വർദ്ധിച്ചു വരുന്നു. ആളുകളുടെ ആവശ്യങ്ങൾക്കനുസരിച്ച് പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തി കൊണ്ടുള്ള ഫോണുകൾ നിർമിക്കാനുള്ള മത്സരത്തിലാണ് മുൻനിര മൊബൈൽ നിർമാണ കമ്പനികൾ. ഇപ്പോഴിതാ, സാംസങ് ഗ്യാലക്സി എം15 5ജി പ്രൈം എഡിഷൻ പുറത്തിറക്കിയിരിക്കുകയാണ് സാംസങ്. ബഡ്ജറ്റ് സ്മാർട്ട്ഫോൺ വിഭാഗത്തിൽപ്പെടുന്ന ഈ ഫോൺ , 2024 ഏപ്രിലിൽ പുറത്തിറങ്ങിയ ഗ്യാലക്സി എ15 5ജിക്ക് ഏതാണ്ട് സമാനായ സ്മാർട്ട്ഫോണാണ്.
സാംസങ് ഗ്യാലക്സി എം15 5ജി പ്രൈം എഡിഷൻ, 6.5 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080 x 2,340 പിക്സൽ) സൂപ്പർ അമോൾഡ് ഡിസ്‌പ്ലെയിലാണ് എത്തുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 6100+ എസ്ഒസി ചിപ്സെറ്റും 6000 എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള യുഐ 6.0 ഒഎസിലാണ് ഫോണിന്റെ പ്രവർത്തനം. നാല് വർഷത്തെ ഐഎസ് അപ്ഗ്രേഡും, അഞ്ച് വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്ററും കമ്പനി ഉറപ്പ് നൽകുന്നു.
50 മെഗാ പിക്സലിന്റെ ട്രിപ്പിൾ റീയർ ക്യാമറയാണ് ഫോണിൽ ഉള്ളത്. ഇതിനൊപ്പം വരുന്ന മറ്റ് ക്യാമറ സെന്‍സറുകള്‍ 5 എംപി, 2 എംപി എന്നിവയുടെതാണ്. കൂടാതെ, 13 മെഗാ പിക്സലിന്റെ സെൽഫി ക്യാമറയും ഉൾപ്പെടുന്നു. സൈഡ് മൗണ്ടഡ് ഫിംഗർ പ്രിന്റ്, ക്വിക്ക് ഷെയർ ഫീച്ചർ, വോയിസ് ഫോക്കസ്, ടൈപ്പ് സി യുഎസ്ബി, ഡ്യുവൽ 5ജി, 4ജി, ജിബിഎസ്, ബ്ലൂടൂത്ത് 5.3, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയാണ് ഈ ഫോണിന്റെ മറ്റ് സവിശേഷതകൾ. 217 ഗ്രാം തൂക്കമാണ് ഫോണിനുള്ളത്.
സെലെസ്റ്റിയൽ ബ്ലൂ, ബ്ലൂ ടോപാസ്, സ്റ്റോൺ ഗ്രേ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഫോൺ വരുന്നത്. സാംസങ് ഗ്യാലക്സി എം15 5ജി പ്രൈം എഡിഷന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 10,999 രൂപയിലാണ്. 4 ജിബി റാമും, 128 ജിബി സ്റ്റോറേജും, വരുന്ന മോഡലിന്റെ വിലയാണിത്. 6 ജിബി + 128 ജിബി വേരിയന്റിന് 11,999 രൂപയും, 8 ജിബി + 128 ജിബി വേരിയന്റിന് 13,499 രൂപയുമാണ് വില. സാംസങ് ഇന്ത്യയുടെ വെബ്സൈറ്റ്, ആമസോൺ, തെരഞ്ഞെടുക്കപ്പെട്ട റീടെയ്ൽ സ്റ്റോറുകൾ എന്നിവ വഴി ഫോൺ വാങ്ങാൻ സാധിക്കും.