Samsung Galaxy S24 FE: കാത്തിരിപ്പിന് വിരാമം; എഐ ഫീച്ചറുകളോടെ സാംസങ് ഗ്യാലക്‌സി എസ്24 എഫ്ഇ ഇന്ത്യയിൽ എത്തി
Samsung Galaxy S24 FE Launched in India: പുതിയ സാംസങ് ഗ്യാലക്‌സി എസ്24 എഫ്ഇ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഫീച്ചറുകളോടെയാണ് എത്തിയിരിക്കുന്നത്. അഞ്ച് കളറുകളിൽ ഈ ഫോൺ ലഭ്യമാണ്.
മുംബൈ: മാസങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് സാംസങ് ഗ്യാലക്‌സി എസ്24 എഫ്ഇ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും ഏറെ ജനശ്രദ്ധ നേടിയ ശേഷമാണ് ഫോൺ വിപണിയിൽ എത്തിയത്. സാംസങ് ഗ്യാലക്‌സി എസ്23 എഫ്ഇ-യുടെ പിൻഗാമിയായിട്ടാണ് ഈ പുതിയ ഫോണിന്റെ വരവ്. പുതിയ സാംസങ് ഗ്യാലക്‌സി എസ്24 എഫ്ഇ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഫീച്ചറുകളോടെയാണ് എത്തിയിരിക്കുന്നത്.
ഗ്യാലക്‌സി എസ്24 എഫ്ഇ മുൻ മോഡലിൽ നിന്ന് ഡിസ്‌പ്ലേയിൽ കാര്യമായ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. 6.4 ഇഞ്ച് ഡിസ്‌പ്ലേ ആയിരുന്നു മുൻപ് ഇതിൽ ഉണ്ടായിരുന്നതെങ്കിൽ, ഇപ്പോൾ അത് അപ്ഗ്രേഡ് ചെയ്‌ത് 6.7 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേ ആക്കി മാറ്റിയിട്ടുണ്ട്. എക്‌സിനോസ് 2400e പ്രൊസസർ ഉൾപ്പെടുത്തിയിട്ടുള്ള ഫോൺ, എട്ട് ജിബി റാമിൽ 128 ജിബി, 256 ജിബി എന്നിങ്ങനെ രണ്ട് സ്‌റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമാണ്.
ട്രിപ്പിൾ റിയർ ക്യാമറയുമായാണ് ഫോൺ എത്തുന്നത്. അതിൽ 50എംപി പ്രധാന ക്യാമറയും 12എംപി അൾട്രാ വൈഡ് ക്യാമറയും 8എംപി ടെലിഫോട്ടോ ക്യാമറയുമാണ് ഉൾപ്പെടുന്നത്. കൂടാതെ സെൽഫിക്കായി 10എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്. വീഡിയോ ഡിജിറ്റൽ ഇമേജ് സ്റ്റെബിലൈസഷൻ (VDIS), ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) തുടങ്ങിയ ഫീച്ചറുകളും ഇതിലെ ക്യാമറ യൂണിറ്റിനുണ്ട്. എഐ സാങ്കേതിക വിദ്യയിലുള്ള സാംസങിന്റെ ഡൈനാമിക് പ്രോവിഷ്വല്‍ എൻജിൻ ക്യാമറകളിൽ ഇത് സപ്പോർട്ട് ചെയ്യും.
ALSO READ: വിലയോ തുച്ഛം ഗുണമോ മെച്ചം; കിടിലൻ ഫീച്ചറുകളുമായി സാംസങ് ഗ്യാലക്‌സി എം15 5ജി പ്രൈം എഡിഷൻ എത്തി
ജനറേറ്റീവ് എഡിറ്റ്, പോർട്രെയ്റ്റ് സ്റ്റുഡിയോ, ഫോട്ടോ അസ്സിസ്റ്, ഇന്റെർപ്രെറ്റർ, സർക്കിൾ ടു സെർച്ച്, ഇൻസ്റ്റന്റ് സ്ലോ-മോ ഫീച്ചറുകൾ, തുടങ്ങിയ നിരവധി ഐഐ ഫീച്ചറുകൾ ഗ്യാലക്‌സി എസ്24 എഫ്ഇയിൽ ഉൾപ്പെടുന്നു. കൂടാതെ, ഏഴ് വർഷത്തെ ഒഎസ് അപ്ഡേറ്റും സെക്യൂരിറ്റി അപ്ഡേറ്ററും ഫോണിനൊപ്പം സാംസങ് നൽകുന്നു.
25 വാട്ട്സിന്റെ വയേർഡ് ഫാസ്റ്റ് ചാർജിങ്, വയർലെസ് ചാർജിങ്, വയർലെസ് പവർ ഷെയർ എന്നിവയ്ക്ക് സജ്ജമായുള്ള 4200mAh ബാറ്ററിയാണ് ഗ്യാലക്‌സി എസ്24 എഫ്ഇയിൽ ഉള്ളത്. ഐപി 68 റേറ്റിംഗ് സുരക്ഷാ സർട്ടിഫിക്കറ്റും ഫോണിന് ലഭിച്ചിട്ടുണ്ട്. അഞ്ച് നിറങ്ങളിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്: ബ്ലൂ, ഗ്രാഫൈറ്റ്, ഗ്രേ, മിന്റ്, യെൽലോ. ഒക്ടോബർ 3-നാണ് ഫോണിന്റെ വില്പന ആരംഭിക്കുന്നത്. എന്നാൽ, എത്രയാകും വില എന്നുള്ള വിവരം കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.