Chat Dot Com: 126 കോടി, ഇന്ത്യക്കാരൻ്റെ ആ വെബ്സൈറ്റും വാങ്ങി ചാറ്റ് ജിപിടി
Domain Chat Dot Com: ഹബ് സ്‌പോട്ട് സഹസ്ഥാപകൻ ധർമേഷ് ഷായുടെ ഉടമസ്ഥതയിലായിരുന്ന ചാറ്റ് ഡോട്ട് കോം ഡൊമൈനാണ് ഓപ്പൺ എഐ സ്വന്തമാക്കിയിരിക്കുന്നത്. ടെക് ലോകത്ത് തന്നെ പുതിയ ചർച്ചാ വിഷയമായിരിക്കുകയാണ് ഈ വിൽപ്പന. ഓപ്പൺ എഐ സിഇഒ സാം ആൾട്മാനും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.
ചാറ്റ്ജിപിടി ലോഞ്ച് ചെയ്ത് ടെക് ലോകത്ത് ആവേശം നിറച്ച കമ്പനിയായ ഓപ്പൺ എഐ ഇതാ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. ചാറ്റ് ഡോട്ട് കോം എന്ന വെബ് ഡൊമൈൻ വാങ്ങുന്നതുമായി ബന്ധപ്പെട്ട ഒരു സുപ്രധാന ഇടപാടിലാണ് ഇത്തവണ കമ്പനി വാർത്തകളിൽ ശ്രദ്ധനേടുന്നത്. ഓപ്പൺ എഐ എന്ന കമ്പനി ചാറ്റ് ഡോട്ട് കോം എന്ന വെബ് ഡൊമൈൻ സ്വന്തമാക്കിയിരിക്കുന്നതായാണ് റിപ്പോർട്ട്.
ഹബ് സ്‌പോട്ട് സഹസ്ഥാപകൻ ധർമേഷ് ഷായുടെ ഉടമസ്ഥതയിലായിരുന്ന ചാറ്റ് ഡോട്ട് കോം ഡൊമൈനാണ് ഓപ്പൺ എഐ സ്വന്തമാക്കിയിരിക്കുന്നത്. ടെക് ലോകത്ത് തന്നെ പുതിയ ചർച്ചാ വിഷയമായിരിക്കുകയാണ് ഈ വിൽപ്പന. ഓപ്പൺ എഐ സിഇഒ സാം ആൾട്മാനും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. വില്പനയുമായി ബന്ധപ്പെട്ട് എക്‌സിൽ ചാറ്റ് ഡോട്ട് കോം എന്ന് സാം ആൾട്മാൻ കുറിച്ചതിന് പിന്നാലെയാണ് ധർമേഷ് ഷാ വിൽപ്പന സ്ഥിരീകരിച്ചിരിക്കുന്നത്.
ALSO READ: എരിവില്ല, പുളിയില്ല… എന്ന് പറയാൻ വരട്ടെ; ഭക്ഷണത്തിൻ്റെ രുചിയറിയാൻ ഇനി ‘ഇ-നാവ്’ മതി
ചാറ്റ് ഡോട്ട് കോം ആദ്യമായി രജിസ്റ്റർ ചെയ്തത് 1996-ലാണ്. എന്നാൽ 2023-ലാണ് ധർമേഷ് ഷാ ഈ ഡൊമൈൻ 130 കോടി രൂപയ്ക്ക് (15 മില്യൺ ഡോളർ) വാങ്ങിയത്. എന്നാൽ ഇപ്പോഴത്തെ ഇടപാടിനെക്കുറിച്ച് ഇരുവരും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഷാ ഓപ്പൺ എഐയുടെ ഓഹരികളാണ് സ്വന്തമാക്കിയതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
“ചങ്ങാതിമാർ തമ്മിലുള്ള ഇടപാടുകളിൽ സാമ്പത്തിക ലാഭം നോക്കുന്നത് ശരിയല്ല. മാത്രമല്ല, ഓപ്പൺ എഐയുടെ ഭാഗമാകാൻ ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുമുണ്ട്. സാം ആൾട്മാൻ ഓപ്പൺ എഐ തുടങ്ങുന്നതിന് മുമ്പ് തന്നെ ഞങ്ങൾ സുഹൃത്തുക്കളാണ്,” എന്നാണ് ധർമേഷ് ഷാ പറഞ്ഞത്. അതേസമയം ജിപിടി എന്ന വാക്ക് ഒഴിവാക്കി ചാറ്റ് ഡോട്ട് കോം എന്ന പുതിയ ബ്രാൻഡിംഗിലേക്ക് ചാറ്റ്ജിപിടി മാറുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.
ഈ ഡൊമൈൻ വിൽപ്പനയുടെ വിശദാംശങ്ങൾ പുറത്തുവന്നതോടെ, നേരത്തെ ഉണ്ടായിരുന്ന അഭ്യൂഹങ്ങൾക്കാണ് വിരാമമിട്ടിരിക്കുന്നത്. അതിനിടെ ഓപ്പൺ എഐയുടെ ഈ നീക്കം കമ്പനിയുടെ ഭാവി പദ്ധതികളെക്കുറിച്ചുള്ള ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്.