Nostradamus Predictions: വരാനിരിക്കുന്നത് ‘സമ്പൂർണരായ മനുഷ്യർ’; നൂതന സാങ്കേതിക വിദ്യയിലൂടെ ഒടുക്കം മനുഷ്യരും
Living Nostradamus Predictions 2025: നിലവിൽ രഹസ്യമായി നടന്നുകൊണ്ടിരിക്കുന്ന ജനിതക പരീക്ഷണങ്ങളെ കുറിച്ച് ലോകം അറിയുന്ന വർഷമായിരിക്കും 2025 എന്ന് സലോമി 'ദി ഡെയ്‌ലി സ്റ്റാറി'നോട് പറഞ്ഞു.
ന്യൂഡൽഹി: തന്റെ പ്രവചനങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് “ലിവിംഗ് നോസ്ട്രഡാമസ്”എന്നറിയപ്പെടുന്ന അത്തോസ് സലോമി. കോവിഡ് 19, റഷ്യ-യുക്രൈൻ സംഘർഷം, എലിസബത്ത് രാജ്ഞിയുടെ മരണം, തുടങ്ങി ലോകം തന്നെ ഉറ്റുനോക്കിയ പല സംഭവങ്ങളും ഇദ്ദേഹം നേരത്തെ മുൻകൂട്ടി പ്രവചിച്ചിരുന്നു. ഇപ്പോഴിതാ 2025-ലെ പ്രവചനങ്ങളുമായി സലോമി തിരിച്ചെത്തിയിരിക്കുകയാണ്. ശാസ്ത്ര സാങ്കേതിക വിദ്യയിൽ വരാനിരിക്കുന്ന പരിവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് സലോമിന്റെ പുതിയ പ്രവചനങ്ങൾ.
നിലവിൽ രഹസ്യമായി നടന്നുകൊണ്ടിരിക്കുന്ന ജനിതക പരീക്ഷണങ്ങളെ കുറിച്ച് ലോകം അറിയുന്ന വർഷമായിരിക്കും 2025 എന്ന് സലോമി ‘ദി ഡെയ്‌ലി സ്റ്റാറി’നോട് പറഞ്ഞു. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർ സിആർഐഎസ്പിആർ (CRISPR), ക്ലോണിംഗ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ജനിതകമാറ്റം വരുത്തിയ മനുഷ്യരെ സൃഷ്ടിക്കുകയാണ് എന്നാണ് സലോമി വ്യക്തമാക്കിയിരിക്കുന്നത്. അത്തരത്തിൽ സൃഷ്ടിക്കപ്പെടുന്ന മനുഷ്യർ ബുദ്ധിമാന്മാരും, ശക്തരും, എല്ലാ തരം രോഗങ്ങളെയും പ്രതിരോധിക്കാൻ ശേഷിയുള്ളവരുമായിരിക്കും എന്ന് അദ്ദേഹം പറയുന്നു. ഈ ‘സമ്പൂർണരായ മനുഷ്യരെ’ (Perfected man) കുറിച്ച് ലോകം ഉടൻ തന്നെ അറിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബയോടെക്‌നോളജി മേഖലയിൽ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന ഏഷ്യ ആയിരിക്കും ഇതിന് തുടക്കം കുറിക്കുക എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ കണ്ടെത്തൽ ആഗോള തലത്തിൽ വലിയ ചർച്ചകൾക്ക് ഇടവയ്ക്കും എന്ന് മാത്രമല്ല അസമത്വം, മനുഷ്യാവകാശങ്ങൾ എന്നിവയ്ക്കായി പോരാടാൻ മനുഷ്യരെ നിർബന്ധിതരാക്കും. ഇത്തരത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യർ സമൂഹത്തിലെ മറ്റുള്ള ആളുകളിൽ നിന്ന് അകന്നു നിൽക്കുകയും, പുതിയൊരു സാമൂഹിക തരംതിരിവിലേക്ക് ഇത് നയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു.
ALSO READ: അയ് ശരി ! ഇതുവരെ കേട്ടതൊക്കെ തെറ്റായിരുന്നോ ? തലച്ചോറിന്റെ വേഗതയെക്കുറിച്ച് പുതിയ പഠനം
സലോമി നടത്തിയ മറ്റൊരു പ്രവചനം നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ടതാണ്. 2025-ഓടെ, മനുഷ്യന്റെ മേൽനോട്ടത്തിൽ അല്ലാതെ സ്വയംഭരണാധികാരത്തോടെ തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന തരത്തിലേക്ക് എഐ (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) എത്തുമെന്ന് അദ്ദേഹം പറയുന്നു. ഇതിനകം തന്നെ അത്തരത്തിലുള്ള സംവിധാനങ്ങൾ പല ഇടങ്ങളിലും വന്നുകഴിഞ്ഞു. സൈബർ സുരക്ഷ, ഗതാഗതം തുടങ്ങിയ മേഖലകളും ഉടൻ തന്നെ എഐ നിയന്ത്രണത്തിലാകുമെന്ന് സലോമി പ്രവചിച്ചു. ഈ സാങ്കേതിക വിദ്യയെല്ലാം സൃഷ്ടിച്ചത് മനുഷ്യരാണ്. തന്റെ സൃഷ്ടിയുടെ നിയന്ത്രണം തന്നെ തനിക്ക് നഷ്ടപ്പെട്ടുവെന്ന് തിരിച്ചറിയുമ്പോൾ മനുഷ്യരാശിയുടെ പ്രതികരണം എങ്ങനെ ആയിരിക്കുമെന്ന് സങ്കല്പിക്കാൻ സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
അതുപോലെ, 2025-ൽ അന്യഗ്രഹ ജീവികളുടെ സാന്നിധ്യത്തെ കുറിച്ചുള്ള കൂടുതൽ തെളിവുകൾ പുറത്തുവിടാൻ അധികാരികൾ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. യുഎസ്, റഷ്യ, ചൈന പോലുള്ള രാജ്യങ്ങൾ ഇത്തരം വിവരങ്ങൾ മറച്ചുവെക്കുകയാണെന്നും, എലോൺ മസ്‌കിൻ്റെ നേതൃത്വത്തിലുള്ള സ്‌പേസ് എക്‌സ് പോലുള്ള സ്വകാര്യ കമ്പനികൾ ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ആദ്യം വെളിപ്പെടുത്തിയേക്കുമെന്നും സലോമി പറഞ്ഞു. അന്യഗ്രഹ ജീവികളുടെ വരവ് ലോകത്ത് പുതിയ ആത്മീയവും സാമൂഹികവുമായ മാറ്റം സൃഷ്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.