Whatsapp Malware: ഈ വിവാഹ ക്ഷണക്കത്ത് വാട്‌സ്ആപ്പിൽ വന്നാൽ ക്ലിക്ക് ചെയ്യല്ലേ; മുന്നറിയിപ്പ്
New Wedding Scam On WhatsApp: പരിചയമില്ലാത്ത നമ്പറിൽ നിന്നാണ് സന്ദേശം വരുന്നതെങ്കിലും വിവാഹ ക്ഷണക്കത്ത് ആണല്ലോ എന്ന് കരുതി ഈ ഫയൽ ഡൗൺലോഡ് ചെയ്യുന്നതോടെ ആളുകൾ അവരുടെ വലയിൽ വീഴുന്നു. ഇതിലൂടെ ഫോണിൽ പ്രവേശിക്കുന്ന മാൽവെയർ ഫോണിലെ മറ്റ് വിവരങ്ങളിലേക്കെല്ലാം നുഴഞ്ഞുകയറും.
ന്യൂഡൽഹി: ഓരോ ദിവസവും പുത്തൻ തന്ത്രങ്ങളുമായി രംഗപ്രവേശനം ചെയ്യുകയാണ് സൈബർ തട്ടിപ്പ് സംഘങ്ങൾ. ഒരു തട്ടിപ്പിൻ്റെ രീതി ആളുകൾ മനസിലാക്കിയാൽ അടുത്ത വഴിയുമായി ഇവർ വീണ്ടും വരും. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇങ്ങനെയുള്ള തട്ടിപ്പിലധികവും നടക്കുന്നത്. ഇത്തരത്തിലൊരു തട്ടിപ്പിൻറെ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വാട്‌സ്ആപ്പിൽ വിവാഹ ക്ഷണക്കത്തുകളുടെ രൂപത്തിലാണ് തട്ടിപ്പുമായി സൈബർ സംഘം ഇത്തവണ എത്തിയിരിക്കുന്നത്.
വാട്‌സ്ആപ്പ് വഴി വിവാഹ ക്ഷണക്കത്തുകൾ അയക്കുന്നത് ഇപ്പോൾ ട്രെൻഡായി മാറിയിരിക്കുകയാണ്. ഇതിൻറെ ചുവടുപിടിച്ചാണ് തട്ടിപ്പ് സംഘത്തിൻറെ നീക്കവും. ഹിമാചൽപ്രദേശ് പോലീസാണ് ഇത് തിരിച്ചറിഞ്ഞ് വിവാഹ ക്ഷണക്കത്തുകളുടെ പേരിലുള്ള തട്ടിപ്പിനെ കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മൊബൈൽ ഫോണുകൾക്ക് അപകടകരമായ എപികെ ഫയലുകൾ വെഡിംഗ് കാർഡ് എന്ന പേരിൽ അയക്കുന്നതാണ് ഈ തട്ടിപ്പ്.
പരിചയമില്ലാത്ത നമ്പറിൽ നിന്നാണ് സന്ദേശം വരുന്നതെങ്കിലും വിവാഹ ക്ഷണക്കത്ത് ആണല്ലോ എന്ന് കരുതി ഈ ഫയൽ ഡൗൺലോഡ് ചെയ്യുന്നതോടെ ആളുകൾ അവരുടെ വലയിൽ വീഴുന്നു. ഇതിലൂടെ ഫോണിൽ പ്രവേശിക്കുന്ന മാൽവെയർ ഫോണിലെ മറ്റ് വിവരങ്ങളിലേക്കെല്ലാം നുഴഞ്ഞുകയറും. മറ്റൊരു ഡിവൈസ് ഉപയോഗിച്ച് ഫോണിനെ നിയന്ത്രിക്കാൻ തട്ടിപ്പ് സംഘത്തിന് ഇതുവഴി സാധിക്കും. നമ്മൾ പോലുമറിയാതെ നമ്മുടെ പേരിൽ മെസേജുകൾ മറ്റുള്ളവർക്ക് അയക്കാനും, പണം തട്ടാനുമെല്ലാം ഈ രീതിയിലൂടെ തട്ടിപ്പ് സംഘത്തിന് കഴിയും.
ഇത്തരം തട്ടിപ്പുകൾ വാട്‌സ്ആപ്പ് വഴി വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഹിമാചൽപ്രദേശ് സൈബർ പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പരിചയമില്ലാത്ത നമ്പറിൽ നിന്ന് മെസേജുകൾ വരുമ്പോൾ ജാഗ്രത പാലിക്കണമെന്നും അറ്റാച്ച്‌മെൻറുകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും ഹിമാചൽ പോലീസ് അറിയിച്ചു. പരിചയമില്ലാത്ത നമ്പറുകളിൽ നിന്ന് വരുന്ന എപികെ ഫയലുകൾ ഒരു കാരണവശാലും ഇൻസ്റ്റാൾ ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നും പോലീസ് പറഞ്ഞു.