Telecom Updates: ജിയോക്ക് പാളി, പോയത് ലക്ഷക്കണക്കിന് ഉപഭോക്താക്കൾ,നേട്ടം ഇവർക്ക്
Jio Network Issues: ജൂലൈയിൽ സ്വകാര്യ ടെലികോം കമ്പനികൾ മൊബൈൽ താരിഫ് നിരക്ക് വർധിപ്പിച്ചതിനെ തുടർന്ന് നിരവധി ഉപയോക്താക്കളാണ് ജിയോ അടക്കമുള്ള കമ്പനികളുടെ സേവനങ്ങൾ ഉപേക്ഷിച്ചത്
ന്യൂഡൽഹി: ടെലികോം മേഖലയിലെ ജിയോയുടെ കിരീടം വെക്കാത്ത രാജഭരണത്തിന് പൂട്ട് വീഴുന്നുവെന്ന് സൂചനകൾ. മറ്റ് കമ്പനികളെ അപേക്ഷിച്ച് നിരവധി ഉപഭോക്താക്കളെയാണ് ജിയോക്ക് നഷ്ടമായതെന്ന് ട്രായ് (ടെലികോ റെഗുലേറ്ററി അതോറിറ്റി ഒാഫ് ഇന്ത്യ പങ്ക് വെച്ച കണക്കുകളിൽ പറയുന്നു. ജിയോക്ക് മാത്രമല്ല, വോഡഫോൺ-ഐഡിയ (വിഐ)ക്കും ഉപഭോക്താക്കളെ നഷ്ടമായിട്ടുണ്ട്. ഇതേസമയം എയർടെല്ലും ബിഎസ്എൻഎല്ലും അവരുടെ ഉപയോക്തൃ അടിത്തറയിൽ വർധനവ് രേഖപ്പെടുത്തി. ജൂലൈയിൽ സ്വകാര്യ ടെലികോം കമ്പനികൾ മൊബൈൽ താരിഫ് നിരക്ക് വർധിപ്പിച്ചതിനെ തുടർന്ന് നിരവധി ഉപയോക്താക്കളാണ് ജിയോ അടക്കമുള്ള കമ്പനികളുടെ സേവനങ്ങൾ ഉപേക്ഷിച്ചത്.
ഉപഭോക്താക്കളെ പിടിച്ച് നിർത്താൻ മറ്റ് കമ്പനികൾ ബുദ്ധിമുട്ട് നേരിട്ട കാലയളവിൽ എയർടെല്ലിന് ഉപയോക്താക്കളെ കൂട്ടാൻ കഴിഞ്ഞു. പൊതുമേഖലാ ടെലികോം ദാതാക്കളായ ബിഎസ്എൻഎലിനായിരുന്നു ഇക്കാലത്ത് നേട്ടം. ബിഎസ്എൻഎൽ ഇപ്പോഴും കൂടുതൽ ഉപയോക്താക്കളെ കൂട്ടുന്നത് തുടരുകയാണ്. നിലവിൽ ഏകദേശം 10 കോടിയാണ് ഉപഭോക്താക്കളുടെ എണ്ണം.
എയർടെല്ലിൽ
2024-ഒക്ടോബറിൽ ട്രായ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, എയർടെൽ തങ്ങളുടെ നെറ്റ്‌വർക്കിലേക്ക് 19.28 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് ചേർത്തത്. സെപ്റ്റംബറിൽ 14.35 ലക്ഷം ഉപയോക്താക്കളെ നഷ്‌ടപ്പെട്ടെങ്കിലും, കമ്പനി മെച്ചപ്പെടുന്നതായാണ് സൂചന. എയർടെല്ലിൻ്റെ വിപണി വിഹിതം 33.5 ശതമാനമായും ഉയർന്നിട്ടുണ്ട്, ഓരോ ഉപയോക്താവിനും (ARPU) മെച്ചപ്പെട്ട കണക്റ്റിവിറ്റിയും കമ്പനി നൽകുന്നുണ്ട്.
ജിയോയുടെ എണ്ണം കുറയുന്നു
രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ ജിയോക്ക് അവരുടെ ഉപയോക്തൃ അടിത്തറയിൽ വൻ ഇടിവ് ഇപ്പോഴും തുടരുകയാണ്, സമീപകാല റിപ്പോർട്ടിൽ ഏറ്റവും വലിയ നഷ്ടമാണ് കമ്പനി നേരിട്ടത്. ഒക്ടോബറിൽ കമ്പനിക്ക് 37.60 ലക്ഷം ഉപയോക്താക്കളെയാണ് നഷ്ടമായത്, സെപ്റ്റംബറിൽ 79.70 ലക്ഷം ഉപയോക്താക്കളെയും നഷ്ടമായി. ജിയോയുടെ വിപണി വിഹിതം 39.9 ശതമാനമായി കുറഞ്ഞെങ്കിലും ഇപ്പോഴും ജിയോ തന്നെയാണ് ടെലികോം മേഖലയിലെ ഏറ്റവും വലിയ സേവന ദാതാവ്.
വിഐ, ബിഎസ്എൻഎൽ
രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയയും ഉപയോക്താക്കളുടെ കുറവിൽ നട്ടം തിരിയുകയാണ്. സെപ്റ്റംബറിൽ 15.5 ലക്ഷം ഉപഭോക്താക്കളെ നഷ്ടപ്പെട്ടതിന് ശേഷം ഒക്ടോബറിൽ 19.77 ലക്ഷം ഉപയോക്താക്കളെയും കൂടി വിഐക്ക് നഷ്‌ടമായിരുന്നു. നിലവിൽ 18.30 ശതമാനമാണ് വോഡഫോൺ ഐഡിയയുടെ വിപണി വിഹിതം. മൊത്തത്തിൽ, മൂന്ന് സ്വകാര്യ കമ്പനികളുടെ വിപണി വിഹിതം 91.78 ശതമാനമാണ്, അതേസമയം സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയുടെ വിപണി വിഹിതം 8.22 ശതമാനമായി കുറഞ്ഞു. എന്നിരുന്നാലും, സെപ്റ്റംബറിൽ 8.5 ലക്ഷം വർദ്ധിച്ചതിനെത്തുടർന്ന് ഒക്ടോബറിൽ ഏകദേശം 5 ലക്ഷം പുതിയ ഉപയോക്താക്കളെ ചേർക്കാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞു.