Google Pay Ladoo: ലഡു ഉണ്ടോ ലഡു…; എന്താണ് സോഷ്യൽ മീഡിയ ആകെയൊരു ലഡു മയം? നിങ്ങൾക്ക് കിട്ടിയോ എല്ലാം
Google Pay Ladoo Game: ആറ് ലഡുകൾ അവതരിപ്പിച്ച ഗൂഗിൾ പേ അത് മൊത്തമായും ലഭിക്കുന്നവർക്ക് 1000 രൂപ വരെയുള്ള ക്യാഷ്ബാക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കളർ, ഡിസ്കോ, ട്വിങ്കിൾ, ട്രെൻഡി, ഫുഡി, ദോസ്തി എന്നിങ്ങനെയാണ് ഓരോ ലഡുവിന്റെ പേരുകൾ.
എല്ലാ ഫെസ്റ്റിവൽ സീസണുകളെയും അതിന്റേതായ രീതിയിൽ ഓരോ അപ്ലിക്കേഷനുകളും ആഘോഷിക്കുന്നത് നമ്മൾ കാണാറുണ്ട്. അത്തരത്തിൽ ആഘോഷം പൊടിപൊടിക്കുന്ന ഒന്നാണ് ഗൂഗിൾ പേ (Google Pay Ladoo). നിരവധി ഓഫറുകൾക്ക് പുറമെ ക്യാഷ്ബാക്കുകളും മറ്റുമായും ഇവർ തന്നെയാണ് മുൻപന്തിയിൽ. ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളും ഫുഡ് ഡെലിവറി ആപ്പ്ളിക്കേഷനുകളും ഓഫറുകൾ കൊണ്ട് മത്സരിക്കുമെങ്കിൽ ഓൺലൈൻ പേയ്മെന്റ് ആപ്പുകൾ വ്യത്യസ്തമായ ഐഡിയകളാണ് പുറത്തിറക്കുക.
ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് ഗൂഗിൾ പേ പുറത്തിറക്കിയ ഒരു കളിയെ പറ്റിയാണ് പറഞ്ഞുവരുന്നത്. ദീപാവലിക്ക് ഒരു കിടിലൻ മത്സരവുമായാണ് ഗൂഗിൾ പേ ഇത്തവണ എത്തിയിരിക്കുന്നത്. ആറ് ലഡുകൾ അവതരിപ്പിച്ച ഗൂഗിൾ പേ അത് മൊത്തമായും ലഭിക്കുന്നവർക്ക് 1000 രൂപ വരെയുള്ള ക്യാഷ്ബാക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കളർ, ഡിസ്കോ, ട്വിങ്കിൾ, ട്രെൻഡി, ഫുഡി, ദോസ്തി എന്നിങ്ങനെയാണ് ഓരോ ലഡുവിന്റെ പേരുകൾ.
ഗൂഗിൾ പേയിൽ ട്രാൻസാക്ഷനുകൾ നടത്തുമ്പോഴാവും ലഡു കൂടുതൽ ലഭിക്കുക. മൊബൈൽ റീചാർജ് ചെയ്താലോ, പണം അയച്ചുകൊടുത്താലോ എല്ലാം ഇവ ലഭിക്കുന്നതാണ്. ഇതെല്ലാം കൂടാതെ നമ്മുടെ കയ്യിൽ അധികമുള്ള ലഡു ഒരാൾക്ക് ഗിഫ്റ്റ് ചെയ്യാനും, നമുക്കില്ലാത്തത് റിക്വസ്റ്റ് ചെയ്ത് വാങ്ങാനും സാധിക്കും. ഇതിനകം തന്നെ എല്ലാ ലഡുവും ലഭിച്ച് ക്യാഷ്ബാക്ക് ലഭിച്ചവരും നിരവധിയുണ്ട്. അതിനാൽ തന്നെ ഇതിൽ ലഡു വാങ്ങികൂട്ടാൻ ആളുകൾക്ക് ആവേശം കൂടുതലാണ്. സോഷ്യൽ മീഡിയ ആകെ ലഡുവിനായി ആളുകൾ നെട്ടോട്ടം ഓടുകയാണ്.
ഈ മത്സരത്തിലൂടെ 1000 രൂപ വരെയാണ് ഗൂഗിൾ പേ ക്യാഷ്ബാക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ലഡു കിട്ടിയ ചിലർക്ക് 600 രൂപ വരെയുള്ള ക്യാഷ്ബാക്കുകൾ ലഭിച്ചിട്ടുണ്ട്. വെറും 50 രൂപ കിട്ടിയ ഹതഭാഗ്യന്മാരും ഇതിനിടയിലുണ്ട്. ഇത് മൂലം ഇപ്പോൾ വാട്സാപ്പ് ഗ്രൂപ്പുകളും മറ്റും ലഡുവിന് വേണ്ടിയുള്ള നിലവിളികളാൽ നിറഞ്ഞിരിക്കുകയാണ്.