5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pig Butchering Scam: ഡിജിറ്റൽ അറസ്റ്റില്ല ഇനി ‘പിഗ് ബുച്ചറിങ് സ്‌കാം’: മുന്നറിയിപ്പുമായി കേന്ദ്രം, എന്താണ് പന്നിക്കശാപ്പ് തട്ടിപ്പ്?

What Is Pig Butchering Scam: ഇത്തരം തട്ടിപ്പിൽ ഇരയാകുന്നവർക്ക് വൻ തുകയാണ് നഷ്ട്ടപ്പെട്ടിരിക്കുന്നത്. തട്ടിപ്പ് നടത്താൻ ലക്ഷ്യംവയ്ക്കുന്ന ഇരയുമായി കഴിയുന്നത്ര അടുപ്പമുണ്ടാക്കുന്ന ഈ രീതിയെ 'പിഗ് ബുച്ചറിങ് സ്‌കാം' (പന്നിക്കശാപ്പ് തട്ടിപ്പ്) എന്നാണ് വിളിക്കുന്നത്. ലോകത്ത് ആദ്യമായി 2016-ൽ ചൈനയിലാണ് ഈ തട്ടിപ്പ് റിപ്പോർട്ടു ചെയ്യുന്നത്. അതിനാൽ ഇതിനെ "ഷാ ജു പാൻ" എന്നും ഈ തട്ടിപ്പിനെ അറിയപ്പെടുന്നു. വാട്സാപ്പ്, ടെലഗ്രാം, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമ പ്ലാറ്റ്ഫോമിലൂടെയാണ് ഇത്തരം ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകാർ എത്തുന്നത്.

Pig Butchering Scam: ഡിജിറ്റൽ അറസ്റ്റില്ല ഇനി ‘പിഗ് ബുച്ചറിങ് സ്‌കാം’: മുന്നറിയിപ്പുമായി കേന്ദ്രം, എന്താണ് പന്നിക്കശാപ്പ് തട്ടിപ്പ്?
neethu-vijayan
Neethu Vijayan | Published: 03 Jan 2025 13:41 PM

ഡിജിറ്റൽ അറസ്റ്റിൻ്റെ ട്രെൻഡ് കഴിഞ്ഞു… ഇനി ‘പിഗ് ബുച്ചറിങ് സ്‌കാം’. അതായത് പന്നിക്കശാപ്പ് തട്ടിപ്പ്. കേൾക്കുമ്പോൾ ചെറിയ ചിരിയൊക്കെ തോന്നും. എന്നാൽ സംഭവം അത്ര നിസാരമല്ല. പേരുപോലെ തന്നെയാണ് തട്ടിപ്പും. തൊഴിൽരഹിതർ, വീട്ടമ്മമാർ, വിദ്യാർഥികൾ എന്നിവരെ ലക്ഷ്യമിട്ടുള്ള തട്ടിപ്പാണ് പന്നിക്കശാപ്പ്. സാധാരണക്കാർ എല്ലാവരും ഇന്ത്യയിൽ പുതുതായി കണ്ടെത്തിയ ഈ തട്ടിപ്പിനെതിരെ കരുതിയിരിക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്.

ഇത്തരം തട്ടിപ്പിൽ ഇരയാകുന്നവർക്ക് വൻ തുകയാണ് നഷ്ട്ടപ്പെട്ടിരിക്കുന്നത്. തട്ടിപ്പ് നടത്താൻ ലക്ഷ്യംവയ്ക്കുന്ന ഇരയുമായി കഴിയുന്നത്ര അടുപ്പമുണ്ടാക്കുന്ന ഈ രീതിയെ ‘പിഗ് ബുച്ചറിങ് സ്‌കാം’ (പന്നിക്കശാപ്പ് തട്ടിപ്പ്) എന്നാണ് വിളിക്കുന്നത്. ലോകത്ത് ആദ്യമായി 2016-ൽ ചൈനയിലാണ് ഈ തട്ടിപ്പ് റിപ്പോർട്ടു ചെയ്യുന്നത്. അതിനാൽ ഇതിനെ “ഷാ ജു പാൻ” എന്നും ഈ തട്ടിപ്പിനെ അറിയപ്പെടുന്നു.

വാട്സാപ്പ്, ടെലഗ്രാം, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമ പ്ലാറ്റ്ഫോമിലൂടെയാണ് ഇത്തരം ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകാർ എത്തുന്നത്. രാജ്യത്ത് ഈ തട്ടിപ്പിന് തടയിടാൻ, ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെന്റർ (14 സി) ഗൂഗിളുമായി സഹകരിച്ച് വിവരങ്ങൾ കൈമാറാനും നടപടിയുറപ്പാക്കാനും ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.

എന്താണ് പിഗ് ബുച്ചറിങ് സ്‌കാം?

“പന്നി കശാപ്പ് തട്ടിപ്പ്” എന്നത് ഒരു തരം സൈബർ തട്ടിപ്പിൽ വരുന്നതാണ്. തട്ടിപ്പുകാർ ഇരകളെ ചൂഷണം ചെയ്യുന്നതിനുമുമ്പ് അവരുമായി വിശ്വാസപരമായ ഒരു ബന്ധം സ്ഥാപിച്ചെടുക്കുന്നു. അതായത് കശാപ്പിന് മുമ്പ് പന്നികൾക്ക് ആവശ്യത്തിന് തീറ്റയും പരിചരണവും നൽകി അവസാനം കശാപ്പുചെയ്യുന്ന രീതിക്ക് സമാനമാണ് ഈ തട്ടിപ്പ്. അതുകൊണ്ടാണ് ഇതിന് പന്നി കശാപ്പ് തട്ടിപ്പ് എന്ന പേരുവന്നത്. 2016-ൽ ചൈനയിൽ ഇത് ആരംഭിച്ചതായി വിശ്വസിക്കപ്പെടുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, മെസ്സേജിങ് ആപ്പുകൾ, ഡേറ്റിംഗ് സൈറ്റുകൾ അല്ലെങ്കിൽ ഇമെയിലുകൾ തുടങ്ങിയ മാർ​ഗങ്ങളിലൂടെ തട്ടിപ്പുകാർ ഇരകളാകാൻ സാധ്യതയുള്ളവരിലേക്ക് എത്തിച്ചേരുന്നു. അവർ പലപ്പോഴും സൗഹൃദം നടിക്കുകയും, കാമുകൻ മാരായും, അല്ലെങ്കിൽ സാമ്പത്തിക ഉപദേഷ്ടാക്കൾ എന്നിങ്ങനെ വിവിധ വേഷങ്ങളിൽ നിങ്ങളിലേക്ക് എത്തുന്നു. ഇടയ്ക്കിടെ സംഭാഷണങ്ങളിൽ ഏർപ്പെടുകയും വ്യക്തിപരമായ ബന്ധം രൂപപ്പെടുത്തുകയും ചെയ്യാൻ ശ്രമിക്കും. ഇത്തരത്തിൽ ആഴ്ചകളോ മാസങ്ങളോ നീണ്ടുനിന്ന ബന്ധത്തിലൂടെ ഇവർ ഇരയുടെ വിശ്വാസം നേടിയെടുക്കുന്നു.

വിശ്വാസം സ്ഥാപിച്ചുകഴിഞ്ഞാൽ, തട്ടിപ്പുകാരൻ ഇരയെ വ്യാജ നിക്ഷേപ അവസരങ്ങൾ പരിചയപ്പെടുത്തുന്നു. പലപ്പോഴും ക്രിപ്‌റ്റോകറൻസിയിലോ സ്റ്റോക്കുകളിലോ, അപകടസാധ്യതയില്ലാതെ ഉയർന്ന വരുമാനം ലഭിക്കുന്ന മറ്റ് നിക്ഷേപങ്ങളിലേക്കോ കൊണ്ടെത്തിക്കുന്നു. പദ്ധതിയുടെ നിയമസാധുതയെക്കുറിച്ച് അവരെ കൂടുതൽ ബോധ്യപ്പെടുത്തുന്നതിന് ഇരകൾക്ക് തുടക്കത്തിൽ ചെറിയ രീതിയിൽ ലാഭം ഇവർ നൽകുന്നു. ഇതിലൂടെ കൂടുതൽ വിശ്വാസം പിടിച്ചെടുക്കും. അങ്ങനെ ഇരകൾ വലിയ തുക നിക്ഷേപിക്കാൻ കാരണമാകുന്നു.

ഇങ്ങനെ വലിയ വരുമാനം നൽകിയ ശേഷം ഇരകൾ അവരുടെ വരുമാനം പിൻവലിക്കാനോ നിക്ഷേപം തിരിച്ചുപിടിക്കാനോ ശ്രമിക്കുമ്പോൾ, മുഴുവൻ സമ്പാദ്യവും തട്ടിയെടുത്ത് തട്ടിപ്പുകാർ മുങ്ങുന്നതാണ് രീതി.

സൈബർ കുറ്റവാളികൾ ദുരുപയോഗം ചെയ്യുന്നത് വാട്ട്‌സ്ആപ്പ്

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ, ഇന്ത്യയിലെ സൈബർ കുറ്റവാളികൾ ദുരുപയോഗം ചെയ്യുന്ന ഏറ്റവും വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് വാട്ട്‌സ്ആപ്പ്. 2024 മാർച്ച് വരെ വാട്‌സ്ആപ്പുമായി ബന്ധപ്പെട്ട് 746 പരാതികളും ടെലിഗ്രാമിനെതിരെ 7651, ഇൻസ്റ്റാഗ്രാമിനെതിരെ 7152, ഫേസ്ബുക്കിനെതിരെ 7051, യൂട്യൂബിനെതിരെ 1135 പരാതികളും ലഭിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.

ഇത്തരത്തിലുള്ള തട്ടിപ്പിൽ നിന്ന് സുരക്ഷിതരായിരിക്കാൻ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അപരിചിതരുമായി വരുന്ന മെസ്സേജുകളോ മറ്റ് ലിങ്കുകളിലോ ക്ലിക്ക് ചെയ്യാതിരിക്കുക. കൂടാതെ സോഷ്യൽ മീഡിയയിൽ അപരിചിതരുമായി ബന്ധം സ്ഥാപിക്കുന്നത് ഒഴിവാക്കുക. ഇത്തരം തട്ടിപ്പുകാരിൽ ബോധവാൻമാരായിരിക്കുക.