Ghatak Stealth: ശത്രുവിനെ മുൾമുനയിൽ നിർത്താൻ വരുന്നു ഇന്ത്യയുടെ സ്വന്തം ‘ഘാതക് ‘ ഡ്രോണുകൾ
Ghatak Stealth UCAV: എഎംസിഎ, ഘാതക് പദ്ധതികൾക്ക് വേണ്ടി 400 കോടി രൂപയാണ് മുമ്പ് അനുവദിച്ചിരുന്നത്. അതിന് പുറമെ സുരക്ഷാ കാര്യങ്ങൾക്കുള്ള ക്യാബിനറ്റ് കമ്മിറ്റി അനുമതി നൽകിയതോടെ 15,000 കോടി രൂപ കൂടി അധികമായി അനുവദിച്ചു. ഇതിലൊരുഭാഗം ഘാതക്കിന് വേണ്ടിയാണ് വിനിയോഗിക്കുക.
തദ്ദേശീയമായി വികസിപ്പിച്ച ഘാതക് ഡ്രോൺ യാഥാർഥ്യത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്. ഡിആർഡിഒ വ്യാവസായിക ഉത്പാദനത്തിന് മുന്നോടിയായുള്ള ഡ്രോണിന്റെ പൂർണ വലിപ്പത്തിലുള്ള നിർമാണത്തിനൊരുങ്ങുകയാണ്. ഡിആർഡിഒയും എയ്‌റോനോട്ടിക്കൽ ഡെവലപ്‌മെന്റ് എസ്റ്റാബ്‌ളിഷ്‌മെന്റും (എഡിഇ) ചേർന്നാണ് റഡാർ സിഗ്നലുകൾക്ക് കണ്ടെത്താൻ ബുദ്ധിമുട്ടുള്ള സ്‌റ്റെൽത്ത് സാങ്കേതിക വിദ്യ ഉൾക്കൊള്ളുന്ന ഘാതക് ഡ്രോൺ വികസിപ്പിക്കുന്നത്. ഘാതക് ഡ്രോൺ പദ്ധതിക്ക് കേന്ദ്രസർക്കാർ നേരത്തെ തന്നെ ഫണ്ട് അനുവദിച്ചിരുന്നു. തദ്ദേശീയമായ സ്റ്റെൽത്ത് എയർക്രാഫ്റ്റ് പദ്ധതിക്ക് വേണ്ടി ഘാതക് ഡ്രോണിനും തദ്ദേശിയമായ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് ( എ.എം.സി.എ) പദ്ധതിക്കും കേന്ദ്രസർക്കാർ ഫണ്ട് അനുവദിച്ചിരുന്നതാണ്.
പൂർണമായ വലിപ്പത്തിലേക്ക് മാറുമ്പോൾ 12 ടൺ ഭാരമുള്ള ഡ്രോണായിരിക്കും ഘാതക്. ശത്രുകേന്ദ്രങ്ങളിലേക്ക് കടന്നുകയറി ആക്രമണം നടത്തുക, നിരീക്ഷണം, രഹസ്യവിവരങ്ങൾ ശേഖരിക്കൽ തുടങ്ങിയ ദൗത്യങ്ങൾക്ക് ഉപയോഗിക്കുന്നതിനാണ് ഘാതക് ഡ്രോണിനെ വികസിപ്പിക്കുന്നത്. 1.5 ടൺ ഭാരമുള്ള പേലോഡുകൾ വഹിക്കാൻ ശേഷിയുള്ള ഇന്റേണൽ വെപ്പൺസ് ബേയാണ് ഘാതക്കിന്റെ സവിശേഷതകളിൽ പ്രധാനം. പ്രിസിഷൻ ഗൈഡഡ് ബോംബുകൾ, മിസൈലുകൾ ഉൾപ്പെടെയുള്ളവ വഹിക്കാൻ ഇത് ഘാതക്കിന് ശേഷി നൽകുന്നു. മാത്രമല്ല മറ്റ് യുദ്ധവിമാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ റഡാർ ക്രോസ് സെക്ഷൻ മാത്രമാണ് ഘാതകിനുള്ളത്. അതുകൊണ്ട് തന്നെ ഇതിനെ റഡാറുകൾക്ക് തിരിച്ചറിയാൻ പ്രയാസമാണെന്നാണ് വിദഗ്ധർ പറയുന്നത്.
എഎംസിഎ, ഘാതക് പദ്ധതികൾക്ക് വേണ്ടി 400 കോടി രൂപയാണ് മുമ്പ് അനുവദിച്ചിരുന്നത്. അതിന് പുറമെ സുരക്ഷാ കാര്യങ്ങൾക്കുള്ള ക്യാബിനറ്റ് കമ്മിറ്റി അനുമതി നൽകിയതോടെ 15,000 കോടി രൂപ കൂടി അധികമായി അനുവദിച്ചു. ഇതിലൊരുഭാഗം ഘാതക്കിന് വേണ്ടിയാണ് വിനിയോഗിക്കുക. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കാവേരി എഞ്ചിൻ ആണ് ഘാതക്കിൽ ഘടിപ്പിക്കുക. നേരത്തെ തേജസ് യുദ്ധവിമാനത്തിന് വേണ്ടിയാണ് കാവേരി എഞ്ചിൻ വികസിപ്പിച്ചതെങ്കിലും ആവശ്യമായ പ്രകടനം കാഴ്ചവെക്കാത്തതിനാൽ കാവേരി എഞ്ചിൻ പദ്ധതി ഇടയ്ക്ക് തടസ്സപ്പെട്ടിരുന്നു.
എന്നാൽ പിന്നീടിത് ഘാതക് ഡ്രോണിന് അനുയോജ്യമാകുമെന്ന് കണ്ടെത്തുകയായിരുന്നു. നിലവിൽ ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച തേജസിനെ അപേക്ഷിച്ച് ഘാതക്കിന് വലിപ്പമേറിയ ചിറകുകളാണ് നൽകിയിട്ടുള്ളത്. ക്രൂസ് വേഗത തേജസിനേക്കാൾ കുറവാണ്. തുടർച്ചയായി നിർത്താതെ എട്ടുമണിക്കൂർ വരെ ദൗത്യത്തിനായി ഘാതക്കിനെ ഉപയോഗിക്കാൻ സാധിക്കും. കൂടുതൽ നേരം തുടർച്ചയായി പറക്കാനും റഡാർ നിരീക്ഷണത്തെ കബളിപ്പിക്കാനുമുള്ള സംവിധാനങ്ങൾ ഉപയോഗിക്കുന്നതുകൊണ്ടാണ് ഘാതക്കിന് യുദ്ധവിമാനങ്ങളെക്കാൾ വേഗത കുറവാകുന്നത്.
2022 ൽ ഇതിന്റെ പ്രോട്ടോടൈപ്പ് പരീക്ഷണം നടത്തിയിരുന്നു. റൺവേയിൽ നിന്ന് പറന്നുയരാനും തിരികെ ലാൻഡ് ചെയ്യുന്നതുമുൾപ്പെടെയുള്ള പരീക്ഷണങ്ങളാണ് അന്ന് നടത്തിയത്. പിന്നീട് 2023ലും കൂടുതൽ മെച്ചപ്പെടുത്തിയതിന് ശേഷം പരീക്ഷണങ്ങൾ വീണ്ടും തുടർന്നു. പ്രോട്ടോടൈപ്പ് പരീക്ഷണങ്ങൾ വിജയം കണ്ടതോടെയാണ് പൂർണ വലിപ്പത്തിലുള്ള പരീക്ഷണത്തിലേക്ക് പോകാൻ തയ്യാറെടുക്കുന്നത്. 2025 ഓടെ പരീക്ഷണം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യോമസേനയ്ക്ക് വേണ്ടിയാണ് പ്രധാനമായും ഘാതക് വികസിപ്പിക്കുന്നത്.