Casio Retro: തിരുമ്പി വന്തിട്ടേൻ….! കാസിയോയുടെ റെട്രോ സ്റ്റൈൽ സ്മാർട് റിങ് വിപണിയിലേക്ക്
Casio Retro Style New Smart Ring: ഏഴ് സെഗ്മെന്റ് എൽസിഡി സ്‌ക്രീനാണ് പുതിയ റിംഗ് വാച്ചിനുള്ളത്. ഇതിൽ മണിക്കൂറുകളും മിനിറ്റുകളും സെക്കൻഡുകളും പ്രദർശിപ്പിക്കാൻ കഴിയും. ഇതിനോടൊപ്പം സ്റ്റോപ്പ് വാച്ച് സംവിധാനവും വാച്ചിലുണ്ടാവും. ഇതെല്ലാം കൂടാതെ മൂന്ന് ഫിസിക്കൽ ബട്ടണുകളും സ്മാർട് റിങിലുൾപ്പെടുത്തിയിട്ടുണ്ട്.
വാച്ച് ആരാധകർക്കിടയിൽ കാസിയോ (Casio) എന്ന ജപ്പാനീസ് കമ്പനിക്കുള്ള സ്ഥാനം വളരെ വലുതാണ്. സ്മാർട്ട് വാച്ച് തരംഗം സൃഷ്ടിക്കുന്നതിന് എത്രയോ മുമ്പ് തന്നെ ഡിജിറ്റൽ സ്‌ക്രീനുമായി എത്തി അത്ഭുതപ്പെടുത്തിയ വാച്ച് നിർമാതാക്കളാണ് കാസിയോ. കൂടാതെ പഴയ കാസിയോ വാച്ചിന്റെ സ്റ്റെലിലുള്ള സ്മാർട്ട് വാച്ചുകളും കമ്പനി പുറത്തിറക്കാൻ തുടങ്ങിയിരുന്നു.
ഇപ്പോഴിതാ ആരാധകർക്ക് സന്തോഷവാർത്തയുമായാണ് കമ്പനി വന്നിരിക്കുന്നത്. കാസിയോയുടെ റെട്രോ സ്റ്റൈലിനെ ഓർമിപ്പിക്കുന്ന പുതിയ സ്മാർട് റിങ് പുറത്തിറക്കാനൊരുങ്ങുകയാണ് കമ്പനി. കാസിയോ റിംഗ് വാച്ച് ഡിസംബർ മുതൽ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ട്.
ഏഴ് സെഗ്മെന്റ് എൽസിഡി സ്‌ക്രീനാണ് പുതിയ റിംഗ് വാച്ചിനുള്ളത്. ഇതിൽ മണിക്കൂറുകളും മിനിറ്റുകളും സെക്കൻഡുകളും പ്രദർശിപ്പിക്കാൻ കഴിയും. ഇതിനോടൊപ്പം സ്റ്റോപ്പ് വാച്ച് സംവിധാനവും വാച്ചിലുണ്ടാവും. ഇതെല്ലാം കൂടാതെ മൂന്ന് ഫിസിക്കൽ ബട്ടണുകളും സ്മാർട് റിങിലുൾപ്പെടുത്തിയിട്ടുണ്ട്.
സ്റ്റെയിൻലെസ് സ്റ്റീൽ ബെസലുകളുള്ള വാച്ചാണ് പുതുതായി പുറത്തിറങ്ങുന്നത്. എന്നാൽ വാച്ചിൽ സ്പീക്കറുകൾ ഉൾപ്പെടുത്തിയിട്ടില്ല. അതേസമയം മറ്റ് സ്മാർട്ട് റിങുകളെ പോലെ ഉറക്കത്തിന്റെ ട്രാക്കിംഗ്, ഹൃദയമിടിപ്പ് അളക്കൽ, രക്തത്തിലെ ഓക്സിജൻ അളവ് നിരീക്ഷിക്കൽ തുടങ്ങിയ ഫിറ്റ്നസ് ട്രാക്കിംഗ് സവിശേഷതകളൊന്നും കാസിയോ ഉൾപ്പെടുത്തിയിട്ടില്ല.
വാച്ച് വാട്ടർപ്രൂഫ് ആണെന്നും കാസിയോ വ്യക്തമാക്കി. വാച്ചിന്റെ റിങിന്റെ വലുപ്പം 20 മില്ലിമീറ്ററാണ്. കാസിയോയുടെ 50-ാം വാർഷികത്തിന്റെ ഭാഗമായിട്ടാണ് CRW-001-1JR എന്ന പേരിൽ അറിയപ്പെടുന്ന പുതിയ റിംഗ് വാച്ച് പുറത്തിറക്കിയത്. 19,800 യെൻ അഥവ ഏകദേശം 10810 രൂപയാണ് സ്മാർട്ട് വാച്ചിന്റെ വില.