BSNL: ശബരിമലയിലെ 48 ഇടങ്ങളില്‍ വൈ-ഫൈ കണക്ഷൻ സ്ഥാപിച്ച് ബിഎസ്എന്‍എല്‍; എങ്ങനെ ഫോണില്‍ കണക്റ്റ് ചെയ്യാം?
BSNL: ശബരിമല, പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ പൊതു വൈ-ഫൈ സേവനമാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി സഹകരിച്ചാണ് ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്ക് വിപുലമായി ഒരുക്കിയിരിക്കുന്നത്.
ഒന്നിന്ന് പിന്നാലെ മറ്റൊന്നായി എത്തിക്കുകയാണ് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. വ്യത്യസ്ത പ്ലാനുകളും ഓഫറുകളുമായി ഞെട്ടിപ്പിച്ച ബിഎസ്എന്‍എല്‍ ഇപ്പോഴിതാ പുതിയ ഒരു സംവിധാനം കൂടി ആരംഭിച്ചിരിക്കുകയാണ്. മണ്ഡലക്കാല ആരംഭത്തോടെ ശബരിമലയിലെത്തുന്ന അയപ്പ ഭക്തര്‍ക്ക് നെറ്റ്‌വര്‍ക്ക് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ബിഎസ്എന്‍എല്‍ എത്തിയിട്ടുള്ളത്. ഇതിനായി ശബരിമലയിലെ 48 ഇടങ്ങളില്‍ വൈ-ഫൈ കണക്ഷനുകള്‍ ബിഎസ്എന്‍എല്‍ സ്ഥാപിച്ചതായി അറിയിച്ചു. അതിവേഗ ഇന്‍റര്‍നെറ്റ് കണക്ഷന്‍ വഴി ശബരിമലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും സേവനങ്ങളെയും കൂടുതല്‍ ഏകോപിപ്പിക്കാനും ബിഎസ്എന്‍എല്ലിന്‍റെ ഈ പരിശ്രമത്തിനാകും.
ശബരിമല, പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ പൊതു വൈ-ഫൈ സേവനമാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി സഹകരിച്ചാണ് ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്ക് വിപുലമായി ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമെ ശബരിമല പാതയില്‍ 4ജി ടവറുകളും ബിഎസ്എന്‍എല്‍ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ തീര്‍ഥാടകരെ സ്വീകരിക്കുന്നതിനും അവരുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കസ്‌റ്റമര്‍ സര്‍വീസ് സെന്‍റര്‍ പമ്പയിലും ശബരിമലയിലും സജ്ജീകരിക്കുമെന്നാണ് റിപ്പോർട്ട്. പുതിയ മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിനും, ഫോര്‍ജി സിം അപ്ഗ്രഡേഷന്‍, റീചാര്‍ജ്, ബില്‍ പേയ്‌മെന്‍റ് തുടങ്ങിയ സേവനങ്ങളും ലഭ്യമാണ് .
— BSNL_Kerala (@BSNL_KL) November 14, 2024
എങ്ങനെ ഫോണില്‍ കണക്റ്റ് ചെയ്യാം?
ശബരിമലയിലെത്തുന്ന അയപ്പ ഭക്തർക്ക് ശബരിമലയിലും നിലയ്ക്കലിലും പമ്പയിലും ബിഎസ്എന്‍എല്ലിന്‍റെ വൈ-ഫൈ സേവനം ലഭിക്കും. ഇതിനായി ഫോണിലെ വൈ-ഫൈ ഓപ്ഷന്‍ ആദ്യം ഓണാക്കുക. ഇതിന് ശേഷം സ്ക്രീനില്‍ കാണിക്കുന്ന ബിഎസ്എന്‍എല്‍ വൈ-ഫൈ (BSNL WiFi) എന്ന നെറ്റ്‌വര്‍ക്ക് ഓപ്ഷന്‍ സെലക്ട് ചെയ്യുക. അപ്പോള്‍ തുറന്നുവരുന്ന വെബ്‌പേജില്‍ നിങ്ങളുടെ പത്ത് അക്ക മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്ത് Get PIN ക്ലിക്ക് ചെയ്യുക. ഫോണില്‍ എസ്എംഎസ് ആയി ലഭിക്കുന്ന ആറക്ക പിന്‍ നമ്പര്‍ സമര്‍പ്പിച്ചാല്‍ ഉടനടി ബിഎസ്എന്‍എല്‍ വൈ-ഫൈ ലഭിക്കും.
അതിനൂതനവും 300 എബിപിഎസ് വരെ വേഗത ലഭിക്കുന്നതുമായ ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്റ്റിവിറ്റി ശബരിമല, പമ്പ, നിലക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സാധ്യമാക്കിയിട്ടുണ്ട്. ഫൈബര്‍ കണക്റ്റിവിറ്റിയിലുടെ ദേവസ്വം ബോര്‍ഡ്, പൊലീസ്, ഫോറസ്‌റ്റ്, ആരോഗ്യം തുടങ്ങിയ വകുപ്പുകള്‍, ബാങ്കുകള്‍, വാര്‍ത്താ മാധ്യമങ്ങള്‍, മറ്റു സര്‍ക്കാര്‍ ഏജന്‍സികള്‍, വാണിജ്യ സ്ഥാപനങ്ങള്‍ ഇവിടെയെല്ലാം ടെലികോം സേവനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. പമ്പ മുതല്‍ സന്നിധാനം വരെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഓക്‌സിജന്‍ പാര്‍ലറുകള്‍, എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററുകള്‍ എന്നിവിടങ്ങളില്‍ ഫൈബര്‍ കണക്റ്റിവിറ്റി ലഭിക്കും.