5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

WT20 World Cup : ഇത്തവണ ഫൈനലിൽ കലമുടച്ച് ദക്ഷിണാഫ്രിക്ക; ടി20 ലോകകപ്പുകളിൽ ന്യൂസീലൻഡിന് കന്നിക്കിരീടം

WT20 World Cup New Zealand Won The Final : വനിതാ ടി20 ലോകകപ്പിന് പുതിയ ചാമ്പ്യന്മാർ. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 32 റൺസിന് വീഴ്ത്തിയ ന്യൂസീലൻഡാണ് കുട്ടിക്കിരീടത്തിൻ്റെ പുതിയ അവകാശികൾ.

WT20 World Cup : ഇത്തവണ ഫൈനലിൽ കലമുടച്ച് ദക്ഷിണാഫ്രിക്ക; ടി20 ലോകകപ്പുകളിൽ ന്യൂസീലൻഡിന് കന്നിക്കിരീടം
വനിതാ ടി20 ലോകകപ്പ് (Image Credits – PTI)
abdul-basithtv9-com
Abdul Basith | Published: 20 Oct 2024 22:58 PM

വനിതാ ടി20 ലോകകപ്പ് കിരീടം ന്യൂസീലൻഡിന്. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 32 റൺസിന് തോല്പിച്ചാണ് ന്യൂസീലൻഡിൻ്റെ കന്നിക്കിരീടനേട്ടം. ന്യൂസീലൻഡ് മുന്നോട്ടുവച്ച 159 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 126 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ അമേലിയ കെർ ആണ് കിവീസിൻ്റെ വിജയശില്പി. ബാറ്റിംഗിൽ 43 റൺസ് നേടി ന്യൂസീലൻഡിൻ്റെ ടോപ്പ് സ്കോററായ അമേലിയ ബൗളിംഗിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡിന് ജോർജിയ പ്ലിമ്മറെ (9) വേഗം നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ സൂസി ബേറ്റ്സും അമേലിയ കെറും ചേർന്ന് മികച്ച കൂട്ടുകെട്ടുയർത്തി. 37 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിൽ ബേറ്റ്സ് (31 പന്തിൽ 32) മടങ്ങി. സൂപ്പർ താരം സോഫി ഡിവൈൻ (6) വേഗം മടങ്ങിയതോടെ കിവീസ് ബാക്ക്ഫൂട്ടിലായി. മധ്യ ഓവറുകളിൽ ദക്ഷിണാഫ്രിക്ക നന്നായി പന്തെറിഞ്ഞതോടെ ന്യൂസീലൻഡ് കിതച്ചു. അഞ്ചാം നമ്പറിലെത്തിയ ബ്രൂക് ഹാലിഡേയുടെ ബാറ്റിംഗ് ആണ് ന്യൂസീലൻഡിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. 28 പന്തിൽ 38 റൺസെടുത്ത് ഹാലിഡേയും 38 പന്തിൽ 43 റൺസ് നേടി അമേലിയയും കിവീസിനെ 150 കടത്തി.

Also Read : Ind vs Nz : 1988ന് ശേഷം ഇന്ത്യയിൽ ഒരു ടെസ്റ്റ് ജയിച്ച് ന്യൂസീലൻഡ്; ജയം എട്ട് വിക്കറ്റിന്

മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കയ്ക്ക് നല്ല തുടക്കം കിട്ടി. തുടക്കം മുതൽ തകർപ്പൻ ഫോമിലായിരുന്ന ലോറ വോൽവാർട്ട് മുന്നിൽ നിന്ന് നയിച്ചപ്പോൾ അതിവേഗം സ്കോർ ഉയർന്നു. 51 റൺസാണ് തസ്മീൻ ബ്രിറ്റ്സുമായിച്ചേർന്ന് ലോറ കൂട്ടിച്ചേർത്തത്. ബ്രിറ്റ്സ് മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക തളർന്നു. കൃത്യതയോടെ പന്തെറിഞ്ഞ ന്യൂസീലൻഡ് ബൗളർമാർക്ക് മേൽ പിന്നീട് ആധിപത്യം നേടാൻ ന്യൂസീലൻഡിന് സാധിച്ചില്ല. വെറും നാല് താരങ്ങളാണ് പ്രോട്ടീസിനായി രണ്ടക്കം കടന്നത്. 33 റൺസ് നേടിയ ലോറയാണ് ടോപ്പ് സ്കോറർ. ന്യൂസീലൻഡിനായി അമേലിയ കെറും റോസ്‌മേരി മയ്റും മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഇത് ആദ്യമായാണ് ന്യൂസീലൻഡ് വനിതാ ടി20 ലോകകപ്പ് നേടുന്നത്. പുരുഷ ലോകകപ്പ് നേടാനും ന്യൂസീലൻഡിന് സാധിച്ചിട്ടില്ല. 2000ൽ വനിതാ ടീം ഏകദിന ലോകകപ്പ് നേടിയിട്ടുണ്ട്. ഇതോടെ ഐസിസി ടി20 ലോകകപ്പുകളിൽ ന്യൂസീലൻഡ് നേടുന്ന ആദ്യ കിരീടമാണ് ഇത്. ഇതുവരെ നടന്ന വനിതാ ടി20 ലോകകപ്പുകളിൽ ഓസ്ട്രേലിയയും വെസ്റ്റ് ഇൻഡീസും ഇംഗ്ലണ്ടും മാത്രമേ ഇതുവരെ ചാമ്പ്യന്മാർ ആയിരുന്നുള്ളൂ. ഒരോ തവണ വീതം വിൻഡീസും ഇംഗ്ലണ്ടും കിരീടം നേടിയപ്പോൾ ആറ് തവണയാണ് ഓസ്ട്രേലിയ ജേതാക്കളായത്. ഇതോടെ ഈ ഫൈനലിൽ ആര് ജയിച്ചാലും അത് ചരിത്രമാകുമായിരുന്നു.

 

Latest News