5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Magnus Carlsen: മത്സരത്തിൽ പങ്കെടുക്കാൻ ജീൻസ് ധരിച്ചെത്തി; ലോക ചെസ് ചാമ്പ്യൻഷിപ്പിൽ നിന്ന് മാഗ്നസ് കാൾസണ് വിലക്ക്

Magnus Carlsen Disqualified From World Chess Championship: വേൾഡ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ നിന്ന് മാഗ്നസ് കാൾസണെ അയോഗ്യനാക്കി. മത്സരത്തിൽ പങ്കെടുക്കാൻ ജീൻസ് ധരിച്ചെത്തിയതിനെ തുടർന്നാണ് താരത്തെ അയോഗ്യനാക്കിയത്.

Magnus Carlsen: മത്സരത്തിൽ പങ്കെടുക്കാൻ ജീൻസ് ധരിച്ചെത്തി; ലോക ചെസ് ചാമ്പ്യൻഷിപ്പിൽ നിന്ന് മാഗ്നസ് കാൾസണ് വിലക്ക്
മാഗ്നസ് കാൾസൺImage Credit source: Magnus Carlsen X
abdul-basith
Abdul Basith | Published: 28 Dec 2024 11:27 AM

ലോക ചെസ് ചാമ്പ്യൻഷിപ്പിൽ നിന്ന് ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസണ് വിലക്ക്. മത്സരത്തിൽ പങ്കെടുക്കാൻ ജീൻസ് ധരിച്ചെത്തിയതിനെ തുടർന്നാണ് താരത്തെ അയോഗ്യനാക്കിയത്. മത്സരങ്ങളിൽ പങ്കെടുക്കാൻ ഫിഡെ നിർദ്ദേശിച്ചിരിക്കുന്ന ഡ്രസ് കോഡുണ്ട്. ഇത് അനുസരിക്കാൻ തയ്യാറായില്ലെന്ന് കാട്ടിയാണ് അമേരിക്കയിലെ ന്യൂ യോർക്കിൽ നടക്കുന്ന വേൾഡ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ നിന്ന് താരത്തെ വിലക്കിയത്.

ജീൻസ് ധരിച്ച് മത്സരത്തിനെത്തിയതിന് ആദ്യ ഘട്ടത്തിൽ കാൾസന് 200 ഡോളർ പിഴ വിധിച്ചിരുന്നു. ഉടൻ തന്നെ ജീൻസ് മാറ്റണമെന്ന് അദ്ദേഹത്തോട് അധികൃതർ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, ഇതിന് കാൾസൺ തയ്യാറായില്ല. ഇതോടെയാണ് അദ്ദേഹത്തെ മത്സരത്തിൽ നിന്ന് അയോഗ്യനാക്കിയത്. അടുത്ത വർഷം കൃത്യമായ വസ്ത്രം ധരിച്ച് എത്താമെന്ന് കാൾസൺ പറഞ്ഞെങ്കിലും അത് അധികൃതർക്ക് സ്വീകാര്യമായിരുന്നില്ല. “ഫിഡെയെ കാരണം ഞാൻ മടുത്തു. ഇതിൽ കൂടുതലൊന്നുമില്ല. അവരുമായി എനിക്ക് ഒരു ബന്ധവുമില്ല. വീട്ടിലെ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഇതൊരു മണ്ടൻ നിബന്ധനയാവാം. പക്ഷേ, ഇതത്ര രസമുള്ളതല്ല. അവർക്ക് ഈ നിബന്ധനകൾ അടിച്ചേല്പിക്കാനാവില്ല. എനിക്ക് ഇതിൽ കൂടുതലൊന്നും പറയാനുമില്ല.”- അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ കാൾസൺ പ്രതികരിച്ചു.

Also Read : IND vs AUS: മെൽബൺ ടെസ്റ്റിന് ശേഷം രോഹിത് ശർമ്മ വിരമിച്ചേക്കും?; സ്റ്റേഡിയത്തിൽ അജിത് അഗാർക്കറിൻ്റെ സാന്നിധ്യം ചർച്ചയാവുന്നു

കാൾസണെ അയോഗ്യനാക്കിയതിന് പിന്നാലെ അമേരിക്കൻ ഗ്രാൻഡ്‌മാസ്റ്ററായ ഹികാരു നകാമുറ തൻ്റെ എക്സ് പ്ലാറ്റ്ഫോമിൽ ഒരു പോൾ പോസ്റ്റ് ചെയ്തിരുന്നു. ‘ഇന്ന് നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ന്യൂയോർക്കിലെ വേൾഡ് റാപ്പിഡ് ടെസ്റ്റ് ടൂർണമെൻ്റിൽ മത്സരിക്കുന്ന എല്ലാ ചെസ് താരങ്ങളും നാളെ ജീൻസ് ധരിക്കണോ?’ എന്നതായിരുന്നു ചോദ്യം. ഇതിന് ടീം മാഗ്നസ്, ടീം ഫിഡെ എന്നിങ്ങനെ രണ്ട് ഓപ്ഷനുകളും അദ്ദേഹം നൽകി. ടീം മാഗ്നസിനെ 90 ശതമാനം പേരാണ് പിന്തുണച്ചത്.

സംഭവത്തിൽ ഫിഡെയെ വിമർശിച്ച് പല ചെസ് താരങ്ങളും രംഗത്തുവന്നു. ഇത്തരം അസംബന്ധമായ നിയമങ്ങൾ എടുത്തുമാറ്റണമെന്നാണ് പല ചെസ് താരങ്ങളുടെയും ആവശ്യം. വിഷയത്തിൽ ഫിഡെ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഫിഡെയുടെ ഡ്രസ് കോഡ്
ഫിഡെയുടെ നിബന്ധന പ്രകാരം പുരുഷന്മാർക്കും സ്ത്രീകൾക്കും വ്യത്യസ്ത ഡ്രസ് കോഡാണുള്ളത്. പുരുഷന്മാർക്ക് സ്യൂട്ട്, ട്രൗസർ, ഫുൾ കൈ/ഹാഫ് കൈ ഷർട്ട്, പോളോ ഷർട്ട്, ഷോ, ലോഫർ, ജാക്കറ്റ്, വെസ്റ്റ്, സ്വെറ്റർ, ഫിഡെ അംഗീകരിക്കുന്ന അതാത് രാജ്യങ്ങളിലെ പരമ്പരാഗത വസ്ത്രം എന്നിവയാണ് പുരുഷന്മാർക്ക് ധരിക്കാവുന്നത്. സ്ത്രീകൾക്ക് സ്യൂട്ട്, ഡ്രസ്, സ്കർട്ട്, ബ്ലൗസ്, ടർട്ടിൽനെക്ക്, ഷർട്ട്, പോളോ ഷർട്ട്, ട്രൗസർ, സ്ലാക്ക്, ജാക്കറ്റ്, വെസ്റ്റ്, സ്വെറ്റർ, സ്കാർഫ്, ബൂട്ട്സ്, ഷൂസ്, ആഭരണങ്ങൾ, ഫിഡെ അംഗീകരിക്കുന്ന അതാത് രാജ്യങ്ങളിലെ പരമ്പരാഗത വസ്ത്രം എന്നിവ അണിയാം. താരങ്ങൾ മാത്രമല്ല, താരങ്ങൾക്കൊപ്പമുള്ളവരും ഇതേ വസ്ത്രങ്ങൾ അണിയേണ്ടതുണ്ട്. അണിയുന്ന വസ്ത്രങ്ങളൊക്കെ വൃത്തിയുള്ളതാവണമെന്നും നിബന്ധനയുണ്ട്. ഈ നിബന്ധനകളൊക്കെ പാലിച്ചാണ് താരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കുന്നത്.

Latest News