5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

VK Vismaya: സന്തോഷത്തോടെ ഇരിക്കേണ്ട സമയം, തിരിച്ചടിയായത് പ്രസവ ചികിത്സയ്ക്ക് ഉപയോ​ഗിച്ച മരുന്ന്; നാഡയുടെ വിലക്കിൽ പ്രതികരണവുമായി വികെ വിസ്മയ

Vismaya Fails Dope Test: 2018-ലെ ജക്കാർക്കത്ത ഏഷ്യൻ ​ഗെയിംസിലെ സ്വർണ മെഡൽ അടക്കം നിരവധി രാജ്യന്തര മെഡലുകൾ സ്വന്തമാക്കിയ വിസ്മയ 5 വർഷമായി ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ പരിശോധനാ പൂളിലുണ്ട്.

VK Vismaya: സന്തോഷത്തോടെ ഇരിക്കേണ്ട സമയം, തിരിച്ചടിയായത് പ്രസവ ചികിത്സയ്ക്ക് ഉപയോ​ഗിച്ച മരുന്ന്; നാഡയുടെ വിലക്കിൽ പ്രതികരണവുമായി വികെ വിസ്മയ
VK Vismaya (Image Credits: Social Media)
athira-ajithkumar
Athira CA | Updated On: 20 Nov 2024 15:04 PM

കൊച്ചി: നാഡയുടെ വിലക്കിൽ പ്രതികരണവുമായി രാജ്യാന്തര അത്ലറ്റ് വി.കെ വിസ്മയ. പ്രസവ ചികിത്സയുടെ ഭാ​ഗമായി കഴിച്ച മരുന്നാണ് നാഡയുടെ ഉത്തേജക പരിശോധയിൽ തിരിച്ചടിയായതെന്ന് വിസ്മയ ടിവി 9 മലയാളത്തോട് പ്രതികരിച്ചു. ഡോക്ടറുടെ നിർദ്ദേശ പ്രകാരം ക്ലോമിഫെൻ സിട്രേറ്റ് (clomiphene citrate) എന്ന ​ഗുളിക താൻ ഉപയോ​ഗിച്ചിരുന്നു. ഈ സമയത്ത് താൻ പരിശീലനങ്ങളിലോ മത്സരങ്ങളിലോ പങ്കെടുത്തിരുന്നില്ലെന്നും അവർ പറഞ്ഞു.

“താൻ ഇപ്പോൾ മൂന്ന് മാസം ​ഗർഭിണിയാണ്. ജൂണിൽ നടന്ന ദേശീയ സീനിയർ അത്ലറ്റിക്സിന് ശേഷം ഇപ്പോൾ പരിശീലനം നടത്തുന്നില്ല. പ്രസവ ചികിത്സയ്ക്ക് ഡോക്ടറുടെ നിർദ്ദേശ പ്രകാരം കഴിച്ച മരുന്നിലൂടെയാണ് ശരീരത്തിൽ ക്ലോമോഫെനിന്റെ അംശം കണ്ടെത്തിയത്”. -വിസ്മയ കൂട്ടിച്ചേർത്തു. ശരീരത്തിൽ നിരോധിത ഉത്തേജക മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതിനാൽ നാഡയുടെ താത്കാലിക വിലക്ക് നേരിടുകയാണ് താരം. ഏകദേശം രണ്ട് വർഷത്തോളം വിലക്ക് നേരിടേണ്ടി വരുമെന്നാണ് വിവരം.

അഞ്ച് വർഷമായി നാഡയിലെ ആർടിപി അത്ലറ്റാണ് വിസ്മയ. “താൻ എവിടെയാണെങ്കിലും എപ്പോൾ വേണമെങ്കിലും യൂറിൻ സാമ്പിളോ ബ്ലഡ് സാമ്പിളോ പരിശോധിക്കാനുള്ള അധികാരം നാഡയ്ക്ക് ഉണ്ട്. ആ പരിശോധനയിലാണ് ക്ലോമോഫെൻ കണ്ടെത്തിയത്. മുമ്പും പലതവണ പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. ഒരിക്കൽ പോലും പരാജയപ്പെട്ടിട്ടില്ല. നാഡയുടെ പട്ടികയിൽ ഹോർമോണിന്റെ അളവ് കൂടുന്ന മരുന്നാണ് ക്ലോമോഫെൻ. സ്ത്രീകളിൽ ഓവുലേഷന് വേണ്ടി ഉപയോ​ഗിക്കുന്ന മരുന്നാണ് ക്ലോമിഫെൻ സിട്രേറ്റ്. നാഡയുടെ നിയമങ്ങളുമായി വ്യക്തി ജീവിതത്തിലെ കാര്യങ്ങൾ യോജിക്കുന്നില്ല. സ്പോർട്സിന് വേണ്ടി മനപൂർവ്വം ഉപയോ​ഗിച്ചതല്ല ഈ മരുന്ന്. ഇനി ഉപയോ​ഗിക്കുകയുമില്ല”.

“നാഡയ്ക്ക് ചികിത്സയുടെ വിവരങ്ങൾ അടങ്ങിയ രേഖകൾ സമർപ്പിച്ചിട്ടുണ്ട്. ഡോക്ടറുടെ നിർദ്ദേശ പ്രകാരമായിരുന്നു മരുന്നുകൾ എടുത്തത്. മരുന്നുകൾ എടുക്കാൻ പോകുന്നുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ നേരത്തെ നാഡയെ അറിയിക്കണമെന്നുണ്ട്. പ്രസവ ചികിത്സ മുൻകൂട്ടി നിശ്ചയിച്ചതല്ല. അതുകൊണ്ട് ടിയുഇ (therapeutic use exemption) സമർപ്പിക്കാൻ സാധിച്ചില്ല. ഉത്തേജക മരുന്ന് ഉപയോ​ഗിച്ചിട്ടില്ലെന്ന് തെളിയിക്കാനുള്ള രേഖകൾ കെെവശമുണ്ട്. ഓ​ഗസ്റ്റ് ആദ്യവാരമാണ് പ്രസവ ചികിത്സ ആരംഭിച്ചത്. ഓ​ഗസ്റ്റ് 15-നാണ് പെരുമ്പാവൂർ ഐരാപുരത്തെ വസതിയിൽ വന്ന് നാഡ സാമ്പിളുകൾ ശേഖരിച്ചതെന്നും” വിസ്മയ പറഞ്ഞു.

2018-ലെ ജക്കാർക്കത്ത ഏഷ്യൻ ​ഗെയിംസിലെ സ്വർണ മെഡൽ അടക്കം നിരവധി രാജ്യന്തര മെഡലുകൾ സ്വന്തമാക്കിയ വിസ്മയ 5 വർഷമായി ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ പരിശോധനാ പൂളിലുണ്ട്. പരിശോധന പൂളിലുള്ള താരങ്ങൾ മത്സരങ്ങൾ ഇല്ലാത്തപ്പോഴും പരിശോധനയ്ക്ക് വിധേയരാകാറുണ്ട്. ചികിത്സയ്ക്കായി ഉപയോ​ഗിക്കുന്ന മരുന്നുകളെ കുറിച്ചുള്ള വിവരങ്ങൾ നാഡയ്ക്ക് കെെമാറിയിരുന്നു. വിശദീകരണം ആരാഞ്ഞപ്പോഴും ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഉൾപ്പെടെ ഹാജരാക്കി. എന്നാൽ ഇക്കാര്യങ്ങൾ പരി​ഗണിക്കാതെയാണ് നാഡ തനിക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്നും വിസ്മയ ടിവി 9 മലയാളത്തോട് പ്രതികരിച്ചു. നിരോധിത മരുന്ന് ഉപയോ​ഗിച്ചു എന്ന് വിസ്മയ സമ്മതിച്ചതിനാൽ ഇനി ബി സാമ്പിൾ പരിശോധന ഉണ്ടാകില്ല. ഐരാപുരം സ്വദേശിയായ ഭർത്താവ് ആനന്ദ് രാജ് ആർമി ഉദ്യോ​ഗസ്ഥനാണ്.

Latest News