Vinesh Phogat : ‘പിടി ഉഷയുടേത് വെറും ഷോ’; ഒരു പിന്തുണയും നൽകിയില്ലെന്ന് വിനേഷ് ഫോഗട്ട്
Vinesh Phogat Criticizes PT Usha : പാരിസ് ഒളിമ്പിക്സിൽ പിടി ഉഷ തനിക്ക് ഒരു പിന്തുണയും നൽകിയില്ലെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട്. ആശുപത്രിയിൽ വന്ന് ഫോട്ടോ എടുത്തത് തൻ്റെ അനുവാദമില്ലാതെയായിരുന്നു എന്നും പിടി ഉഷയുടേത് വെറും ഷോ ആയിരുന്നു എന്നും ഫോഗട്ട് ആരോപിച്ചു.
ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ ചെയർപേഴ്സൺ പിടി ഉഷയ്ക്കെതിരെ ഗുസ്തി താരം വിനേഷ് ഫോഗട്ട്. പാരിസിൽ തനിക്ക് പിടി ഉഷ ഒരു തരത്തിലുള്ള പിന്തുണയും നൽകിയില്ലെന്ന് ഫോഗട്ട് ആരോപിച്ചു. ആശുപത്രിക്കിടക്കയിലെ തൻ്റെ ഫോട്ടോ എടുത്തത് അനുമതിയില്ലാതെയാണെന്നും സംഭവത്തിൽ പിടി ഉഷ രാഷ്ട്രീയം കളിക്കുകയാണെന്നും ഫോഗട്ട് തുറന്നടിച്ചു. വനിതകളുടെ 50 ഗ്രാം ഗുസ്തിമത്സരത്തിൻ്റെ ഫൈനൽ മത്സരത്തിന് മുൻപാണ് ഭാരക്കൂടുതലിൻ്റെ പേരിൽ ഫോഗട്ടിനെ അയോഗ്യയാക്കിയത്. പിന്നാലെ ആശുപത്രിയിലായ ഫോഗട്ടിനെ സന്ദർശിക്കാൻ പിടി ഉഷ എത്തി. ഇത് വെറും ഷോ ആണെന്നാണ് ഇപ്പോൾ ഫോഗട്ടിൻ്റെ വെളിപ്പെടുത്തൽ.
Also Read : Vinesh Phogat : ‘ഗുസ്തി കരിയർ 2032 വരെ തുടരും’; വിരമിക്കൽ തീരുമാനം പിൻവലിച്ചെന്ന സൂചനയുമായി വിനേഷ് ഫോഗട്ട്
“പുറത്തെന്താണ് സംഭവിക്കുകയെന്നറിയാതെ നിങ്ങൾ ആശുപത്രിക്കിടക്കയിലാണ്. ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെ നിങ്ങൾ കടന്നുപോകുമ്പോൾ നിങ്ങൾക്കൊപ്പമാണ് എന്ന് മറ്റുള്ളവരെ കാണിക്കാൻ നിങ്ങളുടെ അനുവാദമില്ലാതെ ഒരു ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് പിന്തുണയല്ല. അത് വെറും ഷോ ആണ്. എനിക്ക് എന്ത് പിന്തുണയാണ് അവിടെ ലഭിച്ചതെന്നറിയില്ല. പിടി ഉഷ മാഡം എന്നെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. ഒരു ഫോട്ടോ എടുത്തു. രാഷ്ട്രീയത്തിൽ അടഞ്ഞ വാതിലുകൾക്ക് പിന്നിൽ പലതും സംഭവിക്കും. ഇതുപോലെ പാരിസിലും രാഷ്ട്രീയം സംഭവിച്ചു. അതാണ് എന്നെ ഉലച്ചുകളഞ്ഞത്. ഒരുപാട് ആളുകൾ ഗുസ്തി ഉപേക്ഷിക്കരുതെന്ന് പറയുന്നുണ്ട്. അതുകൊണ്ട് ഞാൻ അത് തുടരേണ്ടതുണ്ട്. എല്ലായിടത്തും രാഷ്ട്രീയമാണ്.”- ഒരു പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിൽ ഫോഗട്ട് പറഞ്ഞു.
ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിനേഷ് ഫോഗട്ടും ബജറംഗ് പൂനിയയും കോൺഗ്രസിൽ ചേർന്നിരുന്നു. ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് എത്തിയ ഇരുവരും ദേശീയ അധ്യക്ഷൻ മല്ലികാർജ്ജു ഖാർഗെയിൽ നിന്നും കോൺഗ്രസ് അംഗത്വം സ്വീകരിക്കുകയായിരുന്നു. ഇതിനു പിന്നാലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ജുലാന നിയമസഭാ മണ്ഡലത്തിൽ നിന്നും വിനേഷ് ഫോഗട്ട് മത്സരിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നു. പിന്നാലെ വിനേഷ് ഫോഗട്ട് പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തു.
പ്രചാരണ യാത്രയ്ക്കിടെ മാധ്യമങ്ങളോട് സംസാരിച്ച വിനേഷ് ഫോഗട്ട് കോൺഗ്രസിന് നന്ദി അറിയിച്ചു. രാജ്യംവിടേണ്ടിവരുമെന്ന അവസ്ഥയുണ്ടായിട്ടുണ്ടെന്നും ആ സമയത്ത് കരുത്തുതന്നത് പ്രയങ്ക ഗാന്ധിയായിരുന്നുവെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു. താൻ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് ഗുസ്തിയിലൂടെയാണെന്നും താരം പറഞ്ഞു. തിരഞ്ഞെടുപ്പിൽ സീറ്റ് സീറ്റുതന്നതുകൊണ്ടുമാത്രമല്ല, ഞങ്ങൾ തെരുവിലിരുന്നപ്പോൾ പിന്തുണ നൽകിയത് കോൺഗ്രസ് ആയിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. ആ സമയത്ത് രാജ്യംവിടേണ്ടിവരുമെന്നാണ് കരുതിയതെന്നും എന്നാൽ ആ സമയത്ത് ധൈര്യം പകർന്നത് പ്രിയങ്ക ഗാന്ധിയായിരുന്നുവെന്ന് വിനേഷ് പറഞ്ഞു.
വനിതകളുടെ 50 കിലോ ഗുസ്തി മത്സരത്തിലാണ് വിനേഷ് മത്സരിച്ചത്. 29കാരിയായ താരത്തിന് അമിതഭാരം കണ്ടെത്തിയ സാഹചര്യത്തിൽ മത്സരത്തില്‍ പങ്കെടുക്കാന്‍ സംഘാടകര്‍ വിലക്കേര്‍പ്പെടുത്തുകയായിരുന്നു. നിശ്ചിത ഭാരത്തില്‍ നിന്നും 100 ഗ്രാം വര്‍ധിച്ചതാണ് അയോഗ്യതയ്ക്ക് കാരണമായത്. ഒളിമ്പിക്സ് ഗുസ്തി ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയായിരുന്നു വിനേഷ് ഫോഗട്ട്. പ്രീക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരത്തെ അവസാന നിമിഷം മലര്‍ത്തിയടിച്ചുകൊണ്ടാണ് വിനേഷ് ശ്രദ്ധേയയായത്. ക്വാര്‍ട്ടറില്‍ യുക്രൈന്‍ താരത്തെയും സെമിഫൈനലില്‍ ക്യൂബ താരത്തെയും തോല്‍പ്പിച്ചാണ് ഫോഗട്ട് ചരിത്രം കുറിച്ചത്. എന്നാല്‍ ശരീരഭാരം നിലനിര്‍ത്താന്‍ സാധിക്കാതെ വന്നതോടെ രാജ്യത്തിന്റെ സ്വര്‍ണ പ്രതീക്ഷ ഇല്ലാതായി.
റിപ്പോർട്ടുകൾ പ്രകാരം വിനേഷ് ഫോഗട്ടിന് മത്സരത്തിന് തലേദിവസം രേഖപ്പെടുത്തിയത് 52 കിലോയാണ്. നിശ്ചിത ഭാരത്തിൽ നിന്നും രണ്ട് കിലോ അധികം. ഈ ഭാരം കുറിയ്ക്കാൻ ഇന്ത്യൻ ഗുസ്തി താരത്തിൻ്റെ പക്കൽ ഉണ്ടായിരുന്നത് ഒരു രാത്രി മാത്രമായിരുന്നു. ശരീരഭാരം ക്രമപ്പെടുത്തുന്നതിനായി ഫോഗട്ട് സൈക്ക്ലിങ്ങും, സ്കിപ്പിങ്ങും അമിതമായി രാത്രിയിൽ ചെയ്തു. വെള്ളം പോലും കുടിക്കാതെയാണ് താരം ശരീരഭാരം 50 കിലോയിലേക്കെത്തിക്കാൻ ശ്രമിച്ചതെന്നാണ് സ്പോർ്ട്ട് സ്റ്റാർ റിപ്പോർട്ട് ചെയ്തത്.
ഫൈനൽ വരെ അനുവദനീയമായ ഭാരമാണ് ഉണ്ടായിരുന്നതെന്നും അതുകൊണ്ട് തന്നെ വെള്ളിമെഡലിന് അർഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി പിന്നീട് വിനേഷ് ഫോഗട്ട് രാജ്യാന്തര കായിക തർക്ക പരിഹാര കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. എന്നാൽ, ഈ അപ്പീൽ കോടതി തള്ളി. ഇതോടെ വെള്ളിമെഡൽ പ്രതീക്ഷയും നഷ്ടപ്പെട്ടു.