Vijay Hazare Trophy : വിജയലക്ഷ്യം 404, പൊരുതിത്തോറ്റ് കേരളം; പടനയിച്ച് മുഹമ്മദ് അസ്ഹറുദ്ദീന്‍

vijay Hazare Trophy Kerala Match : വിജയ് ഹസാരെ ട്രോഫിയില്‍ കേരളം തോല്‍വിയോടെ തുടങ്ങിയെങ്കിലും അസ്ഹറുദ്ദീന്റെ പ്രകടനം ആരാധകര്‍ക്ക് പ്രത്യാശ പകരുന്നതാണ്. ബറോഡയ്‌ക്കെതിരായ മത്സരത്തില്‍ 62 റണ്‍സിനാണ് കേരളം തോറ്റത്. സ്‌കോര്‍: ബറോഡ-50 ഓവറില്‍ നാലു വിക്കറ്റിന് 403. കേരളം-45.5 ഓവറില്‍ 341 ഓള്‍ ഔട്ട്

Vijay Hazare Trophy : വിജയലക്ഷ്യം 404, പൊരുതിത്തോറ്റ് കേരളം; പടനയിച്ച് മുഹമ്മദ് അസ്ഹറുദ്ദീന്‍

മുഹമ്മദ് അസ്ഹറുദ്ദീന്‍

Published: 

23 Dec 2024 17:57 PM

ഹൈദരാബാദ്: ചേസ് ചെയ്യേണ്ടത് 403 എന്ന കൂറ്റന്‍ സ്‌കോര്‍. ഓപ്പണിങ്ങില്‍ മികച്ച തുടക്കം കിട്ടിയെങ്കിലും പിന്നീട് കൂട്ടത്തകര്‍ച്ച. തോല്‍വി ഉറപ്പിച്ച മത്സരത്തില്‍ ഒരു വേളയെങ്കിലും പ്രതീക്ഷ പകര്‍ന്ന് വെടിക്കെട്ടിന് തിരികൊളുത്തിയ മുഹമ്മദ് അസ്ഹറുദ്ദീന്റെ മാസ്മരിക പ്രകടനം. കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാനായില്ലെങ്കിലും കേരളം പോരാട്ടവീര്യം പുറത്തെടുത്ത മത്സരത്തില്‍ അസ്ഹറുദ്ദീന് നല്‍കേണ്ടത് നൂറില്‍ നൂറു മാര്‍ക്ക് !

വിജയ് ഹസാരെ ട്രോഫിയില്‍ കേരളം തോല്‍വിയോടെ തുടങ്ങിയെങ്കിലും അസ്ഹറുദ്ദീന്റെ പ്രകടനം ആരാധകര്‍ക്ക് പ്രത്യാശ പകരുന്നതാണ്. ബറോഡയ്‌ക്കെതിരായ മത്സരത്തില്‍ 62 റണ്‍സിനാണ് കേരളം തോറ്റത്. സ്‌കോര്‍: ബറോഡ-50 ഓവറില്‍ നാലു വിക്കറ്റിന് 403. കേരളം-45.5 ഓവറില്‍ 341 ഓള്‍ ഔട്ട്.

ബറോഡയുടെ ഓപ്പണര്‍ ശാശ്വത് റാവത്തിനെ തുടക്കത്തില്‍ തന്നെ കേരളത്തിന് പുറത്തായെങ്കിലും മറ്റൊരു ഓപ്പണറായ നിനാദ് റാത്വ നങ്കൂരമിട്ട് കളിച്ചത് കേരളത്തിന് തിരിച്ചടിയായി. 99 പന്തില്‍ 136 റണ്‍സാണ് റാത്വ അടിച്ചുകൂട്ടിയത്. പിന്നാലെയെത്തിയ ബാറ്റര്‍മാരില്‍ നിന്നെല്ലാം കേരളത്തിന്റെ ബൗളര്‍മാര്‍ക്ക് കണക്കിന് കിട്ടി.

പാര്‍ത്ഥ് കോഹ്ലി-87 പന്തില്‍ 72, ക്രുണാല്‍ പാണ്ഡ്യ-54 പന്തില്‍ 80, വിഷ്ണു സോളങ്കി-25 പന്തില്‍ 46, ഭാനു പാനിയ-15 പന്തില്‍ 37 എന്നിങ്ങനെയാണ് മറ്റ് ബറോഡ ബാറ്റര്‍മാരുടെ പ്രകടനം. ക്രുണാലും, ഭാനുവും പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി എന്‍.എം. ഷറഫുദ്ദീന്‍ രണ്ട് വിക്കറ്റും, ഈഡന്‍ ആപ്പിള്‍ ടോമും, ബേസില്‍ തമ്പിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മലും, അഹമ്മദ് ഇമ്രാനും മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 113 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും പടുത്തുയര്‍ത്തിയത്. 52 പന്തില്‍ 51 റണ്‍സെടുത്ത അഹമ്മദ് ഇമ്രാനെ പുറത്താക്കി ആകാശ് സിങാണ് ഈ കൂട്ടുക്കെട്ട് പൊളിച്ചത്.

കേരളത്തിന്റെ സ്‌കോര്‍ ബോര്‍ഡില്‍ ഏഴ് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ രോഹന്‍ കുന്നുമ്മലിനെയും ആകാശ് പുറത്താക്കി. തുടര്‍ന്ന് ക്രീസിലെത്തിയ ക്യാപ്റ്റന്‍ സല്‍മാന്‍ നിസാറിനും, ഷോണ്‍ റോജറിനും കാര്യമായി ഒന്നും ചെയ്യാനായില്ല. സല്‍മാന്‍ 31 പന്തില്‍ 19 റണ്‍സെടുത്തും, ഷോണ്‍ 34 പന്തില്‍ 27 റണ്‍സെടുത്തും പുറത്തായി. പിന്നീടായിരുന്നു മുഹമ്മദ് അസ്ഹറുദ്ദീന്‍ ക്രീസിലെത്തിയതും വെടിക്കെട്ടിന് തിരികൊളുത്തിയതും.

Read Also : ‘ഇന്ത്യൻ ടെസ്റ്റ് ടീം താരമല്ലേ, ഐപിഎലിൽ അവൻ കീപ്പ് ചെയ്യട്ടെ’; വരും സീസണിൽ ധ്രുവ് ജുറേൽ വിക്കറ്റ് കാക്കുമെന്ന് സഞ്ജു

വിക്കറ്റുകള്‍ ഒരു വശത്ത് കൊഴിയുമ്പോഴും, ബൗണ്ടറികള്‍ പായിച്ച് അസ്ഹറുദ്ദീന്‍ കേരളത്തിന് പ്രതീക്ഷകള്‍ നല്‍കി. 58 പന്തില്‍ 104 റണ്‍സാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അടിച്ചുകൂട്ടിയത്. ഏഴ് സിക്‌സറും, എട്ട് ഫോറും അടങ്ങുന്നതായിരുന്നു പ്രകടനം. ഒടുവില്‍ ബറോഡയുടെ സെഞ്ചൂറിയന്‍ നിനാദിന്റെ പന്തില്‍ വിക്കറ്റ് നല്‍കി താരം പുറത്തായി.

ജലജ് സക്‌സേന ഗോള്‍ഡന്‍ ഡക്കായി. സിജോമോന്‍ ജോസഫ്-എട്ട് പന്തില്‍ 6, ഈഡന്‍ ആപ്പിള്‍ ടോം-15 പന്തില്‍ 17, ബേസില്‍ തമ്പി-10 പന്തില്‍ 18, വൈശാഖ് ചന്ദ്രന്‍-10 പന്തില്‍ അഞ്ച് നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് കേരള ബാറ്റര്‍മാര്‍ സ്‌കോര്‍ ചെയ്തത്. ബറോഡയ്ക്ക് വേണ്ടി ആകാശ് സിങ് മൂന്ന് വിക്കറ്റും, നിനാദ് റാത്വയും, ക്രുണാല്‍ പാണ്ഡ്യയും, രാജ് ലിമ്പാനിയും രണ്ട് വിക്കറ്റ് വീതവും, മഹേഷ് പിഥിയ ഒരു വിക്കറ്റും സ്വന്തമാക്കി.

രാവിലെ വെറും വയറ്റിൽ ഈ ഇലകൾ കഴിക്കൂ; ​ഗുണങ്ങൾ ഏറെ
തലയിണകൾ എപ്പോഴൊക്കെ മാറ്റണം?
ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പര തൂത്തുവാരുന്ന ആദ്യ ടീമായി പാകിസ്താൻ
കൊറിയൻ ​ഗ്ലാസ് സ്കിന്നാണോ സ്വപ്നം? ഈ പാനീയങ്ങൾ ശീലമാക്കൂ