Vijay Hazare Trophy : തുടക്കം ഗംഭീരം, പിന്നാലെ കൂട്ടത്തകര്‍ച്ച; ബംഗാളിനോടും തോറ്റ് കേരളം, ബാറ്റിംഗില്‍ തിളങ്ങിയത് സല്‍മാന്‍ മാത്രം
Vijay Hazare Trophy Kerala Cricket Team : ആദ്യം ബാറ്റു ചെയ്ത ബംഗാള്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരളം 46.5 ഓവറില്‍ 182 റണ്‍സിന് പുറത്തായി. കേരള ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ബംഗാളിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ബംഗാള്‍ ഓപ്പണര്‍മാരായ സുദീപ് കുമാര്‍ ഘരാമിയെയും, അഭിഷേക് പോറലിനെയും ഉടന്‍ തന്നെ കേര ബൗളര്‍മാര്‍ കൂടാരം കയറ്റി. നാല് റണ്‍സെടുത്ത ഘരാമിയെയും, എട്ട് റണ്‍സെടുത്ത പോറലിനെയും എം.ഡി. നിധീഷാണ് പുറത്താക്കിയത്
സെക്കന്തരാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ വിജയിക്കാനാകാതെ കേരളം. ഇന്ന് നടന്ന മത്സരത്തില്‍ ബംഗാളിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങി. 24 റണ്‍സിനാണ് കേരളം തോറ്റത്. ആദ്യം ബാറ്റു ചെയ്ത ബംഗാള്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരളം 46.5 ഓവറില്‍ 182 റണ്‍സിന് പുറത്തായി. കേരള ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ബംഗാളിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ബംഗാള്‍ ഓപ്പണര്‍മാരായ സുദീപ് കുമാര്‍ ഘരാമിയെയും, അഭിഷേക് പോറലിനെയും ഉടന്‍ തന്നെ കേരള ബൗളര്‍മാര്‍ കൂടാരം കയറ്റി. നാല് റണ്‍സെടുത്ത ഘരാമിയെയും, എട്ട് റണ്‍സെടുത്ത പോറലിനെയും എം.ഡി. നിധീഷാണ് പുറത്താക്കിയത്.
13 റണ്‍സെടുത്ത സുധീപ് ചൗധരിയെ ബേസില്‍ തമ്പി ക്ലീന്‍ ബൗള്‍ഡ് ചെയ്തു. 32 റണ്‍സെടുത്ത കനിഷ്‌ക് സേഥിന്റെ ചെറുത്തുനില്‍പ് ആദിത്യ സര്‍വതെയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ സ്റ്റമ്പ് ചെയ്ത് അവസാനിപ്പിച്ചു. അനുസ്തുപ് മജുംദാറും (9), 24 റണ്‍സെടുത്ത സുമന്ത ഗുപ്തയും, ഒരു റണ്‍സുമായി കരണ്‍ ലാലും പുറത്തായതോടെ ബംഗാള്‍ കൂട്ടത്തകര്‍ച്ചയെ അഭിമുഖീകരിച്ചു.
ഒരു ഘട്ടത്തില്‍ ഏഴ് വിക്കറ്റിന് 101 എന്ന നിലയില്‍ പതറിയ ബംഗാളിനെ പ്രദിപ്ത പ്രമാണിക്കിന്റെയും, കൗശിക് മെയ്തിയുടെയും എട്ടാം വിക്കറ്റ് കൂട്ടുക്കെട്ടാണ് കരകയറ്റിയത്. വിലപ്പെട്ട 69 റണ്‍സാണ് ഈ സഖ്യം ബംഗാള്‍ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. 27 റണ്‍സെടുത്ത മെയ്തിയെ പുറത്താക്കി ബേസില്‍ തമ്പി ഈ കൂട്ടുക്കെട്ട് പൊളിച്ചു. മുകേഷ് കുമാര്‍ പൂജ്യത്തിനും പുറത്തായി.
74 റണ്‍സുമായി പ്രദിപ്തയും, മൂന്ന് റണ്‍സുമായി സയാന്‍ ഘോഷും പുറത്താകാതെ നിന്നു. പ്രദിപ്തയാണ് ബംഗാളിന്റെ ടോപ് സ്‌കോറര്‍. ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത പ്രദിപ്ത കേരളത്തിന്റെ ഒരു വിക്കറ്റും പിഴുതു. കേരളത്തിന് വേണ്ടി നിധീഷ് മൂന്ന് വിക്കറ്റും, ജലജ് സക്‌സേനയും, ബേസില്‍ തമ്പിയും, ആദിത്യ സര്‍വതെയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
കേരളത്തിന്റെ ഓപ്പണര്‍മാര്‍ക്കും തിളങ്ങാനായില്ല. രോഹന്‍ കുന്നുമ്മല്‍ 17 റണ്‍സെടുത്തും, അഹമ്മദ് ഇമ്രാന്‍ 13 റണ്‍സുമായും പുറത്തായി. 29 റണ്‍സായിരുന്നു ഷോണ്‍ റോജറിന്റെ സമ്പാദ്യം. ക്യാപ്റ്റന്‍ സല്‍മാന്‍ നിസാര്‍ അര്‍ധ ശതകത്തിന് ഒരു റണ്‍സകലെ ഔട്ടായി. 103 പന്തില്‍ 49 റണ്‍സെടുത്ത സല്‍മാനെ മുകേഷ് കുമാര്‍ എല്‍ബിഡബ്ല്യുവില്‍ കുരുക്കുകയായിരുന്നു. 26 റണ്‍സായിരുന്നു അസ്ഹറുദ്ദീന്റെ സംഭാവന.
Read Also : കൊച്ചിയിൽ നിന്ന് മഞ്ചേരി വരെ, കേരളത്തിൻ്റെ ഏഴ് സന്തോഷ കീരീടങ്ങൾ! ഹൈദരാബാദിലും ചരിത്രം പിറക്കുമോ?
അബ്ദുല്‍ ബാസിത്ത്-0, ജലജ് സക്‌സേന-2, ആദിത്യ സര്‍വതെ-14, ഷറഫുദ്ദീന്‍ എന്‍.എം-13, എം.ഡി. നിധീഷ്-1, ബേസില്‍ തമ്പി-1 നോട്ടൗട്ട് എന്നിവര്‍ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. ഒരു ഘട്ടത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെന്ന ഭേദപ്പെട്ട നിലയിലായിരുന്നു കേരളം. പിന്നീടാണ് കൂട്ടത്തകര്‍ച്ചയെ നേരിട്ടത്. അഞ്ച് വിക്കറ്റെടുത്ത സയാന്‍ ഘോഷിന്റെ ബൗളിംഗാണ് കേരളത്തെ തകര്‍ത്തുവിട്ടത്.
വിജയ് ഹസാരെ ട്രോഫിയില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കേരളം പുറത്തെടുക്കുന്നത്. ആദ്യ മത്സരത്തില്‍ ബറോഡയോട് തോറ്റു. മധ്യപ്രദേശിനെതിരായ രണ്ടാം മത്സരം മഴ മൂലം ഉപേക്ഷിച്ചു. മൂന്നാം മത്സരത്തില്‍ ഡല്‍ഹിയോടും തോറ്റു. പരിചയസമ്പന്നരായ സഞ്ജു സാംസണിന്റെയും സച്ചിന്‍ ബേബിയുടെയും അഭാവം കേരള നിരയില്‍ നിഴലിക്കുന്നുണ്ട്.