IPL Auction 2025: ഐപിഎല്ലിലെ മലയാളി പവർ! ആരാണ് മുംബൈയുടെ തുറുപ്പുചീട്ടായ വിഘ്നേഷ് പുത്തൂർ
Vignesh Putur: പ്രഥമ കേരളാ ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന്റെ താരമായതോടെയാണ് വിഘ്നേഷിന്റെ കഴിവ് ക്രിക്കറ്റ് ലോകം തിരിച്ചറിഞ്ഞത്. പെരിന്തൽമണ്ണ പിടിഎം ഗവൺമെന്റ് കോളേജിലെ എംഎ ലിറ്ററേച്ചർ വിദ്യാർഥിയാണ് താരം.
മലപ്പുറം: ഐപിഎൽ 18-ാം പതിപ്പിനുള്ള ടീമുകളുടെ പടയൊരുക്കം പൂർത്തിയായി. 2 ദിവസങ്ങളിലായി സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന താരലേലത്തിൽ നിന്ന് 10 ഫ്രാഞ്ചെെസികളും ചേർന്ന് വാശിയോടെ വിളിച്ചെടുത്തത് 186 താരങ്ങളെ. ഇവർക്കായി പൊടിച്ചത് 639. 15 കോടി രൂപ. 27 കോടി രൂപ നൽകി ലഖ്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയ ഋഷഭ് പന്ത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമായി. ഐപിഎൽ ടീമിൽ ഇടംപിടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് ബിഹാറുകാരൻ വെെഭവ് സൂര്യവൻഷി സ്വന്തമാക്കി. ഈ 13-കാരനെ 1.1 കോടി നൽകിയാണ് രാജസ്ഥാൻ റോയൽസ് കൂടെ കൂട്ടിയത്. മൂന്ന് മലയാളി താരങ്ങളും ലേലത്തിലൂടെ ഐപിഎൽ ടീമുകളിൽ എത്തി. വിഷ്ണു വിനോദിനെ പഞ്ചാബ് കിംഗ്സും സച്ചിൻ ബേബിയെ സൺ റെെസേഴ്സ് ഹെെദരാബാദും തങ്ങളുടെ തട്ടകത്തിലെത്തിച്ചു. എന്നാൽ സർപ്രെെസ് എൻട്രിയായി എത്തിയത് 23 കാരൻ വിഘ്നേഷ് പൂത്തൂരായിരുന്നു.
ഇടങ്കയ്യൻ സ്പിൻ ബൗളറായ വിഘ്നേഷിനെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപ നൽകിയാണ് മുംബൈ തങ്ങളോട് ചേർത്ത് നിർത്തിയത്. ചെെനമാൻ ബൗളറാണെന്ന പ്രത്യേകതയാണ് താരത്തെ ടീമിലെത്തിക്കാൻ മുംബെെെ ഇന്ത്യൻസിനെ പ്രേരിപ്പിച്ചതും. ഈ പ്രത്യേകത വിഘ്നേഷിന് പ്ലേയിംഗ് ഇലവനിലേക്കും സ്ഥാനക്കയറ്റം നൽകാൻ സഹായകരമാകും. കായിക രംഗത്ത് വിഘ്നേശിന് എടുത്തു പറയത്തക്ക വണ്ണം താഴ്വേരുകളൊന്നുമില്ല. മലപ്പുറം പെരിന്തൽമണ്ണയിലെ സാധാരണ കുടുംബത്തിലാണ് വിഘ്നേഷിന്റെ ജനനം. ഓട്ടോഡ്രൈവറായ സുനിൽ കുമാറിന്റേയും വീട്ടമ്മയായ കെ.പി ബിന്ദുവിന്റേയും മകൻ. കണ്ടം ക്രിക്കറ്റെന്ന് നമ്മൾ വിളിക്കുന്ന പാടത്തും പറമ്പിലും ക്രിക്കറ്റ് കളിച്ചാണ് വിഘേനേഷെന്ന താരം വളർന്നത്.
ക്രിക്കറ്റിനോടുള്ള വിഘ്നേഷിന്റെ അഭിരുചി തിരിച്ചറിഞ്ഞ നാട്ടിലെ ക്രിക്കറ്റ് പരിശീലകനായ വിജയനാണ് തുടക്കകാലത്ത് പരിശീലനം നൽകിയത്. പിന്നീട് കേരളത്തിനായി അണ്ടർ 14, 19, 23 വിഭാഗങ്ങളിൽ കളിക്കാനിറങ്ങിയെങ്കിലും സീനിയർ ടീമിലേക്ക് വിളിയെത്തിയില്ല. കേരള സീനിയർ ടീമിന്റെ ജഴ്സി അണിഞ്ഞിട്ടില്ലെങ്കിലും അധികമാർക്കും ലഭിക്കാത്ത ഐപിഎൽ ഭാഗ്യം താരത്തെ തേടിയെത്തി. പ്രഥമ കേരളാ ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന്റെ താരമായതോടെയാണ് വിഘ്നേഷിന്റെ കഴിവ് ക്രിക്കറ്റ് ലോകം തിരിച്ചറിഞ്ഞത്. പെരിന്തൽമണ്ണ പിടിഎം ഗവൺമെന്റ് കോളേജിലെ എംഎ ലിറ്ററേച്ചർ വിദ്യാർഥിയാണ് താരം.
മെഗാ താരലേലത്തിന് മുന്നോടിയായി മൂന്ന് തവണയാണ് വിഘ്നേഷ് മുംബെെ ഇന്ത്യൻസിന്റെ ട്രയൽസിൽ പങ്കെടുത്തത്. വിഘ്നേഷിന്റെ കഴിവിൽ ആകൃഷ്ടരായ മുംബെെയിലെ സെലക്ടർമാർ തന്നെയാണ് താരത്തോട് ലേലത്തിൽ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടതും. ആദ്യ ഘട്ടത്തിലോ ആക്സിലറേറ്റഡ് ഘട്ടത്തിലോ ലേലത്തിനെത്താതിരുന്ന താരം അവസാന ആക്സിലറേറ്റഡ് ഘട്ടത്തിലാണ് ലേലത്തിനെത്തിയത്. ഇതോടെ മുംബെെ താരത്തെ ടീമിലേക്ക് എത്തിക്കുകയായിരുന്നു. നിലവിൽ കുൽദീപ് യാദവ് മാത്രമാണ് ഇന്ത്യയിൽ ചെെനമാൻ ബൗളിംഗിന് പേരുകേട്ട താരം. ഇനി രോഹിത് ശർമ്മ, ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പമാകും ഇനി വിഘ്നേഷ് കളിക്കുക.
12 മലയാളി താരങ്ങളാണ് ഇത്തവണ മെഗാ താരലേലത്തിൽ പങ്കെടുത്തത്. ടീമുകൾ വിളിച്ചെടുക്കുമെന്ന് പ്രതീക്ഷിച്ച രോഹൻ എസ് കുന്നുമ്മലിനേയും മുഹമ്മദ് അസ്ഹറുദ്ദീനേയും അബ്ദുൽ ബാസിത്തിനേയും സൽമാൻ നിസാറിനേയും ഐപിഎൽ ടീമുകൾ കെെവിട്ടു.