IND vs NZ : മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല, ക്യാപ്റ്റൻ എന്ന നിലയിൽ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; കുറ്റസമ്മതം നടത്തി രോഹിത് ശർമ്മ
IND vs NZ 3rd Test India Lost To New Zealand : ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. അതിന്റെ ഭാഗമായി ഓസീസിലേക്ക് നേരത്തെ പോകും. ചില താരങ്ങൾക്ക് അവിടെ കളിച്ച് പരിചയമുണ്ടെന്നും ചിലർക്കില്ലെന്നും രോഹിത് ശർമ്മ പറഞ്ഞു.
താൻ കുഴിച്ച കുഴിയിൽ താൻ താൻ തന്നെ വീണു. ന്യൂസിലൻഡിനെ വീഴ്ത്താൻ സ്പിൻ കെണി ഒരുക്കിയ ഇന്ത്യക്ക് അതേ നാണയത്തിൽ കീവിസിന്റെ മറുപടി. ഇന്ത്യയെ വീഴ്ത്തി പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ന്യൂസിലൻഡ്. 24 വർഷങ്ങൾക്ക് ശേഷം സ്വന്തം മണ്ണിൽ പരമ്പര കെെവിട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. നായകനെന്ന നിലയിൽ പരമ്പര കെെവിട്ട ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്നും മികച്ച പ്രകടനം പുറത്തെടുക്കാൻ മത്സരശേഷം രോഹിത് പ്രതികരിച്ചു. ന്യൂസിലന്റിനെതിരായ മൂന്നാം ടെസ്റ്റിൽ 25 റൺസിന് തോൽവി വഴങ്ങിയതോടെയാണ് നായകന്റെ കുറ്റസമ്മതം.
“സ്വന്തം മണ്ണിൽ ഒരു പരമ്പരയും ടെസ്റ്റും തോൽക്കുക എന്നത് ഞങ്ങളെ സംബന്ധിച്ച് ഏറ്റവും വിഷമകരമായ കാര്യമാണ്. ടീം ഇന്ത്യക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. അത് ഞങ്ങൾ അംഗീകരിക്കുന്നു. ന്യൂസിലൻഡ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പിഴവുകളെ അംഗീകരിക്കുന്നു. ബെംഗളൂരു, പൂനെ ടെസ്റ്റുകളുടെ ഒന്നാം ഇന്നിംഗ്സിൽ ലീഡ് വഴങ്ങിയിരുന്നു. മൂന്നാം ടെസ്റ്റിലും 30 റൺസിന്റെ ലീഡ് ഉണ്ടായിരുന്നു. ടെസ്റ്റ് പരമ്പര നേടാനാവുമെന്നും കരുതി. പക്ഷേ ടോസ് മുതലുള്ള പിഴവുകൾ പരമ്പരയിൽ ഉടനീളം ആവർത്തിച്ചു”.
“ബെംഗളൂരുവിൽ എന്റെ ബാറ്റിൽ നിന്ന് മികച്ച പ്രകടനമല്ല ഉണ്ടായത്. പരമ്പര നഷ്ടമാകാൻ അതും ഒരു കാരണമാണ്. ബോർഡർ ഗവാസ്കർ ട്രോഫിക്ക് വേണ്ടി ഓസ്ട്രേലിയയിലേക്ക് നേരത്തെ പോകാനാണ് ഇന്ത്യൻ ടീമിന്റെ തീരുമാനം. ഓസീസിൽ കളിച്ച് പരിചയമുള്ള താരങ്ങളും പരിചയമില്ലാത്ത താരങ്ങളും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ബോർഡർ ഗവാസ്കർ ട്രോഫിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം”.
“ബാറ്ററെന്ന നിലയിൽ കഴിഞ്ഞ രണ്ട് പരമ്പരകളിലും ഞാൻ അമ്പേ പരാജയമായിരുന്നു. ബാറ്റിംഗിൽ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. എന്താണ് ചെയ്യാൻ സാധിക്കുന്നതെന്ന് നോക്കാം. കളിച്ച് പരിചയമുള്ള പിച്ചാണ്. പക്ഷേ ഏത് രീതിയിൽ ന്യൂസിലൻഡിനെതിരെ ക്രീസിലിറങ്ങണം എന്നതിൽ വ്യക്തയുണ്ടായിരുന്നു. പക്ഷേ ഇത്തവണ ആ രീതിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല. ’’– രോഹിത് ശർമ വ്യക്തമാക്കി.
” ബെംഗളൂരുവിലെ പിച്ചിൽ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് ഋഷഭ് പന്ത് കാണിച്ചുതന്നു. ഈ ടെസ്റ്റ് പരമ്പരയിലെ തോൽവി എന്നും വേദനിപ്പിക്കും. ബാറ്റർ എന്ന നിലയിലും ക്യാപ്റ്റൻ എന്ന നിലയിലും എന്റെ ഭാഗത്ത് പിഴവുകളാണ് തോൽവിയ്ക്ക് കാരണം. ടീമിന്റെ മൊത്തത്തിലുള്ള പ്രകടനവും തോൽവിക്ക് കാരണമായി ” രോഹിത് പറഞ്ഞു.
Rohit Sharma said ‘I fully take the responsibility of this as a captain. I have not been at my best”. [RevSportz] pic.twitter.com/uAGaBiPRCx
— Johns. (@CricCrazyJohns) November 3, 2024
Rohit Sharma said “Starting with the toss in Bengaluru and many tactical errors throughout the series. I have not been at my best and that probably cost us the series”. [RevSportz – Talking about the Captaincy] pic.twitter.com/2W30U6d2sq
— Johns. (@CricCrazyJohns) November 3, 2024
വാങ്കഡെയിൽ 25 റൺസിനായിരുന്നു രോഹിത് ശർമ്മയുടെയും സംഘത്തിന്റെയും തോൽവി. ഋഷഭ് പന്ത് (64) മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങാനായത്. 147 റൺസിൻ്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് അവസരങ്ങൾ മുതലെടുക്കാനായില്ല. 121 റൺസിന് ഇന്ത്യ പുറത്താകുകയായിരുന്നു. ന്യൂസിലൻഡ് ഒരുക്കിയ സ്പിൻ കെണിയിൽ ഇന്ത്യൻ ബാറ്റർമാർ കളിമറക്കുന്ന കാഴ്ചയാണ് കണ്ടത്.