IND vs AUS: ആർ അശ്വിന്റെ പിൻഗാമിയാകാൻ മുംബെെയിൽ നിന്നൊരു ഓഫ് സ്പിന്നർ; തനുഷ് കൊട്ടിയൻ ഇന്ത്യൻ ടീമിൽ
Tanush Kotian Added To Indian Test Team: ഓസ്ട്രേലിയക്കെതിരായ, ഇന്ത്യ എ ടീമിലും താരം ഉൾപ്പെട്ടിരുന്നു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫിയിൽ മുംബൈ ടീമിന്റെ ഭാഗമാണ് തനുഷ് കൊട്ടിയൻ.
ഇന്ത്യൻ ക്രിക്കറ്റിനെ പോലും ഞെട്ടിച്ചുകൊണ്ടായിരുന്നു രാജ്യന്തര ക്രിക്കറ്റിൽ നിന്നുള്ള സ്റ്റാർ സ്പിന്നർ ആർ അശ്വിന്റെ വിരമിക്കൽ പ്രഖ്യാപനം. ആഷിന് പകരം ആര് എന്ന ചോദ്യത്തിന് ഇതാ ഉത്തരമായിരിക്കുന്നു. ആഷിന് പകരക്കാനായി ആഭ്യന്തര ക്രിക്കറ്റിലെ മുംബെെ താരം തനുഷ് കൊട്ടിയനെ ബോർഡർ ഗവാസ്കർ ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. ഓസ്ട്രേലിയക്കെതിരെ ശേഷിക്കുന്ന മെൽബൺ, സിഡ്നി പരമ്പരയ്ക്കായുള്ള ഇന്ത്യൻ ടീമിലാണ് താരം ഇടംപിടിച്ചിരിക്കുന്നത്. നിലവിൽ അഹമ്മദാബാദിലുള്ള ഇന്ന് മെൽബണിലേക്ക് യാത്ര തിരിക്കും.
ഓസ്ട്രേലിയക്കെതിരായ, ഇന്ത്യ എ ടീമിലും താരം ഉൾപ്പെട്ടിരുന്നു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫിയിൽ മുംബൈ ടീമിന്റെ ഭാഗമാണ് തനുഷ് കൊട്ടിയൻ. 33 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 41.21 ശരാശരിയിൽ 1525 റൺസാണ് കൊട്ടിയാന്റെ സമ്പാദ്യം. 25.70 ശരാശരിയിൽ 101 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. 2023-24 സീസണിൽ മുംബെെയുടെ രഞ്ജി ട്രോഫി കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച താരം പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരത്തിനും അർഹനായി. കഴിഞ്ഞ രഞ്ജി ട്രോഫി ടൂർണമെന്റിൽ 41.83 ശരാശരിയിൽ 502 റൺസും 16.96 ശരാശരിയിൽ 29 വിക്കറ്റും വീഴ്ത്തിയാണ് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കുള്ള നുഷ് കൊട്ടിയന്റെ വരവ്.
ഗാബ ടെസ്റ്റ് സമനിലയിൽ ആയതിന് പിന്നിലെയാണ് ആർ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. വിരമിക്കുന്നതിന് മുമ്പ് 3 ടെസ്റ്റുകളിൽ അശ്വിൻ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. എന്നാൽ പിങ്ക് ബോൾ ടെസ്റ്റിൽ മാത്രമാണ് അശ്വിന് പ്ലേയിംഗ് ഇലവനിൽ ഇടം ലഭിച്ചത്. പെർത്ത് ടെസ്റ്റിലും ഗാബ ടെസ്റ്റിലും താരം ബെഞ്ചിലിരിക്കുകയാണ് ചെയ്തത്. വിരമിക്കൽ പ്രഖ്യാപിച്ച ഉടൻ തന്നെ അശ്വിൻ ഇന്ത്യയിലേക്ക് മടങ്ങുകയുണ്ടായി. പ്ലേയിംഗ് ഇലവനിൽ നിന്ന് തഴയപ്പെട്ടതും വാഷിംഗ്ടൺ സുന്ദറിനെ പോലുള്ള താരങ്ങൾ ടീമിൽ ഇടംപിടിച്ചതുമാണ് അശ്വിന്റെ വിരമിക്കൽ പ്രഖ്യാപനത്തിന് കാരണമെന്നാണ് അഭ്യൂഹം.
മെൽബൺ, സിഡ്‌നി ടെസ്റ്റുകൾ ഇന്ത്യക്ക് നിർണായകമാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനൽ സ്വപ്നം കാണണമെങ്കിൽ ഇന്ത്യക്ക് ഈ രണ്ട് മത്സരങ്ങൾ കൂടി വിജയിക്കേണ്ടതുണ്ട്. അതേസമയം മെൽബൺ ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പരിശീലനത്തിന് നൽകിയ പിച്ചുകൾ വേഗം കുറഞ്ഞവയെന്ന് പരാതി. വെെറ്റ് ബോൾ ക്രിക്കറ്റിന് ഉപയോഗിക്കുന്ന പിച്ചാണ് ഇന്ത്യക്ക് നൽകിയതെന്നും ബാറ്റിംഗ് പരിശീലനം ദുഷ്കരമായിരുന്നെന്നും ആകാശ് ദീപ് പറഞ്ഞു.
പരിശീലനത്തിനിടെ ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് പരിക്കേറ്റിരുന്നു. ഓസ്ട്രേലിയൻ താരങ്ങൾക്ക് ഫാസ്റ്റ് ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചാണ് പരിശീലനത്തിനായി നൽകിയത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ആകാശ്ദീപിന്റെ വിമർശനം. എന്നാൽ മത്സരത്തിന് മൂന്ന് ദിവസം മുമ്പാണ് ടീമുകൾക്ക് പരിശീലനത്തിന് സമാനപിച്ചുകൾ നൽകുകയെന്നും എല്ലാ ടീമുകൾക്കും ഈ നിയമം ബാധകമാണെന്നും മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ പിച്ച് ക്യൂറേറ്റർ വ്യക്തമാക്കി. 26-നാണ് മെൽബൺ ടെസ്റ്റ് ആരംഭിക്കുന്നത്.