Tilak Varma : തീപ്പൊരി തിലക് ! മേഘാലയ ബൗളര്‍മാരെ പഞ്ഞിക്കിട്ട് അടിച്ചുകൂട്ടിയത് തകര്‍പ്പന്‍ സെഞ്ചുറി, കൂടെ സ്വന്തമാക്കിയത് ഒരുപിടി റെക്കോഡുകളും

Syed Mushtaq Ali Trophy Tilak Varma: മേഘാലയക്കെതിരായ തകര്‍പ്പന്‍ പ്രകടനത്തോടെ തിലക് വര്‍മയെ റെക്കോഡുകളും തേടിയെത്തി. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ചുറി നേടുന്ന താരമെന്ന നേട്ടമാണ് തിലക് സ്വന്തം പേരിനൊപ്പം ചേര്‍ത്തത്

Tilak Varma : തീപ്പൊരി തിലക് ! മേഘാലയ ബൗളര്‍മാരെ പഞ്ഞിക്കിട്ട് അടിച്ചുകൂട്ടിയത് തകര്‍പ്പന്‍ സെഞ്ചുറി, കൂടെ സ്വന്തമാക്കിയത് ഒരുപിടി റെക്കോഡുകളും

ദക്ഷിണാഫ്രിയ്‌ക്കെതിരെ സെഞ്ചുറി നേടിയപ്പോള്‍ തിലക് നടത്തിയ ആഹ്ലാദപ്രകടനം (image credits: gettyimages)

Updated On: 

23 Nov 2024 16:48 PM

രാജ്‌കോട്ട്: പ്രോട്ടീസിനെതിരെ പുറത്തെടുത്ത പോരാട്ടവീര്യം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും തുടര്‍ന്ന് തിലക് വര്‍മ. വണ്ടേഴ്‌സിലും, സെഞ്ചൂറിയനിലും തിലകിന്റെ ബാറ്റിന്റെ ചൂട് അറിഞ്ഞത് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരാണെങ്കില്‍, ഇത്തവണ ആ നിര്‍ഭാഗ്യം അനുഭവിക്കേണ്ടി വന്നത് മേഘാലയ ബൗളര്‍മാരാണ്.

മേഘാലയക്കെതിരെ നടന്ന മത്സരത്തില്‍ 67 പന്തില്‍ 151 റണ്‍സാണ് താരം നേടിയത്. 14 ഫോറും, 10 സിക്‌സറും തിലക് പായിച്ചു. തിലകില്‍ നിന്ന് ഏറ്റവും കൂടുതല്‍ തല്ലു വാങ്ങിയത് മീഡിയം പേസര്‍ ദിപ്പു സാംഗ്മയാണ്. സാംഗ്മ എറിഞ്ഞ 18 പന്തില്‍ മാത്രം ആറു ഫോറും മൂന്ന് സിക്‌സും സഹിതം 50 റണ്‍സാണ് തിലക് അടിച്ചുകൂട്ടിയത്.

സാംഗ്മയുടെ തന്നെ പന്തില്‍ ജസ്‌കിറത് സിങ് ക്യാച്ചെടുത്ത് തിലക് പുറത്തായി. മൂന്നാം നമ്പറില്‍ ബാറ്റിങിനെത്തിയ തിലക് 225.37 സ്‌ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്.

തിലക് നടത്തിയ ബാറ്റിങ് വെടിക്കെട്ടിന്റെ കരുത്തില്‍ ഹൈദരാബാദ് 179 റണ്‍സിന് മേഘാലയയെ ചുരുട്ടിക്കെട്ടി. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് നാല് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സെടുത്തു. മത്സരത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന അഞ്ചാമത്തെ സ്‌കോറാണിത്. മറുപടി ബാറ്റിങിന് ഇറങ്ങിയ മേഘാലയ 15.1 ഓവറില്‍ 69 റണ്‍സിന് പുറത്തായി.

റെക്കോഡുകളും ബാഗിലാക്കി

മേഘാലയക്കെതിരായ തകര്‍പ്പന്‍ പ്രകടനത്തോടെ തിലക് വര്‍മയെ റെക്കോഡുകളും തേടിയെത്തി. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ചുറി നേടുന്ന താരമെന്ന നേട്ടമാണ് തിലക് സ്വന്തം പേരിനൊപ്പം ചേര്‍ത്തത്.

ടി20യില്‍ ഒരു ഇന്നിങ്‌സില്‍ 150-ലധികം സ്‌കോര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന നേട്ടവും ഇനി ഈ 22കാരന് സ്വന്തം. വനിതാ ക്രിക്കറ്റ് താരം കിരണ്‍ നവഗിരെ നേരത്തെ ഈ നേട്ടം സ്വന്തമാക്കിയിരുന്നു. 2022ലെ സീനിയര്‍ വനിതാ ട്രോഫിയില്‍ അരുണാചല്‍ പ്രദേശിനെതിരെ നടന്ന മത്സരത്തില്‍ അന്ന് നാഗാലാന്‍ഡ് താരമായിരുന്ന കിരണ്‍ പുറത്താകാതെ 162 റണ്‍സ് നേടിയിരുന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സംഭവിച്ചത്‌

അടുത്തിടെ സമാപിച്ച ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ തുടര്‍സെഞ്ചുറികളുമായി തിലക് കളം നിറഞ്ഞിരുന്നു. നാല് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാമത്തെ പോരാട്ടത്തില്‍ പുറത്താകാതെ 56 പന്തില്‍ 107 റണ്‍സാണ് തിലക് അടിച്ചുകൂട്ടിയത്.

നാലാമത്തെ മത്സരത്തില്‍ പുറത്താകാതെ 47 പന്തില്‍ 120 റണ്‍സും താരം സ്വന്തമാക്കി. പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും തിലകായിരുന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കാഴ്ചവച്ച തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവില്‍ ഐസിസി റാങ്കിങിലും തിലക് വന്‍ മുന്നേറ്റം നടത്തി. 69 സ്ഥാനങ്ങള്‍ മുന്നേറിയ തിലക് ടി20 ബാറ്റര്‍മാരുടെ റാങ്കിങില്‍ മൂന്നാമതെത്തിയിരുന്നു.

സ്‌ട്രെസ് കുറയ്ക്കണോ? ഇക്കാര്യങ്ങൾ ചെയ്യൂ...
എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
മുടികൊഴിച്ചിൽ കുറയ്ക്കണോ? കരിഷ്മ തന്നയുടെ ടിപ്സ് പരീക്ഷിച്ചു നോക്കൂ
ഐപിഎൽ ഭാഗ്യം കാത്ത് മലയാളി താരങ്ങൾ