Kerala Blasters: സൂപ്പർ പോരാട്ടം കാണാനിരുന്ന ആരാധകർക്ക് തിരിച്ചടി; ഞെട്ടിക്കുന്ന തീരുമാനവുമായി കേരളാ ബ്ലാസ്റ്റേഴ്സ്
Kerala Blasters: 2024- 25 സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം തിരുവോണ നാളായ സെപ്റ്റംബർ 15 ഞായറാഴ്ചയാണ്. 75,000 സിറ്റിംഗ് കപ്പാസിറ്റിയാണ് സ്റ്റേഡിയത്തിനുള്ളത്.
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ മറ്റൊരു ടീമിനും അവകാശപ്പെടാനാവാത്ത ആരാധക പിന്തുണയുള്ള ടീമാണ് കേരളാ ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങളിൽ സ്റ്റേഡിയം മഞ്ഞപുതയ്ക്കാറുണ്ട്. എവേ മത്സരങ്ങളിലും ടീമിന് പിന്തുണയുമായി ആരാധകർ സ്റ്റേഡിയങ്ങളിലേക്ക് എത്തും. 2024- 25 സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം തിരുവോണ നാളായ സെപ്റ്റംബർ 15 ഞായറാഴ്ചയാണ്. ഓണാഘോഷങ്ങൾക്കിടയിൽ ആരാധകരെ ഞെട്ടിക്കുന്ന തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ് ടീം മാനേജ്മെന്റ്.
കൊച്ചിയിലെ ആദ്യ മത്സരത്തിൽ പകുതി സീറ്റുകളിൽ മാത്രമാകും ആരാധകർക്ക് പ്രവേശനം. 75,000 സിറ്റിംഗ് കപ്പാസിറ്റിയാണ് സ്റ്റേഡിയത്തിനുള്ളത്. വാർത്താക്കുറിപ്പിലൂടെയാണ് സിറ്റിംഗ് കപ്പാസിറ്റി 50 ശതമാനം ആക്കിയ വിവരം മാനേജ്മെന്റ് അറിയിച്ചത്.
അവശ്യ സേവനങ്ങൾ നൽകുന്നവരോടുള്ള കരുതൽ എന്ന നിലയ്ക്കാണ് കപ്പാസിറ്റി കുറച്ചിരിക്കുന്നത്. 12th മാൻ എന്നാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട അറിയപ്പെടുന്നത്.
ക്ലബ്ബിന്റെ പ്രസ്താവന
കേരളത്തിലെ തിരുവോണാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സെപ്‌തംബർ 15ന് നടക്കുന്ന ആരംഭ മത്സരത്തിൻ്റെ സ്‌റ്റേഡിയം കപ്പാസിറ്റി 50% മാത്രമായിരിക്കുമെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി അറിയിക്കുന്നു. പങ്കാളികളുമായുള്ള ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനത്തിലെത്തിയിരിക്കുന്നത്. മത്സര ദിവസം അവശ്യസേവനങ്ങൾ നൽകുന്നവരുടേയും പ്രവർത്തന പങ്കാളികളുടേയും പിന്തുണ നിർണായകമാണെന്ന് മനസ്സിലാക്കിക്കൊണ്ട് അവർക്കൊപ്പം നിൽക്കുവാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഈ തീരുമാനത്തിൽ പ്രതിഫലിക്കുന്നത്.
സീസണിലെ ആദ്യ മത്സരമെന്ന നിലയിൽ നിറഞ്ഞ സ്‌റ്റേഡിയത്തെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെങ്കിലും മത്സര സമയങ്ങളിൽ അവശ്യ സേവനദാതാക്കളുടേയും പ്രവർത്തന പങ്കാളികളുടേയും പങ്ക് നിർണായകമാണെന്നത് ഞങ്ങൾ ഉൾക്കൊള്ളുന്നു. അവരുടെ ജോലി മത്സരം തുടങ്ങുന്നതിനും വളരെ മുൻപേ ആരംഭിക്കും. മത്സരത്തിൻ്റെ തലേ ദിവസം രാത്രിയിൽ തുടങ്ങുന്ന ജോലി മത്സര ശേഷവും അർധരാത്രിയോളം നീളും. സ്‌റ്റേഡിയം കപ്പാസിറ്റി കുറയ്ക്കുന്നതിലൂടെ, ഈ സമർപ്പിത വ്യക്തികളുടെ ജോലി ഭാരം ലഘുകരിക്കുവാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഇതുവഴി കുടുംബത്തോടൊപ്പം ഓണാഘോഷത്തിൻ്റെ ചെറിയ ഭാഗമെങ്കിലും ആസ്വദിക്കാൻ അവർക്ക് സാധിക്കും.
മത്സരങ്ങളുടെ ഷെഡ്യൂളിംഗ് നടപടികൾ ക്ലബിൻ്റെ നിയന്ത്രണത്തിലല്ലാത്ത കാര്യമായതിനാൽ, ഇക്കാര്യത്തിൽ നമുക്ക് ചെയ്യുവാൻ സാധിക്കുന്നത് നമ്മുടെ കമ്യൂണിറ്റിക്ക് പരമാവധി അനുയോജ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുക എന്നത് മാത്രമാണ്. ആരംഭമത്സരത്തിൻ്റെ ആവേശവും ഓണാഘോഷത്തിൻ്റെ പ്രാധാന്യവും ഒരുപോലെ കണക്കിലെടുത്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു തീരുമാനം. ആരാധകരുടെ പിന്തുണയെ ഞങ്ങൾ എപ്പോഴും വിലമതിക്കുന്നു നിങ്ങൾക്കൊപ്പം ആവേശകരമായ ഒരു സീസണിനായി ഞങ്ങളും കാത്തിരിക്കുന്നു.
എന്നാൽ ക്ലബ്ബിന്റെ ഈ തീരുമാനത്തിന് ആരാധകരുടെ ഭാഗത്ത് നിന്ന് സമിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. കലൂർ സ്റ്റേഡിയത്തിന്റെ നിലവാരം മോശമായതിനാൽ ആണ് ഈ തീരുമാനമെന്നും ഓൺലെെനായി ടിക്കറ്റുകൾ വിറ്റുപോകാത്തത് കൊണ്ടാണെന്നും ആരാധകർ പറഞ്ഞു. പേടിഎം ഇൻസെെടർ വഴിയാണ് ടിക്കറ്റ് വിൽപ്പന. ഇതിനോടകം തന്നെ ഈസ്റ്റ് ഗാലറി ടിക്കറ്റുകൾ വിറ്റ് തീർന്നിട്ടുണ്ട്. ഐഎസ്എൽ പ്രമാണിച്ച് കൊച്ചി മെട്രോയും സർവ്വീസ് രാത്രി 11 മണി വരെ നീട്ടിയിട്ടുണ്ട്.