Santosh Trophy 2024: പുതുവർഷം കേരളത്തിന് ‘സന്തോഷ’മാകട്ടെ! സന്തോഷ് ട്രോഫിയിൽ എട്ടാം കിരീടം തേടി കേരളം
Santosh Trophy Final Kerala vs Bengal: ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായാണ് ബംഗാൾ ഫെെനൽ റൗണ്ടിലേക്ക് പ്രവേശിച്ചതെങ്കിൽ, ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായാണ് കേരളത്തിന്റെ ഫെെനൽ റൗണ്ട് പ്രവേശനം. കേരള സൂപ്പർ ലീഗിൽ ഉൾപ്പെടെ തിളങ്ങിയ യുവതാരങ്ങളാണ് കേരളത്തിന്റെ കരുത്ത്.
ഹെെദരാബാദ്: പുതുവത്സരത്തിൽ സന്തോഷത്തിളക്കം നൽകാൻ കേരളം. സന്തോഷ് ട്രോഫിയിൽ എട്ടാം കിരീടം തേടി ജി സഞ്ജുവും സംഘവും 32 തവണ കിരീടം നേടിയ ബംഗാളിനെ നേരിടും. ഹെെദരാബാദിലെ ഗച്ചബൗളിയിലുള്ള ജിഎംസി ബാലയോഗി സ്റ്റേഡിയത്തിൽ രാത്രി 7.30-നാണ് മത്സരം. ഡിഡി സ്പോർട്സ് ചാനലിൽ കായിക പ്രേമികൾക്ക് മത്സരം തത്സമയം കാണാം. എസ്എസ്ഇഎൻ ആപ്പിൽ കേരളം- ബംഗാൾ സന്തോഷ് ട്രോഫി ഫെെനലിന്റെ ലെെവ് സ്ട്രീമിംഗും ഉണ്ടായിരിക്കും. കേരളവും ബംഗാളും കലാശപ്പോരിനെ നേരിടാനൊരുങ്ങുന്നത് പ്രാഥമിക റൗണ്ടിൽ ഒരു മത്സരത്തിൽ പോലും തോൽവി വഴങ്ങാതെയാണ്. 10 മത്സരങ്ങളിൽ നിന്ന് 9 ജയവും ഒരു സമനിലയുമാണ് കേരളത്തിന്റെ അക്കൗണ്ടിലുള്ളത്. 35 ഗോൾ അടിച്ചുകൂട്ടിയാണ് കേരളത്തിന്റെ ഫെെനൽ പ്രവേശനം. ബംഗാൾ നേടിയത് 27 ഗോളുകൾ.
11 ഗോളുകളുമായി ഗോൾവേട്ടയിൽ മുന്നിൽ നിൽക്കുന്ന ബംഗാളിന്റെ റോബി ഹൻസഡയെ പിടിച്ചുകെട്ടുകയാകും കേരളത്തിന്റെ വെല്ലുവിളി. എട്ടു ഗോളുകളുമായി നസീബ് റഹ്മാന്റെയും മുഹമ്മദ് അജ്സലിന്റെയും 5 ഗോൾ നേടിയ ഇ സജീഷിന്റെയും ഗോളിംഗ് മികവിലാണ് കേരളത്തിന്റെ മുന്നേറ്റം. പകരക്കാരനായി ഇറങ്ങി സെമി ഫെെനലിൽ മൂന്ന് ഗോൾ നേടിയ മുഹമ്മദ് റോഷലിലും കേരളത്തിന്റെ പ്രതീക്ഷകൾ ഏറെയാണ്. സെമി ഫെെനലിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് കേരളം മണിപ്പൂരിനെ തകർത്താണ് ഫെെനലിന് ടിക്കറ്റെടുത്തതെങ്കിൽ ബംഗാൾ എതിരാളികളായ സർവ്വീസസിനെ മറികടന്നത് രണ്ടിനെതിരെ നാല് ഗോളുകൾക്കാണ്. 47-ാം ഫെെനലിന് ഇറങ്ങുന്ന ബംഗാളും 16-ാം ഫെെനലിന് ഇറങ്ങുന്ന കേരളവും നേർക്കുനേർ വരുന്ന 33-ാമതെ മത്സരമാണ് ഇന്നതേത്. സന്തോഷ് ട്രോഫി ഫെെനൽ റൗണ്ടിൽ 32 മത്സരങ്ങളിലാണ് ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയത്. ബംഗാൾ 15 തവണ ജയിച്ചപ്പോൾ കേരളം 9 തവണ ജയിച്ചു. 8 മത്സരങ്ങൾ സമനിലയിലായി.
കേരളം സന്തോഷ് ട്രോഫി കിരീടത്തിൽ അവസാനമായി മുത്തമിട്ട രണ്ട് സീസണുകളിലും ബംഗാളായിരുന്നു എതിരാളികൾ. ഷൂട്ടൗട്ടിൽ രണ്ട് തവണയും ജയം കേരളത്തിനൊപ്പം നിന്നു. 2018-ൽ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 4-2-നായിരുന്നു കേരളത്തിന്റെ ജയം. 2021-ൽ മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മത്സരത്തിൽ കേരളം എഴാം കിരീടത്തിൽ മുത്തമിട്ടത് 5-4-ന്. ഇന്ത്യൻ ഫുട്ബോളിലെ എൽ ക്ലാസികോയ്ക്ക് ഹെെദരാബാദ് ഇന്ന് വേദിയാകുമ്പോൾ കിരീടം തുല്യശക്തിയായ ആർക്കൊപ്പം പോരുമെന്ന് കണ്ടറിയാം.
ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായാണ് ബംഗാൾ ഫെെനൽ റൗണ്ടിലേക്ക് പ്രവേശിച്ചതെങ്കിൽ, ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായാണ് കേരളത്തിന്റെ ഫെെനൽ റൗണ്ട് പ്രവേശനം. കേരള സൂപ്പർ ലീഗിൽ ഉൾപ്പെടെ തിളങ്ങിയ യുവതാരങ്ങളാണ് കേരളത്തിന്റെ കരുത്ത്. ഗോൾ അടിക്കാനും ഗോൾ അവസരം സൃഷ്ടിക്കാനും ഈ സംഘം മുന്നിൽ തന്നെ. 22.5 വയസാണ് ടീമിന്റെ ശരാശരി പ്രായം. റോബി ഹൻസഡ, നരോഹരി ശ്രേഷ്ഠ എന്നിവരാണ് ബംഗാളിന്റെ കരുതത്ത്. ഗോൾവേട്ടയിൽ റോബി ഹൻസഡ മുന്നിലാണെങ്കിൽ ഗോൾ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ മുൻപന്തിയിലാണ് നരോഹരി ശ്രേഷ്ഠ.