Sanju Samson: ‘ഇന്ത്യൻ ടെസ്റ്റ് ടീം താരമല്ലേ, ഐപിഎലിൽ അവൻ കീപ്പ് ചെയ്യട്ടെ’; വരും സീസണിൽ ധ്രുവ് ജുറേൽ വിക്കറ്റ് കാക്കുമെന്ന് സഞ്ജു
Sanju Samson Says Dhruv Jurel Will Keep Wickets : വരുന്ന സീസണിൽ തനിക്കൊപ്പം യുവതാരം ധ്രുവ് ജുറേലും രാജസ്ഥാൻ റോയൽസിൻ്റെ വിക്കറ്റ് കീപ്പറാവുമെന്ന് ക്യാപ്റ്റൻ സഞ്ജു സാംസൺ. ടെസ്റ്റ് വിക്കറ്റ് കീപ്പറായതിനാൽ ധ്രുവ് ഐപിഎലിലും കീപ്പ് ചെയ്യണമെന്ന് കരുതുന്നു എന്നാണ് സഞ്ജുവിൻ്റെ വെളിപ്പെടുത്തൽ.
വരുന്ന ഐപിഎൽ സീസണിൽ തനിക്കൊപ്പം യുവതാരം ധ്രുവ് ജുറേലും വിക്കറ്റ് കീപ്പിങ് ചെയ്യുമെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയുടെ മുൻ ഇതിഹാസ താരം എബി ഡിവില്ല്യേഴ്സിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് സഞ്ജുവിൻ്റെ വെളിപ്പെടുത്തൽ. ഫീൽഡറായി നിന്ന് ഇതുവരെ താൻ ടീമിനെ നയിച്ചിട്ടില്ലെന്നും അത് മറ്റൊരു വെല്ലുവിളിയാവുമെന്നും സഞ്ജു അഭിമുഖത്തിൽ പറഞ്ഞു.
“ഞാൻ ഇക്കാര്യം ഇതുവരെ പരസ്യമായി പറഞ്ഞിട്ടില്ല. പക്ഷേ, ടെസ്റ്റ് വിക്കറ്റ് കീപ്പറായി കരിയർ ആരംഭിച്ചുകഴിഞ്ഞ ധ്രുവ് ജുറേൽ ഐപിഎലിലും ആ റോൾ ചെയ്യണമെന്നാണ് ഞങ്ങൾക്ക് തോന്നുന്നത്. അതൊരു ചർച്ചയായിരുന്നു. ഞങ്ങൾ രണ്ടുപേരും വരും സീസണിൽ കീപ്പ് ചെയ്യും. ഞാനിതുവരെ ഫീൽഡറായി നിന്ന് ഞാനിതുവരെ ടീമിനെ നയിച്ചിട്ടില്ല. അതൊരു വെല്ലുവിളിയാവും. ‘ധ്രുവ്, നീ എവിടെനിന്ന് വരുന്നു എന്ന് മനസിലായി. ടീം ക്യാപ്റ്റനെന്ന നിലയിൽ, കുറച്ചു മത്സരങ്ങൾ നീയും വിക്കറ്റ് കീപ്പിങ് ചെയ്യണമെന്ന് ഞാൻ കരുതുന്നു’ എന്ന് ഞാനവനോട് പറഞ്ഞു. എങ്ങനെയാണ് അത് സാധ്യമാവുകയെന്ന് നോക്കണം. പക്ഷേ, ടീമാണ് പ്രധാനം. ടീമിന് മുകളിൽ വ്യക്തികൾക്ക് സ്ഥാനമില്ല.”- സഞ്ജു പറഞ്ഞു.
#SanjuSamson will give his WK position in IPL for 4-5 matches to Jurel. This is why we call him “The most Selfless guy” whereas selfish insecure Pant never did for anyone. Also DeVilliers calls himself a fanboy of Sanju.
Pant’s Dream is Samson’s reality 🥵 pic.twitter.com/JdBCL1qhhI— Rosh🧢 (@samson_zype) December 22, 2024
ഇംഗ്ലണ്ട് ക്യാപ്റ്റനായ ജോസ് ബട്ട്ലർ ഉണ്ടായിരുന്നെങ്കിലും പോലും കഴിഞ്ഞ ഏതാനും വർഷങ്ങളായി സഞ്ജു ആയിരുന്നു രാജസ്ഥാൻ്റെ പ്രധാന വിക്കറ്റ് കീപ്പർ. 2021ൽ ക്യാപ്റ്റനായതിന് ശേഷം ഇതുവരെ വിക്കറ്റ് കീപ്പറായല്ലാതെ സഞ്ജു കളിച്ചിട്ടില്ല. ആകെ രാജസ്ഥാൻ റോയൽസിനായി 146 മത്സരം കളിച്ച സഞ്ജു 111 മത്സരങ്ങളിലും വിക്കറ്റ് കീപ്പറായിരുന്നു.
വരുന്ന സീസണിൽ സഞ്ജു ഓപ്പണറായാവും കളിക്കുക. ജോസ് ബട്ട്ലർ ടീം വിട്ടതോടെ ഓപ്പണിങ് സ്ഥാനത്തേക്ക് ഒഴിവ് വന്നിരുന്നു. എന്നാൽ, ഇന്ത്യൻ ടി20 ടീമിലെ ഓപ്പണിങ് സ്ഥാനത്ത് സ്ഥിരതയാർന്ന പ്രകടനങ്ങൾ നടത്തിയ സഞ്ജു ഇതോടെ രാജസ്ഥാനിലും ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനായും സഞ്ജു ഇന്നിംഗ്സ് ഓപ്പൺ ചെയ്തിരുന്നു.
താരലേലത്തിൽ തരക്കേടില്ലാത്ത ടീമിനെ സ്വന്തമാക്കാനായെങ്കിലും ഉയർന്ന തുക നൽകിയുള്ള റിട്ടൻഷനുകൾ ടീമിൻ്റെ ബാലൻസ് നഷ്ടപ്പെടുത്തിയിരുന്നു. സഞ്ജു സാംസണ്‍, റിയാന്‍ പരാഗ്, യശ്വസി ജയ്‌സ്വാള്‍, ധ്രുവ് ജുറേല്‍, സന്ദീപ് ശര്‍മ, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരെയാണ് ഫ്രാഞ്ചെസി നിലനിര്‍ത്തിയത്. ഇതിൽ ധ്രുവ് ജുറേലിലും റിയാൻ പരാഗിനും 14 കോടി രൂപ വീതം നൽകിയത് ടീമിൻ്റെ പ്ലാനുകളെയാകെ ബാധിച്ചു. അതുകൊണ്ട് തന്നെ ജോസ് ബട്ട്‌ലര്‍, ട്രെൻ്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചഹല്‍, ആര്‍ അശ്വിന്‍ തുടങ്ങി കഴിഞ്ഞ സീസണുകളിൽ ടീമിനായി തകർപ്പൻ പ്രകടനങ്ങൾ നടത്തിയവരെയൊന്നും ടീമിൽ തിരികെയെത്തിക്കാനായില്ല. ജോഫ്ര ആർച്ചർ, ഫസലുൽ ഹഖ് ഫറൂഖി, നിതീഷ് റാണ, മഹീഷ് തീക്ഷണ, വനിന്ദു ഹസരങ്ക, ആകാശ് മധ്‌വൾ തുടങ്ങിയ താരങ്ങളെയാണ് രാജസ്ഥാൻ ലേലത്തിൽ സ്വന്തമാക്കിയത്.