Sanju Samson : ടി20യിൽ സഞ്ജു തന്നെ ഓപ്പണർ; അഭിമന്യു ഈശ്വരന് ഒടുവിൽ ടെസ്റ്റ് ടീമിലേക്ക് ക്ഷണം
Sanju Samson Abhimanyu Easwaran : ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ സഞ്ജു സാംസൺ തന്നെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫിയ്ക്കുള്ള ടീമിൽ അഭിമന്യു ഈശ്വരനും ഇടം പിടിച്ചു.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയ്ക്കും ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഇരു ടീമുകളിലുമായി ആറ് താരങ്ങൾക്കാണ് പുതുതായി ക്ഷണം ലഭിച്ചത്. ടി20യിൽ സഞ്ജു സാംസൺ തന്നെ ബാറ്റിംഗ് ഓപ്പൺ ചെയ്യും. ആഭ്യന്തര ക്രിക്കറ്റിൽ തുടർച്ചയായി മികച്ച പ്രകടനങ്ങൾ നടത്തുന്ന അഭിമന്യു ഈശ്വരന് ഒടുവിൽ ടെസ്റ്റ് ടീമിലേക്ക് ക്ഷണം ലഭിച്ചു. ഇരു ടീമുകളിലും മൂന്ന് വീതം താരങ്ങളാണ് പുതുതായി ഉൾപ്പെട്ടിരിക്കുന്നത്.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 ടീമിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ഓൾറൗണ്ടർ രമൺദീപ് സിംഗിന് ഇടം ലഭിച്ചു. ഇന്ന് നടന്ന എമർജിങ് ഏഷ്യാ കപ്പിൽ അഫ്ഗാനിസ്ഥാൻ എയ്ക്കെതിരെ 34 പന്തിൽ 64 റൺസ് നേടിയ രമൺദീപ് ഇന്ത്യയെ വിജയത്തിനരികെ എത്തിച്ചിരുന്നു. ഐപിഎലിലും തകർപ്പൻ പ്രകടനങ്ങളാണ് രമൺദീപ് നടത്തുന്നത്. ഒപ്പം, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ കർണാടക പേസർ വിജയകുമാർ വൈശാഖ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ ഉത്തർ പ്രദേശ് പേസർ ആകാശ് ദീപ് എന്നിവർക്കും ടീമിലേക്ക് ആദ്യമായി ക്ഷണം ലഭിച്ചു. 15 അംഗ ടീമിൽ നിന്ന് റിയാൻ പരാഗ്, മായങ്ക് യാദവ്, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി എന്നിവരാണ് പുറത്തായത്. ഇതിൽ നിതീഷ് ഒഴികെ ബാക്കിയുള്ളവർക്ക് പരിക്കാണ്. തിലക് വർമ, അക്സർ പട്ടേൽ എന്നിവർ ടീമിൽ തിരികെയെത്തി.
ടി20യിൽ നിന്ന് പുറത്തായെങ്കിലും നിതീഷ് കുമാർ ബോർഡർ ഗവാസ്കർ ട്രോഫിയ്ക്കുള്ള ടീമിൽ ഇടം പിടിച്ചു. നിതീഷിനൊപ്പം അഭിമന്യു ഈശ്വരനും ഹർഷിത് റാണയുമാണ് ടീമിലെത്തിയ പുതുമുഖങ്ങൾ. സൺറൈസേഴ്സ് ഹൈദരാബാദിനായി ഐപിഎൽ കളിക്കുന്ന നിതീഷ് ആഭ്യന്തര ക്രിക്കറ്റിലും തകർപ്പൻ പ്രകടനങ്ങളാണ് നടത്തുന്നത്. ഹർഷിത് റാണ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലും ഡൽഹിക്കുമായി മികച്ച പ്രകടനങ്ങൾ നടത്തുന്നു. 29 വയസുകാരനായ അഭിമന്യു ഈശ്വരൻ ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിൻ്റെ താരമാണ്. ആഭ്യന്തര ക്രിക്കറ്റിൽ 50 ആണ് താരത്തിൻ്റെ ശരാശരി. ഈശ്വരനെ തുടരെ തഴയുന്നതിൽ വിമർശനം ശക്തമായിരുന്നു.
🚨 NEWS 🚨
Squads for India’s tour of South Africa & Border-Gavaskar Trophy announced 🔽#TeamIndia | #SAvIND | #AUSvIND pic.twitter.com/Z4eTXlH3u0
— BCCI (@BCCI) October 25, 2024
18 അംഗ ടീമിനെയാണ് ബോർഡർ ഗവാസ്കർ ട്രോഫിയ്ക്കായി ഇന്ത്യ പ്രഖ്യാപിച്ചത്. ഏറെ നാൾക്ക് ശേഷം പേസർ പ്രസിദ്ധ് കൃഷ്ണ ടെസ്റ്റ് ടീമിൽ തിരികെയെത്തി. മുകേഷ് കുമാർ, നവ്ദീപ് സെയ്നി, ഖലീൽ അഹ്മദ് എന്നിവർ ട്രാവലിങ് റിസർവ് ആണ്.
നവംബർ എട്ടിനാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം ആരംഭിക്കുക. നാല് ടി20 മത്സരങ്ങളടങ്ങിയ പരമ്പര നവംബർ 15ന് അവസാനിക്കും. നവംബർ 25നാണ് ബോർഡർ ഗവാസ്കർ ട്രോഫി ആരംഭിക്കുക. ഇത്തവണ ഓസ്ട്രേലിയയിൽ വച്ചാണ് പരമ്പര. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ജനുവരി ഏഴിന് അവസാനിക്കും.
നിലവിൽ ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ പരാജയത്തിലേക്ക് നീങ്ങുന്ന ഇന്ത്യക്ക് ബോർഡർ – ഗവാസ്കർ ട്രോഫി ഏറെ നിർണായകമാണ്. ഈ പരമ്പര കൂടി കൈവിട്ടാൽ ലോക ടെസ്റ്റ് ചാമ്പ്യഷിപ്പ് ഫൈനൽ സ്ഥാനം ഇന്ത്യക്ക് നഷ്ടമാവും.