IND vs AUS: ‘നെറ്റ്സിലെ പരിശീലനത്തിനിടെ ഉണ്ടായ പരിക്ക് ഗുരുതരമല്ല, നാലാം ടെസ്റ്റ് കളിക്കും’ ; രോഹിത് ശർമ്മ
Rohit Sharma Injury Update: രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആർ അശ്വിന് പകരം പുതുമുഖം തനുഷ് കൊട്ടിയനെ ടീമിൽ ഉൾപ്പെടുത്തിയതിനെ കുറിച്ചും രോഹിത് സംസാരിച്ചു.
മെൽബൺ: ബോർഡർ ഗവാസ്കർ ട്രോഫിയിൽ ബോക്സിംഗ് ഡേ ടെസ്റ്റിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്ക് പരിക്കേറ്റിരുന്നു. ശനിയാഴ്ച നെറ്റ്സിൽ പരിശീലിക്കുന്നതിനിടെ കാൽമുട്ടിന് പരിക്കേറ്റ രോഹിത് മെൽബണിൽ കളിക്കില്ലെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. കാൽമുട്ടിന് പരിക്കേറ്റ ഇന്ത്യൻ നായകൻ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീണ്ടും പരിശീലനത്തിനിറങ്ങിയെങ്കിലും മെൽബൺ ടെസ്റ്റിൽ കളിക്കുമോ എന്ന കാര്യത്തിൽ അവ്യക്തത തുടരുകയായിരുന്നു. ഇപ്പോൾ നെറ്റ്സിലെ പരിശീലനത്തിനിടെ തന്റെ കാൽമുട്ടിനേറ്റ പരിക്കിനെ കുറിച്ച് സംസാരിക്കുകയാണ് രോഹിത് ശർമ്മ.
മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിലാണ് മെൽബൺ ടെസ്റ്റിനെ കുറിച്ചുള്ള അപ്ഡേഷൻ താരം നൽകിയത്. ബോക്സിംഗ് ഡേ ടെസ്റ്റിൽ താൻ കളിക്കുമെന്നും കാൽമുട്ടിന് പ്രശ്‌നമൊന്നുമില്ലെന്നും താരം പറഞ്ഞു. എന്നാൽ ഏത് പൊസിഷനിലാകും കളിക്കുക എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കാൻ രോഹിത് തയ്യാറായില്ല. ഓപ്പണറായി ഇറങ്ങുന്നതിന് പകരം അഡ്ലെയ്ഡ് ടെസ്റ്റിലും ഗാബ ടെസ്റ്റിലും മധ്യനിരയിലാണ് താരം ഇറങ്ങിയത്. എന്നാൽ മധ്യനിരയിലും രോഹിത്തിന് തിളങ്ങാനായിരുന്നില്ല. മെൽബണിൽ ടീം ഇന്ത്യക്ക് പരിശീലിനത്തിന് ഒരുക്കിയ പിച്ചിനെ കുറിച്ചും രോഹിത് സംസാരിച്ചു. ”ഇന്ത്യൻ ടീമിന്റെ പരിശീലന ക്രമം രണ്ട് മാസങ്ങൾക്ക് മുമ്പ് മെൽബൺ ക്രിക്കറ്റ് അധികൃതർക്ക് നൽകിയെങ്കിലും ഉപയോഗിച്ച് പഴകിയ പിച്ചുകളാണ് ഞങ്ങൾക്ക് ലഭിച്ചതെന്നാണ് തോന്നുന്നത്. ഇത് പിച്ച് ക്യൂറേറ്റർമാർ ഉൾപ്പെടെയുള്ള അധികൃതരെ അറിയിച്ചിരുന്നു. രണ്ട് സെഷനുകളിലാണ് ഇന്ത്യൻ ടീം വേഗം കുറവുള്ള പിച്ചിൽ പരിശീലിച്ചത്.
രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആർ അശ്വിന് പകരം പുതുമുഖം തനുഷ് കൊട്ടിയനെ ടീമിൽ ഉൾപ്പെടുത്തിയതിനെ കുറിച്ചും രോഹിത് സംസാരിച്ചു. ഇന്ത്യൻ എ ടീമിന്റെ ഓസ്ട്രേലിയൻ പര്യടനത്തിൽ ടീമിനൊപ്പം തനുഷ് ഉണ്ടായിരുന്നു. അതിനാൽ വിസ പ്രശ്നങ്ങളില്ല. കുൽദീപ് യാദവിന് ഓസ്ട്രേലിയയിലേക്ക് വരാനുള്ള വിസ ഉണ്ടായിരുന്നില്ല. വെെകാതെ മെൽബണിൽ എത്താൻ സാധിക്കുന്ന താരത്തെ ആയിരുന്നു ടീമിന് ആവശ്യം. ഓസ്ട്രേലിയൻ എ ടീമിനെതിരെ തനുഷ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ആഭ്യന്തര ക്രിക്കറ്റിലും കഴിഞ്ഞ രണ്ട് വർഷമായി താരം മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകളിലും ടീം ഇന്ത്യ രണ്ട് സ്പിന്നർമാരെ ഉപയോഗിച്ച് കളിക്കേണ്ടി വരും. ഒരു ബാക്ക് അപ്പ് സ്പിന്നർ എന്ന നിലയിലാണ് തനുഷ് കൊട്ടിയനെ ടീമിൽ ഉൾപ്പെടുത്തിയത്.” രോഹിത് പറഞ്ഞു.
33 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ കളിച്ചിട്ടുള്ള തനുഷ് 41.21 ശരാശരിയിൽ 1525 റൺസും 25.70 ശരാശരിയിൽ 101 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. 2023-24 സീസണിൽ മുംബൈ രഞ്ജി ട്രോഫി കിരീടത്തിൽ മുത്തമിട്ടപ്പോൾ, പ്ലെയർ ഓഫ് ദ ടൂർണമെന്റിനുള്ള പുരസ്‌കാരം നേടിയത് തനുഷായിരുന്നു. ആ സീസണിൽ രഞ്ജിയടിൽ മുംബെെക്കായി 41.83 ശരാശരിയിൽ 502 റൺസും 16.96 ശരാശരിയിൽ 29 വിക്കറ്റുമാണ് കൊട്ടിയൻ പിഴുതെടുത്തത്.